X

കൊടകര കുഴല്‍പ്പണം; തുടരന്വേഷണത്തിന് എട്ടംഗസംഘം

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് എട്ടംഗ സംഘത്തിന് അന്വേഷണ ചുമതല നല്‍കി. കൊച്ചി ഡിസിപി സുദര്‍ശന്‍ ഐപിഎസിനെയാണ് അന്വേഷണ സംഘത്തലവനായി നിയമിച്ചിട്ടുള്ളത്. തൃശ്ശൂര്‍ ഡിഐജി തോംസണ്‍ ജോസിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കൊടകര എസ് എച്ച് ഒ വലപ്പാട് എസ്‌ഐ ഉള്‍പ്പെടെയുള്ള എട്ടുപേരാണ് അന്വേഷണ സംഘത്തിലുള്ളത്.

പുതിയ അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത് ഡിജിപിയാണ്. ബിജെപിയുടെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി പുതിയ അന്വേഷണ സംഘത്തെ നിയമിച്ചിരിക്കുന്നത്. കൊടകര കുഴല്‍പ്പണക്കേസ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ അന്വേഷണ സംഘത്തെ കേസ് പുനരന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നേരത്തെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയും സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരൂര്‍ സതീഷന്റെ പുതിയ വെളിപ്പെടുത്തലിനു പിന്നാലെയാണ് തുടരന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. പുനരന്വേഷണത്തിനായി ഇരിങ്ങാലക്കുട കോടതിയില്‍ സര്‍ക്കാര്‍ അനുമതി തേടിയിയിരുന്നു. ഹര്‍ജിയില്‍ അനുമതി ലഭിച്ചാലുടന്‍ പുനരന്വേഷണ നടപടികള്‍ ആരംഭിക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കൊടകരയില്‍ പിടികൂടിയ മൂന്നരക്കോടി ബിജെപിയുടെ ഓഫീസില്‍ എത്തിച്ചാണ് കടത്തിയതെന്നായിരുന്നു തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നത്. ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നേരത്തെ വ്യാജ മൊഴി നല്‍കിയതെന്നും തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു.

 

webdesk17: