X

കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം വിവാദത്തിലേക്ക്; തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനം കൊച്ചിയോടുള്ള കടുത്ത അവഗണന

കൊച്ചി: കൊച്ചിയുടെ സ്വപ്‌ന പദ്ധതിയായ വാട്ടര്‍ മെട്രോ പദ്ധതി തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊച്ചി ജനതയോടുള്ള കടുത്ത അവഗണനയാണെന്ന് ഇവിടെ നിന്നുള്ള എംപിമാരടക്കമുള്ള ജനപ്രതിനിധികള്‍ തുറന്നടിച്ചിരിക്കയാണ്. മെട്രോക്ക് അനുബന്ധമായി വാട്ടര്‍ മെട്രൊ കൂടിയുള്ള രാജ്യത്തെ ആദ്യ നഗരമാകാനുള്ള കൊച്ചിയുടെ കാത്തിരിപ്പിനാണ് തുടക്കം തന്നെ കല്ലുകടിയായി മാറുന്നത്.

കൊച്ചിയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യം അര്‍ഹിക്കുന്ന പദ്ധതിയാണ് വാട്ടര്‍ മെട്രോ . ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നത്.ജര്‍മ്മന്‍ ഫണ്ടിങ് ഏജന്‍സിയുടെസഹായത്തോടെ 1064 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയിലെ ദ്വീപ് സമൂഹങ്ങളെ അതിവേഗത്തില്‍ ഒന്നിപ്പിക്കുന്ന പദ്ധതി കൊച്ചിയുടെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാവും. ദ്വീപ സമൂഹങ്ങള്‍ക്ക് പദ്ധതി ഏറെ പ്രയോജനകരമാകുകയും ചെയ്യും.പ്രധാനമന്ത്രിയുടെ സമയം ലഭിക്കാനാണ് വാട്ടര്‍ മെട്രോ ഉദ്ഘാടനം ഇത്രയേറെ വൈകിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.24 ന് കൊച്ചിയില്‍ യുവതയുമായി സംവദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി, കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് പോയി കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്യുന്നത് കൊച്ചിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഹൈബി ഈഡന്‍ എം പി കുറ്റപ്പെടുത്തി. ഇത്തരത്തില്‍ പരിപാടി ചാര്‍ട്ട് ചെയ്തതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെ ദുരൂഹത വ്യക്തമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറവണം. മോദി പിണറായി കൂട്ടുകെട്ട് കൊച്ചി വാട്ടര്‍ മെട്രോയെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണോ ഇതിന് പിന്നില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. താനടക്കമുള്ള ജനപ്രതിനിധികള്‍ക്ക് ഇത് സംബന്ധിച്ച അറിവ് പത്ര മാധ്യമങ്ങളിലൂടെയുള്ളത് മാത്രമാണ്.ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും നഗര വികസന മന്ത്രാലയത്തിനെയും പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും എം പി പറഞ്ഞു.വന്ദേഭാരത് ട്രെയിനിനൊപ്പം കൊച്ചി വാട്ടര്‍ മെട്രോയും ഈ മാസം 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് ഇപ്പോഴുള്ള അറിയിപ്പ്്്. കൊച്ചി മെട്രോയുടെ ഭാഗമായുള്ള കൊച്ചി വാട്ടര്‍ മെട്രോയുടെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഉദ്ഘാടനത്തിന് സജ്ജമാക്കിരിക്കുന്നത്. ഹൈക്കോടതി മുതല്‍ വൈപ്പിന്‍ വരെയും വൈറ്റില മുതല്‍ കാക്കനാട് വരെയും രണ്ട് സര്‍വീസുകളാണ് ഇതിന്റെ ഭാഗമായി തീരുമാനിച്ചിരിക്കുന്നത്. ഈ സര്‍വീസുകളുടെ ഉദ്ഘാടനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

webdesk11: