X

കൊടിഞ്ഞി ഫൈസല്‍ വധം: രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍; കൃത്യം നടത്തിയവരില്‍ ഒരാള്‍ പിടിയിലായതായി സൂചന

തിരൂരങ്ങാടി: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ ഫൈസല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയിലായതായി സൂചന. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു. കൃത്യം നടത്തിയ ഒരാളും ഗൂഢാലോചനയിലെ ഒരാളുമാണ് പിടിയിലായിരിക്കുന്നത്. തിരൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ നിര്‍ദേശ പ്രകാരം കൃത്യം നിര്‍വഹിച്ചവരിലൊരാളെന്ന് കരുതുന്ന വള്ളിക്കുന്നിലെ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് പിടിയിലായിരിക്കുന്നതെന്നാണ് സൂചന. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് വള്ളിക്കുന്നില്‍ വെച്ച് തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നുവെന്നാണ് വിവരം. അതോടൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റൊരാളും പിടിയിലായിട്ടുണ്ട്.

കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി പുല്ലാണി കൃഷ്ണന്‍ നായരുടെ മകന്‍ പുല്ലാണി ഫൈസല്‍ കഴിഞ്ഞ മാസം 19-നാണ് കൊല്ലപ്പെടുന്നത്. ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ ഗൂഢാലോചന നടത്തിയാണ് ഫൈസലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഗുഢാലോചനയില്‍ പങ്കെടുത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശി പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് ( 32), കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശിയുമായ ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ മഞ്ചേരി ജയിലിലാണ്.

കൃത്യം നിര്‍വഹിച്ചവരില്‍ ഒരാളെ പിടികൂടാനായത് കൊണ്ട് തന്നെ ബാക്കിയുള്ളവരെ കൂടി പെട്ടെന്ന് പിടികൂടാനാകുമെന്നാണ് സൂചന. എന്നാല്‍ യാസര്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട നാരായണനാണ് ഈ കൊലപാതകം നടത്തുന്നതിന് ആളെ ഏര്‍പ്പാടാക്കിയതെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തെ പിടി കൂടാന്‍ പൊലീസിന് ഇത് വരെ സാധിച്ചിട്ടില്ല.
അദ്ദേഹത്തിന്റെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തിരൂരിലുണ്ടെന്ന നിഗമനത്തെ തുടര്‍ന്ന് നിരവധി തവണ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായിട്ടില്ല. മൊബൈല്‍ തിരൂരില്‍ ആരുടെ കയ്യിലെങ്കിലും നല്‍കി ഇയാള്‍ നാട് വിട്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ പിടികൂടിയാലെ അന്വേഷണത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടാകൂ. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേ സമയം ഫൈസല്‍ വധ ഗുഢാലോചന കേസില്‍ ജയിലില്‍ കഴിയുന്നവരുടെ കൂടെ പങ്കെടുത്തവര്‍ ഇപ്പോഴും നാട്ടിലുണ്ടെന്ന് ജയിലിലുള്ളവരുടെ ബന്ധുക്കള്‍ പറയുന്നുണ്ട്. ഫൈസല്‍ കൊല്ലപ്പെട്ട് രണ്ടാഴ്ചയോളമായിട്ടും കേസില്‍ കൂടുതല്‍ വ്യക്തതയില്ലാത്തതില്‍ ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

chandrika: