X

മലബാറിന് ആശ്വാസമായി പുതിയ ട്രെയിന്‍ വരുന്നു

കോഴിക്കോട്: മലബാറിലേക്കുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ ട്രെയിന്‍ വരുന്നു. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് മെയ് രണ്ടാംപകുതിയോടെ ഓടിതുടങ്ങും. അത്യാധുനിക സംവിധാനത്തോടുകൂടിയ പുതിയ 21 കോച്ചുകള്‍ ഇതിനകം കൊച്ചുവേളിയിലെത്തി. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.30ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന വണ്ടി വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തക്കും തിരിക്കും.

ജനറല്‍ കോച്ചുകള്‍ മാത്രമുള്ള ട്രെയിനാണ് അന്ത്യോദയ എക്‌സ്പ്രസെന്നതാണ് പ്രധാന പ്രത്യേകത. എ.സി, റിസര്‍വേഷന്‍ കോച്ചുകളില്ല. യാത്രക്കാര്‍ക്ക് ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാനാകുമെന്നതാണ് പ്രത്യേകത. ടിക്കറ്റ് റിസര്‍വ് ചെയ്യാതെ പെട്ടെന്നുള്ള യാത്രപുറപ്പെടുന്നവര്‍ക്ക് കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് ഏറെ ഉപകാരപ്രദമാകും. അതേസമയം, ജനറല്‍ കംപാര്‍ട്ട്‌മെന്റായതിനാല്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ജര്‍മ്മന്‍ സാങ്കേതികവിദ്യയിലുള്ള അത്യാധുനിക എല്‍എച്ച്ബി കോച്ചുകളാണ് അന്ത്യോദയക്കായി ഒരുക്കിയിട്ടുള്ളത്. ആന്റി ടെലസ്‌കോപിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ട്രെയിന്‍ അപകടത്തില്‍പെട്ടാലും പരസ്പരം ഇടിച്ച് കയറാത്തവിധം കോച്ചുകള്‍ സുരക്ഷിതമാണ്. സ്‌റ്റെയിന്‍ലെസ് സ്റ്റീലിലാണ് നിര്‍മാണം. ബയോ ടോയ്‌ലറ്റുകളാണ് ട്രെയിനിലുള്ളത്. വൈകിട്ട് 6.45നുള്ള മലബാര്‍, 7.15നുള്ള മാവേലി, 8.40നുള്ള മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകള്‍ കഴിഞ്ഞാല്‍ നിലവില്‍ വടക്കന്‍ ജില്ലകളിലേക്ക് ട്രെയിനുകളില്ല. ഈ അവസ്ഥക്ക് ഇതോടെ പരിഹാരമാകും. മാവേലിക്ക് ശേഷമായിരിക്കും ട്രെയിന്‍ സര്‍വ്വീസ് നടത്തുക. കര്‍ണാടയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ മെയ് 12ന് ശേഷമായിരിക്കും അന്ത്യോദയ എക്‌സ്പ്രസ് ഓടിതുടങ്ങുക.

chandrika: