കൊടകര കുഴല്‍പണ കേസില്‍ നിരവധി നിഗൂഢതകളുണ്ടെന്നും അവ പുറത്തുവരണമെന്നും ഹൈക്കോടതി. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി പരാമര്‍ശം. സത്യം പുറത്തുവരണം. ജസ്റ്റിസ് കെ ഹരിപാലിന്റെ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്. പണത്തിന്റെ ഉറവിടവും ലക്ഷ്യവും വ്യക്തമല്ല. പ്രധാന പ്രതികള്‍ ഇപ്പോഴും പുറത്താണെന്നും കോടതി ചൂണ്ടിക്കാട്ടി.
കുഴല്‍പ്പണത്തിന്റെ ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നു. കൊടകരക്കേസ് ഒരു കവര്‍ച്ചാക്കേസ് മാത്രമായി കാണിച്ച് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങവേ ആണ് പ്രതികളുടെ ജാമ്യ ഉത്തരവില്‍ ഇത്ര നിര്‍ണായകമായ നിരീക്ഷണങ്ങള്‍ നടത്തുന്നതെന്നതാണ് പ്രധാനം.
പരാതിയില്‍ പറയുന്നത് 25 ലക്ഷം രൂപ കവര്‍ന്നെന്നാണ്. പൊലീസ് കണ്ടെത്തിയത് 3.5 കോടിയെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളല്ലെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ആകെ 22 പ്രതികളാണുള്ളത്.