കൊച്ചി ലുലു മാളിൽ എത്തുന്ന ഉപഭോക്താക്കളിൽ നിന്ന് പാർക്കിങ്ങ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് കേരള ഹൈക്കോടതി.ബിൽഡിങ്ങ് റൂൾ പ്രകാരമുള്ള വിപുലമായ പാർക്കിങ്ങ് സ്ഥലമാണ് ലുലു മാളിലുള്ളത്. ഇതേ ബിൽഡിങ്ങിലെത്തുന്നവരുടെ വാഹന പാർക്കിങ്ങിനായി ഫീസ് ഈടാക്കുന്നത് നിയമപരമെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി.
ഇടപ്പള്ളി ലുലു മാളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയതിനെതിരെ കളമശേരി സ്വദേശി ബോസ്കോ ലൂയിസ്, തൃശൂർ സ്വദേശി പോളി വടക്കൻ എന്നിവർ നൽകിയ ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതി സിംഗിള് ബെഞ്ചിന്റെ വിധി.ലുലുമാളിൽ പാർക്കിംഗ് സൗകര്യം നൽകേണ്ടത് ലുലുവിന്റെ നിയമപരമായ ബാധ്യതയാണെന്നും ഫീസ് പിരിക്കാനാകില്ലെന്നുമുള്ള ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. മറ്റൊരാളുടെ സ്ഥലം അനുമതിയില്ലാതെയും ഫീസ് നൽകാതെയും ഉപയോഗിക്കുക എന്നത് ആരുടേയും മൗലികാവകാശം അല്ലെന്ന് നഗർ പഞ്ചായത്ത് കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയതാണെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ചൂണ്ടികാട്ടി.