യു.എ റസാഖ്
തിരൂരങ്ങാടി: ആര്‍.എസ്.എസ് അനാഥമാക്കിയ പുല്ലാണി ഫൈസലിന്റെ കുടുംബത്തിന് കൊടിഞ്ഞി മഹല്ല് കമ്മിറ്റി നല്‍കുന്ന വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. രണ്ട് നിലകളിലായി മൂന്ന് ബെഡ്‌റൂമും, ഓഫീസ് റൂം, കിച്ചണ്‍, ടൈനിംഗ് ഹാള്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായി വീടാണ് കുടുംബത്തിനായി മഹല്ല് കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. കൊടിഞ്ഞി മഹല്ല് സെക്രട്ടറിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന പരേതനായ കോമുക്കുട്ടി ഹാജിയുടെ ഭാര്യ നല്‍കിയ സ്ഥലത്താണ് വീട് നിര്‍മ്മിച്ചിട്ടുള്ളത്. കൊടിഞ്ഞിയിലെ എല്ലാ വിഭാഗം ജനങ്ങളും സഹകരിച്ചാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് മഹല്ല് അധികൃതര്‍ പറഞ്ഞു.
സ്വന്തമായൊരുവീടെന്ന സ്വപ്നവുമായി പ്രവാസ ലോകത്ത് ജോലി ചെയ്തിരുന്ന പുല്ലാണി അനില്‍കുമാര്‍ എന്ന ഫൈസല്‍ ലീവിന് നാട്ടിലെത്തി ഗള്‍ഫിലേക്ക് തന്നെ മടങ്ങാനിരിക്കെയാണ് ആര്‍.എസ്.എസ് കപാലികര്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. സ്വന്തമായി വീടായാല്‍ പ്രവാസം അവസാനിപ്പിക്കുമെന്ന് ഫൈസല്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അത് വരെയും ഫൈസലും കുടുംബവും വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ഫൈസലിന്റെ കുടുംബത്തിന് വീടൊരുങ്ങിയപ്പോള്‍ അദ്ധേഹം ഖബറിലാണ്. എങ്കിലും അനാഥകളായ മൂന്ന് പിഞ്ചുമക്കളും ഫൈസലിന്റെ പിതാവും മാതാവും ഇനി ഈ പുതിയ വീട്ടില്‍ അന്തിയുറങ്ങും.
ഫൈസല്‍ ഇസ്‌ലാം മതം സ്വീകരിച്ചു എന്ന കാരണത്താല്‍ ഈ കുടുംബത്തിലെ മറ്റു അംഗങ്ങളും ഇസ്‌ലാമിലേക്ക് പോകുമോ എന്ന ഭയപ്പാടായിരുന്നു കൊലപാതകത്തിന് കാരണമെന്ന് കൊലക്കേസില്‍ പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ കൊലപാതകത്തോടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇസ്‌ലാമിലേക്ക് മാറുന്നതിനാണ് നാട് സാക്ഷിയായത്. ഫൈസല്‍ കൊല്ലപ്പെട്ടതിന് ശേഷം അദ്ധേഹത്തിന്റെ വിശ്വാസം സ്വീകരിച്ചത് ഒന്‍പത് പേരാണ്. കൊല്ലപ്പെട്ട് രണ്ടാഴ്ച്ചകള്‍ക്കകം തന്നെ ഫൈസലിന്റെ മാതാവ് മീനാക്ഷി ജമീലയായി മാറി.
പിന്നീട് മൂത്ത സഹോദരി സുബിത, ഇവരുടെ ഭര്‍ത്താവ് മുരളി, മക്കളായ സൂര്യ, ആര്യ എന്നിവര്‍ യാഥാക്രമം ഫസ്‌ന, മുഹമ്മദ്, ഫാത്തിമ ഫര്‍സാന, ഫര്‍സിയ എന്നീ പേരുകള്‍ സ്വീകരിച്ചു. അവരോടപ്പം ചെറിയ സഹോദരിയായ കവിത, മക്കളായ വിപിന്‍ ലാല്‍, വിഷ്ണു ലാല്‍, വിവേക് ലാല്‍ എന്നിവര്‍ ഫഹ്‌ന, മുഹമ്മദ് ഫര്‍ഹാന്‍, ഫര്‍സില്‍, മുഹമ്മദ് ഫൈസല്‍ എന്നി പേരുകളും സ്വീകരിച്ചു. ഏറ്റവും ആവസാനം ഫൈസലിന്റെ അഛന്‍ കൃഷ്ണന്‍ നായര്‍ മുഹമ്മദ് മുസ്തഫയായതോടെ ഈ കുടുംബത്തിലെ എല്ലാ വരും ഇസ്‌ലാമിലേക്ക് മാറി. ഫൈസലിന്റെ ഭാര്യ പ്രിയ ജസ്‌നയായും, മക്കളായ ഫഹദ്, ഫായിസ്, ഫര്‍സാന എന്നിവര്‍ ഫൈസല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ദിവസം ഫൈസലിന്റെ മാര്‍ഗം സ്വീകരിച്ചവരായിരുന്നു. ഇത്തരത്തില്‍ പതിനാല് പേരാണ് ഫൈസലിന്റെ വിശ്വാസത്തിലേക്ക് ചേര്‍ന്നത്.
കൊലപ്പെടുത്തി വിശ്വാസത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച സംഘ് പരിവാര്‍ ശക്തികള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന പ്രതികാരം കൂടിയാണിതെന്നാണ് കുടുംബം പ്രതികരിക്കുന്നത്.
ഈ കുടുംബത്തിനായി നിര്‍മ്മാണം പൂര്‍ത്തിയായ വീട് 22ന് വൈകീട്ട് 4മണിക്ക് കൊടിഞ്ഞി മഹല്ല് ഖാസി പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ കുടുംബത്തിന് കൈമാറുമെന്ന് മഹല്ല് അധികൃതര്‍ ചന്ദ്രികയോട് പറഞ്ഞു.