കൊടകര കുഴല്‍പ്പണക്കേസില്‍ വിശദീകരണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കുഴല്‍പ്പണത്തിന്റെ ഉറവിടം അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പെന്ന് വിശദീകരിച്ച് ഇ.ഡി. അതേസമയം കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരായ തെളിവുകള്‍ പൊലീസ് നല്‍കിയിട്ടില്ലെന്നുമാണ് ഇഡിയുടെ വാദം.
കവര്‍ച്ച നടന്നതിന് ശേഷം ആരൊക്കെ പണം കൈപ്പറ്റി, എന്തിന് വേണ്ടി ഉപയോഗിച്ചു, കള്ളപ്പണമായി മാറ്റിയോ, സ്വത്തുക്കള്‍ വാങ്ങാന്‍ ഉപയോഗിച്ചോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നത്. ഈ അന്വേഷണത്തിലാണ് പ്രതികളുടെ പേരിലുള്ള 12.88 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടിയതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എന്നാല്‍ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നത് ഇ ഡിയുടെ പരിധിയില്‍ വരുന്നതല്ലെന്നും ആദായ നികുതി വകുപ്പാണ് അന്വേഷിക്കേണ്ടതെന്നും ഇ ഡി വ്യക്തമാക്കി. കവര്‍ച്ച നടന്നതിന് ശേഷം പണം കള്ളപ്പണമായി വെളുപ്പിച്ചോ എന്നതാണ് തങ്ങളുടെ പരിധിയില്‍ വരുന്നതെന്നും ഇ ഡി പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസില്‍ കഴിഞ്ഞദിവസമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന കുറ്റപത്രം കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് ഇഡി സമര്‍പ്പിച്ചത്. പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്നതിന് തെളിവില്ലെന്നാണ് കുറ്റപത്രത്തിലെ വാദം.
പണവുമായി ബിജെപിയെ ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായില്ലെന്നും ഒരു വ്യവസായ ആവശ്യത്തിനായി കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്ന പണമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. പൊലീസ് കണ്ടെത്തലുകളും അന്വേഷണ റിപ്പോര്‍ട്ടും പൂര്‍ണമായും തള്ളുന്ന കുറ്റപത്രത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും പറയുന്നു.
2021 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ്, കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കെത്തിച്ച മൂന്നരക്കോടി രൂപ കൊടകരയില്‍ വാഹനാപകടമുണ്ടാക്കി ഒരു സംഘം തട്ടിയെടുത്തത്. ഈ കേസില്‍ സ്ത്രീകളടക്കം 22 പേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് കോടിയോളം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു.
അതിനു ശേഷമാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവിനായി ബിജെപിക്ക് വേണ്ടിയാണ് ഈ പണമെത്തിയതെന്ന ആരോപണം ഉയര്‍ന്നത്. പിന്നാലെ, ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇഡി കൊച്ചി യൂണിറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇഡി പ്രാഥമികാന്വേഷണം പോലും നടത്തുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ധര്‍മരാജിന്റെ മൊഴിയാണ് നിര്‍ണായകമായി മാറിയതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ധര്‍മരാജ് തന്നെ ഉറവിടം സംബന്ധിച്ച മൊഴി നല്‍കിയിട്ടുണ്ട്. ബിസിനസിന് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് മൊഴില്‍ നിന്ന് വ്യക്തമാണെന്നും ഇ ഡി പറയുന്നു.