X

കൊടിഞ്ഞി ഫൈസല്‍ വധം: വി.എച്ച്.പി താലൂക്ക് സെക്രട്ടറി അറസ്റ്റില്‍

തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വി.എച്ച്.പി നേതാവ് അറസ്റ്റില്‍. വിശ്വ ഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി കോട്ടാശ്ശേരി ജയകുമാറി(48) നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഫൈസലിനെ കൊലപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തിയതിനാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.കെ. ബാബു, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ജയകുമാര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

കേസിലെ എട്ടാം പ്രതിയായ ജയകുമാര്‍ പാലക്കാട്, നരിക്കുനി, പറളി എന്നീ സ്ഥലങ്ങളിലായി ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകീട്ട് ആറോടെ കോഴിക്കോട് ബൈപ്പാസില്‍നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നന്നമ്പ്ര വിദ്യാനികേതന്‍ സ്‌കൂളില്‍ 2016 ആഗസ്തില്‍ നടന്ന കൊലപാതക ഗൂഢാലോചന യോഗത്തില്‍ ഇയാള്‍ പങ്കെടുത്തിരുന്നു.
പ്രതിയെ ഇന്നലെ വൈകീട്ട് നാല് മണിയോടെ പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ഫെബ്രുവരി 13 വരെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് തിരൂര്‍ ജയിലിലേക്ക് മാറ്റി. ഇതോടെ ഫൈസല്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. തിരൂര്‍ തൃകണ്ടിയൂര്‍ സ്വദേശി മഠത്തില്‍ നാരായണനും തിരൂര്‍ പുല്ലാണി സ്വദേശി വിബിന്‍ ദാസുമാണ് ഇനി പിടിയിലാകാനുള്ളത്.

chandrika: