X
    Categories: CultureNewsViews

പരോളിലിറങ്ങിയ ടി.പി വധക്കേസ് പ്രതി കൊടിസുനി ക്വട്ടേഷന്റെ പേരില്‍ അറസ്റ്റില്‍

കൂത്തുപ്പറമ്പ്: ടി.പി. വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയ പ്രതി കൊടിസുനി ക്വട്ടേഷന്റെ പേരില്‍ അറസ്റ്റില്‍. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. യുവാവിന്റെ കൈയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടമായതോടെ പണം തിരികെക്കിട്ടാന്‍ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മറ്റ് മൂന്ന് പേര്‍ കൂടി ഈ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്തിനായി കൊടിസുനിയും സംഘവും ഗള്‍ഫിലേക്കയച്ച റാഷിദ് എന്ന യുവാവ് ഡിസംബര്‍ എട്ടിന് തിരികെയെത്തി. രഹസ്യഭാഗത്ത് ഒളിപ്പിച്ച് എത്തിച്ച സ്വര്‍ണവുമായി കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്ക് ട്രെയിന്‍ യാത്രക്കിടെ 14 ലക്ഷം വില വരുന്ന സ്വര്‍ണ്ണം നഷ്ടമായി. ഈ പണം തിരികെക്കിട്ടാന്‍ യുവാവിനെയും സഹോദരനെയും ഭീഷണിപ്പെടുത്തുകയും യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്തുവെന്നാണ് കേസ്.

യുവാവിന്റെ സഹോദരനെ വയനാട്ടിലേക്ക് തട്ടിക്കൊണ്ടു പോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ക്രൂരമായി മര്‍ദിച്ചു. രക്ഷപ്പെടുത്തിയിട്ടും വീട്ടിലെത്തിയും ഭീഷണി തുടര്‍ന്നു. ഇവരുടെ ഉമ്മ നല്‍കിയ പരാതിയിലാണ് അന്വേഷണവും അറസ്റ്റും. കൊടിസുനി ഈ സമയം പരോളിലായിരുന്നുവെന്ന് പോലീസ് പറയുന്നു. സജീര്‍, സമീര്‍, പ്രകാശ് എന്നീ മൂന്നുപേര്‍ കൂടി പിടിയിലായി. കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: