കൊടകര കുഴല്‍പ്പണ കേസില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൃത്യമായ ആരോപണങ്ങള്‍ ഉണ്ടായിട്ടും രാഷ്ട്രീയ ആയുധമാക്കാന്‍ പിണറായിയും സിപിഎമ്മും തയ്യാറായില്ലെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. പോലീസ് ഇഡിക്ക് കത്തയച്ചിട്ട് മൂന്ന് വര്‍ഷമായെന്നും ഈ കാര്യം ഇഡിയും ഐടിയും മറച്ചുവെച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ബിജെപി നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ മൂടിവച്ചുവെന്നും പുനരന്വേഷണത്തിന്റെ പ്രസക്തി എന്താണെന്നും വിഡി സതീശന്‍ ചോദിച്ചു. അതേസമയം, സുരേഷ് ഗോപി പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ എത്തി ആറുമാസം കഴിഞ്ഞാണ് കേസെടുക്കാന്‍ തയ്യാറാവുന്നത്. മന്ത്രിമാരോട് ആ ഏരിയയിലേക്ക് വരാന്‍ പാടില്ല എന്ന് പറഞ്ഞിട്ടും വളരെ നാടകീയമായി സുരേഷ് ഗോപി എത്തുകയായിരുന്നു. ആരെയാണ് കബളിപ്പിക്കാന്‍ നോക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസില്‍ കേന്ദ്ര അന്വേഷണം നടത്താന്‍ സംസ്ഥാനം സമ്മര്‍ദ്ദം ചെലുത്തിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. പാലക്കാട് മൂന്നാം സ്ഥാനത്ത് എത്തും എന്ന് അറിഞ്ഞിട്ടും സിപിഎം പണം കൊടുത്ത് ആളെക്കൂട്ടുന്നു. ബിജെപിയെ സഹായിക്കാനാണ്്സി പി എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരായ സുരേഷ് ഗോപിയുടെ പരാമര്‍ശം കേന്ദ്രമന്ത്രി ഒരുതരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കാണെന്നും വിഡി സതീശന്‍ പറഞ്ഞു.