കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ തള്ളി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ബിജെപി ജില്ലാ ഓഫീസില്‍ എത്തിയ കുഴല്‍പ്പണം ആര്‍ക്കെല്ലാം നല്‍കിയെന്ന വിവരം ഇ ഡിക്ക് കൈമാറിയിരുന്നെന്ന് സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
സത്യങ്ങള്‍ പുറത്ത് വരണമെന്നും കേസിന്റെ നടത്തിപ്പിനായി ഏതറ്റം വരെയും പോകുമെന്നും തിരൂര്‍ സതീഷ് പ്രതികരിച്ചു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ മാറുന്നത് പാര്‍ട്ടിയുടെ സ്വാഭാവിക പ്രക്രിയയാണെന്നും അതുകൊണ്ട് കേസ് ഇല്ലാതാവുന്നില്ലെന്നും അദ്ദേഹം വ്യക്മാക്കി.
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ളതായിരുന്നു ഇഡിയുടെ കുറ്റപത്രം. തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളിക്കൊണ്ടാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. ആലപ്പുഴയിലുള്ള തിരുവതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ധര്‍മരാജ്, ഡ്രൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു. കേസില്‍ 23 പ്രതികളുള്ള കേസില്‍ കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.