X

കൊച്ചിയില്‍ അവസാന ബ്രസീല്‍പൂരം

14 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അണ്ടര്‍-17 ലോകകപ്പില്‍ ബ്രസീല്‍ അവസാനമായി മുത്തമിട്ടത്, കിരീടം വീണ്ടുമുയര്‍ത്താന്‍ കാനറി കൗമാരങ്ങള്‍ക്ക് ഇതിലും വലിയ അവസരം ഇനി കിട്ടാനില്ല. കപ്പിലേക്ക് ഒരു ചുവട് കൂടി അടുക്കാന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബ്രസീല്‍ ഇന്നിറങ്ങും. ഹോണ്ടുറാസാണ് എതിരാളികള്‍. കൊച്ചിക്കാര്‍ക്ക് മുന്നില്‍ ബ്രസീലുകാരുടെ അന്തിമപൂരം. കലൂര്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് കിക്കോഫ്. മികച്ച ഫോമിലാണ് ബ്രസീല്‍. സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന്റെ അഭാവത്തില്‍ ഇന്ത്യയിലേക്കെത്തിയ ടീമിന് ഇതുവരെ ആ നഷ്ടമറിഞ്ഞിട്ടില്ല. വിനീഷ്യസിന് പകരം ഒരുപാട് വിനീഷ്യസുമാര്‍ ടീമിലുണ്ടാവുമെന്ന് ലോകകപ്പിന് മുമ്പ് കോച്ച് കാര്‍ലോസ് അമദ്യു പറഞ്ഞ വാക്കുകള്‍ താരങ്ങള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ആദ്യ ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും മികവോടെ ജയിച്ചു കയറി. ആദ്യ പ്രഹരമേറ്റത് സ്പാനിഷ് പടക്കായിരുന്നു (2-1). പിന്നീട് നൈജറും (2-0), ഉത്തര കൊറിയയും (2-0) ബ്രസീലിന്റെ കരുത്തറിഞ്ഞു. മൂന്നാം സ്ഥാനക്കാരിലെ മികവുമായെത്തുന്ന ഹോണ്ടുറാസിനെ തോല്‍പ്പിക്കാന്‍ ബ്രസീലിന് നിലവിലെ പ്രകടനം തന്നെ ധാരാളം. ക്വാര്‍ട്ടറിലെത്തിയാല്‍ ബ്രസീലിനെ കാത്തിരിക്കുന്നത് ചിരവൈരികളായ ജര്‍മ്മനി.
കളം നിറഞ്ഞ് കളിക്കുകയാണ് ലിങ്കണും പൗളീന്യോയും . ലിങ്കണ്‍ മൂന്നു ഗോളുകള്‍ നേടി, പൗളീന്യോ രണ്ടും. ബ്രന്നറും ഇവര്‍ക്കൊപ്പം മികവു കാട്ടുന്നു. മൂവരും അവസരങ്ങള്‍ പാഴാക്കുന്നില്ല. മധ്യനിരയില്‍ അലന്‍ ഡിസോസയും മാര്‍കോസ് അന്റോണിയോയും സുന്ദരമായി കളി മെനയുന്നു. ബ്രസീലിന്റെ കളിയെ കൂടുതല്‍ മനോഹരമാക്കുന്നതും അലന്‍-പൗളീന്യോ സഖ്യം തന്നെ. ഒരു ഗോള്‍ മാത്രമാണ് ടീം ഇതുവരെ വഴങ്ങിയത്. നായകന്‍ വിറ്റാവോയുടെ നേതൃത്തില്‍ കെട്ടുറപ്പുള്ളതാണ് പ്രതിരോധം. എതിരാളികളുടെ 13 ഗോള്‍ ശ്രമങ്ങളെ തട്ടിയകറ്റിയ ഗോളി ഗബ്രിയേല്‍ ബ്രസോവയുടെ പ്രകടനവും ശ്രദ്ധേയം. പന്തിന്‍ മേല്‍ പൂര്‍ണ നിയന്ത്രണം നേടി കളിക്കാനാണ് താരങ്ങള്‍ അമദ്യുവിന്റെ നിര്‍ദ്ദേശം. കളിവേഗതയുണ്ടെങ്കിലും കൂടുതല്‍ ഗോളടിക്കാന്‍ കഴിയാത്തതിന്റെ പോരായ്മ തീര്‍ക്കാനുള്ള അവസരമായും ഇന്നത്തെ മത്സരത്തെ ബ്രസീല്‍ കണ്ടേക്കാം. കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ കടമ്പ കടന്നിരുന്നു. 2003ലാണ് കാനറികള്‍ അവസാനമായി ലോകകപ്പ് ജയിച്ചത്. ദുര്‍ബലരാണെങ്കിലും അങ്ങനെ തള്ളികളയാനാവില്ല ഹോണ്ടുറാസിനെ. 2007 ലോകകപ്പില്‍ അരങ്ങേറിയ ഹോണ്ടുറാസിന്റെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പാണിത്. 2013 യു.എ.ഇ ലോകകപ്പില്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു. ഇതേ ചാമ്പ്യന്‍ഷിപ്പില്‍ ഒരേ ഗ്രൂപ്പിലായിരുന്നു ബ്രസീലും ഹോണ്ടുറാസും. ബ്രസീല്‍ മൂന്നു ഗോളുകള്‍ക്ക് ജയിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴു ഗോളുകള്‍ എതിര്‍വലയില്‍ നിക്ഷേപിച്ചെങ്കിലും ഗോള്‍ തിരിച്ചു വാങ്ങുന്നതിലും ഒട്ടു പിശുക്കരല്ല.

chandrika: