X

കുരുക്ക് മുറുകുന്നു: ബി.ജെ.പി ഉന്നതര്‍ അകത്താവും

കൊടകര കുഴല്‍പ്പണ കേസില്‍ സംസ്ഥാന പ്രസിഡണ്ട് ഉള്‍പ്പെടെ ബി.ജി.പി യിലെ ഉന്നതര്‍ക്കെതിരെ കുരുക്ക് മുറുകുന്നു. തെളിവുകളെല്ലാം പാര്‍ട്ടിക്കെതിരാണ്. സികെ ജാനുവിനെ എന്‍ഡിഎയില്‍ എത്തിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പത്ത് ലക്ഷം നല്‍കിയതിന് തെളിവായി പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികതയില്‍ സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് പരിശോധിക്കാന്‍ വെല്ലുവിളിച്ച് പ്രസീത അഴീക്കോട്.
സിസിടിവി പരിശോധിക്കാന്‍ തയ്യാറെന്ന് സികെ ജാനുവും പ്രതികരിച്ചു. സികെ ജാനുവിന് കെ സുരേന്ദ്രന്‍ പണം കൈമാറിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് തെളിവ് പുറത്ത് വിടാന്‍ വെല്ലുവിളിച്ച് ജാനു രംഗത്തെത്തിയത്. ശാസ്ത്രീയമായി പരിശോധിച്ച് ശബ്ദരേഖയുടെ ആധികാരികത തെളിയിക്കാമെന്നാണ് പ്രസീത അഴീക്കോട് വ്യക്തമാക്കിയത്. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് സുരേന്ദ്രന്‍ പണം കൈമാറിയതെന്നും പ്രസീത സൂചിപ്പിച്ചു. ഇന്നത്തെ കാലത്ത് ഓഡിയോ റെക്കോര്‍ഡ് ചെയ്ത് ആവശ്യമില്ലാത്തത് കട്ട് ചെയ്യാനും ആവശ്യമുള്ളത് ചേര്‍ക്കാനും ബുദ്ധിമുട്ടില്ലെന്നാണ് സുരേന്ദ്രന്‍ കോഴിക്കോട്ട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് പ്രസീതയുടെ പ്രതികരണം. ബിജെപിയെ ആക്ഷേപിച്ചോളൂ എന്നാല്‍ സികെ ജാനുവിനെ ആക്ഷേപിക്കരുതെന്ന വാദം ഉയര്‍ത്തിയ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ആരോപണം നിഷേധിച്ചു.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് കെ സുരേന്ദ്രന്‍. അദ്ദേഹത്തിനെതിരെ കള്ളപ്രചരണമാണ് നടത്തുന്നതെങ്കില്‍ കേസ് കൊടുക്കണം. ശബ്ദരേഖ പരിശോധിക്കണം. ശാസ്ത്രീയ പരിശോധന നടത്തി സത്യം കണ്ടെത്തണം. ഒരു എഡിറ്റിംഗും ഓഡിയോയില്‍ നടത്തിയിട്ടില്ല. സികെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രനും കേസ് കൊടുക്കണം. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും പ്രസീത കണ്ണൂരില്‍ പറഞ്ഞു. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് പണം കൈമാറിയത്. കെ സുരേന്ദ്രന്‍ നേരിട്ട് വന്നിരുന്നു. പ്രവര്‍ത്തകരെ പുറത്ത് നിര്‍ത്തിയാണ് കൈമാറ്റം നടന്നത്. പണം കൊടുക്കുന്നതിന് മുമ്പും കെ സുരേന്ദ്രന്‍ ആശയവിനിമയം നടത്തിയിരുന്നു.
പണം കിട്ടിയെന്നാണ് സികെ ജാനുവും പറഞ്ഞത്. മാര്‍ച്ച് ഏഴിന് രാവിലെയും വൈകിട്ടും ജാനു താമസിക്കുന്ന ഹോട്ടലില്‍ സുരേന്ദ്രന്‍ എത്തിയിരുന്നു. വയനാട്ടില്‍ സികെ ജാനു നടത്തിയ ഇടപാടുകള്‍ പരിശോധിച്ചാല്‍ പണം ചെലവഴിച്ച കാര്യം ബോധ്യപ്പെടുമെന്നും പ്രസീത അഴീക്കോട് പറഞ്ഞു.

ഇതിനിടെ കെ സുരേന്ദ്രനെതിരെ ആരോപണമുന്നയിച്ച് ജെആര്‍പി മുന്‍ സംസ്ഥാന സെക്രട്ടറി ബിസി ബാബുവും രംഗത്തെത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സികെ ജാനുവിന് 40 ലക്ഷം രൂപ കെ സുരേന്ദ്രന്‍ കൈമാറിയെന്നാണ് ആരോപണം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് ഒരു പണ കൈമാറ്റവും നടന്നിട്ടില്ലെന്നാണ് സികെ ജാനു പറയുന്നത്.

Test User: