X

ബ്രഹ്മപുരം മാലിന്യ തീപിടുത്തവും കേരളത്തിലെ അശാസ്ത്രീയമാലിന്യ സംസ്‌കരണവും

ശംസുദ്ദീന്‍ വാത്യേടത്ത്

ഭൂമിയില്‍ നരകം സൃഷ്ടിച്ച് ആളികത്തിയ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റാണ് എല്ലായിടത്തുമുള്ള ചര്‍ച്ച. നഗരത്തിലെ പ്ലാസ്റ്റിക്ക് അടങ്ങുന്ന മാലിന്യം കത്തി ചാമ്പലായപ്പോള്‍ എറണാകുളത്ത് ഉണ്ടായ പാരിസ്ഥിതിക പ്രശ്‌നം വളരെ സങ്കീര്‍ണ്ണം ആയെങ്കിലും ആരോപണ പ്രത്യാരോപണത്തിനപ്പുറം കേരളത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുന്ന ഒന്നാണ് കേരളത്തിലെ മാലിന്യ സംസ്‌കരണത്തിന്ന് പിന്നിലുള്ളതെന്ന സത്യം ആരും പറയുന്നില്ല. 110 ഏക്കര്‍ വരുന്ന സ്ഥലത്താണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ചീഞ്ഞളിഞ്ഞ നഗര മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന അസഹനീയമായ നാറ്റത്തിന്റെ പേരില്‍ പരിസരവാസികള്‍ ഉണ്ടാക്കുന്ന ഒച്ചപ്പാടല്ലാതെ സംസ്‌കരണ പ്ലാന്റ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുക വഴി ചിലരുണ്ടാക്കിയ നേട്ടങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. കച്ചറയല്ലേ, മാലിന്യ മല്ലേ എന്നൊക്കെ ചെറുതായി കാണുന്ന സമൂഹത്തിന്റെ കാഴ്ചപാട് ശരിക്കും മുതലെടുക്കുകയാണ് ഒരു വിഭാഗം. എറണാകുളം ബ്രഹ്മപുരത്തെ ആഴ്ചകളോളം നീണ്ട തീപിടുത്തം കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തി ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തി ഉത്തരവായപ്പോള്‍ തീ അണക്കുന്നതില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും പൂര്‍ണ പരാചയമാണെന്നും വിധിയില്‍ കൂട്ടി ചേര്‍ത്തു. മഹാഭൂരിഭാഗം മാലിന്യവും കുഴിച്ച് മൂടി ഭൂമിയെ അപകടപ്പെടുത്തി കൊണ്ടിരിക്കുന്ന കേരളത്തിലെ നഗര മാലിന്യ സംസ്‌കരണത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ എന്താണെന്ന് പോലും സമൂഹത്തിന്ന് അന്യമാണ്.

തിരുവനന്തപുരം – വിളപ്പില്‍ശാല, ആറ്റിങ്ങല്‍, കൊല്ലം, കോട്ടയം -വടവാതൂര്‍, മുവാറ്റുപുഴ, കൊടുങ്ങല്ലൂര്‍, തൃശൂര്‍ – ലാലൂര്‍, പാലക്കാട്, കോഴിക്കോട് – ഞെളിയം പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ബ്രഹ്മപുരത്തിനൊപ്പം പരിശോധിക്കപ്പെടേണ്ടത് നിര്‍ബന്ധമാണ്. ഈ സംസ്‌കരണ സംവിധാനം ഒരുക്കിയതിന്ന് ചുക്കാന്‍ പിടിച്ചത് കേരള ശുചിത്വ മിഷ്യന്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുമ്പോള്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഐ.ആര്‍.ടി.സി എന്ന സ്ഥാപനവും മുന്‍ മന്ത്രി ഡോ.തോമസ് ഐസക്കും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആര്‍.വി ജി മേനോനും ലോക ബാങ്കുമെല്ലാം ഇതിലെ സൂത്രധാര കഥാപാത്രങ്ങളായി വരും. സി.പി.എമ്മിന്റെ ഇപ്പോഴത്തെ പോക്കിനെ കുറിച്ച് പ്രൊഫ.എം.എന്‍ വിജയന്‍ മാഷിന്റെ ആരോപണങ്ങളും ചര്‍ച്ചയാവും.
നഗര മാലിന്യത്തിലെ പ്ലാസ്റ്റിക്ക് ശേഖരിക്കുന്നത് മുന്‍സിപ്പല്‍ ആക്ട് 330 പ്രകാരം പണം വാങ്ങാന്‍ പാടില്ല കാരണം മാലിന്യം നരസഭയുടെ സ്വത്താണ്.

ഇന്ന് പ്ലാസ്റ്റിക്ക് ശേഖരണ ഇനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കേരളത്തില്‍ എല്ലായിടത്തും ജനത്തില്‍ നിന്നും പണം വാങ്ങി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ കടമ്മ മറച്ച് വെക്കുന്നു. രാസവസ്തുക്കളുടേയും കൃത്രിമ ബാക്ടീരിയകളുടെയും സഹായമില്ലാതെ നൂറ് ശതമാനവും പ്രകൃതി ദത്തമായ രീതിയില്‍ ജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരി ക്കാനെ പാടുള്ളു എന്നതാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകരിച്ചിട്ടുള്ള മാലിന്യ സംസ്‌കരണ രീതി. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ ഐ.എസ് 9569 – 1980 ലെ നിബന്ധനകള്‍ പാലിച്ചിരിക്കണം എന്നാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് 2000 നവമ്പര്‍ 3-ാം തിയ്യതി പ്രസിദ്ധീകരിച്ച അസാധാരണ ഗസറ്റില്‍ പറഞ്ഞിരുന്നത്. 1980 വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്ല വരുമാനം കമ്പോസ്റ്റ് വഴി ഉണ്ടായിരുന്നു. കേരളത്തിലെ പല നഗരസഭകള്‍ക്കും കമ്പോസ്റ്റ് കൃഷിക്കാര്‍ക്ക് വില്‍ക്കുന്നതിന് വേണ്ടി ഒരു കമ്പോസ്റ്റ് ഓഫീസര്‍ തന്നെ ഉണ്ടായിരുന്നു. 1983 കളില്‍ തുടങ്ങിയ പ്ലാസ്റ്റിക്ക്, 1990 മുതല്‍ പ്ലാസ്റ്റിക്ക് വ്യാപകമായി നഗര ജൈവ മാലിന്യത്തോടൊപ്പം പ്ലാസ്റ്റിക്ക് വന്‍തോതില്‍ കൂടി. ഇതോടെ നഗരമാലിന്യങ്ങളില്‍ പ്ലാസ്റ്റിക്ക് വ്യാപകമായി. അതോടെ കര്‍ഷകര്‍ നഗര സഭയുടെ കബോസ്റ്റ് വാങ്ങാതായി. ഇതോടെയാണ് മാലിന്യ സംസ്‌കരണം കീറാമുട്ടിയായി മാറിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 28 ശതമാനം മാലിന്യ സംസ്‌കരണത്തിനായി ഉപയോഗിക്കുന്നുണ്ട്, എങ്കിലും കേരളത്തിലെ നഗര മാലിന്യ സംസ്‌കരണം വന്‍ പരാചയമാണ്. ഓരോ വര്‍ഷവും മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ മുടക്കുന്ന കോടികള്‍ ഇന്‍സ്‌പെക്ഷനബിള്‍ ഓഡിറ്റിംങ്ങ് ഇല്ലാത്തതിനാല്‍ തുക എവിടെ പോയെന്നും ഒരു കണക്കും ഇല്ല. മാലിന്യം 45 ദിവസം കൊണ്ട് കമ്പോസ്റ്റാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മാലിന്യ ഭോജിയായ ‘ ഡെലോകോ ക്കോയിഡ്‌സ് എത്തനോജിന്‍സ് ട്രയിന്‍ 195’ എന്ന് പേരിട്ടിട്ടുള്ള ബാക്ടീരിയയെയാണ് നഗര മാലിന്യം പ്ലാന്റില്‍ ലോറിയില്‍ നിന്നും ഇറക്കുമ്പോള്‍ ഈ ബാക്ടീരിയകളുടെ കന്‍സോര്‍ഷ്യത്തില്‍ വെള്ളം ചേര്‍ത്ത് മാലിന്യത്തിന് മീതെ തെളിയിക്കുകയും 45 ദിവസത്തിനിടെ പല പ്രാവശ്യം ഇത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഇത് കൊണ്ടാണ് പ്രകൃതി തത്വമായി 6 മാസം മുതല്‍ 1 വര്‍ഷം വരെ സമയം എടുത്ത് വ്യാപകമായി കമ്പോസ്റ്റ് ഉണ്ടാകുന്നതിന് പകരം 45 ദിവസം കൊണ്ട് കമ്പോസ്റ്റ് ഉണ്ടാകുന്നത്. ഇത് നിയമങ്ങള്‍ക്ക് വിരുദ്ധമാണ് കേരളത്തിലെ മിക്കവാറും മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നതും ഇത്തരത്തില്‍ നിയമ വിരുദ്ധമാണെന്ന് കണ്ടത്താന്‍ കഴിയും.

കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി ഇത്തരത്തില്‍ അശാസ്ത്രീയമായി മാലിന്യ സംസ്‌കരണ പ്ലാന്റ് നടത്താന്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ള കൈകടത്തലിന്റെ പിന്നില്‍ നേട്ടം സി.പി.എമ്മിന്ന് തന്നെയാണെന്ന് തര്‍ക്കമില്ല. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ 2009 ല്‍ കൊടുങ്ങല്ലൂര്‍ സണ്‍ ടെക്ക് ഇന്‍ന്റസ്ട്രിയല്‍ സ്റ്റീല്‍ കമ്പനി തികച്ചും മാതൃകാപരമായിരുന്നു. വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റിയുടെ ഫണ്ടമെന്റല്‍സ് ഓഫ് കമ്പോസ്റ്റ്, ജോസഫ് ജെഗ്ഗിന്റെ ഹാന്‍ ബുക്ക് ഓഫ് ഹുമനെയര്‍ ഓഫ് കമ്പോസ്റ്റ്, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ബോര്‍ഡ് 9569 എന്നീ ആധികാരിക ഗ്രന്ഥങ്ങളിലെ സംസ്‌കരണ രീതികള്‍ അടിസ്ഥാനമാക്കി 1997ല്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കെ.ബി ജോയ് വികസിപ്പിചെടുത്ത പ്ലാന്റാണ് കൊടുങ്ങല്ലൂരില്‍ മാതൃകാ പരമായി പ്രവര്‍ത്തിച്ചത്.

ഈ പ്ലാന്റ് ആന്ധ്രപ്രദേശ് ടെക്‌നോളജി ഡെവലപ്പ്‌മെന്റ് ആന്‍ഡ് പ്രോമോഷന്‍ സെന്റര്‍ ഡയറക്ടര്‍ എസ്. ജോതി കുമാര്‍, സുപ്രീം കോടതി മാലിന്യ സംസ്‌കരണമോണിറ്ററി കമ്മിറ്റി അംഗം ഡോ.എസ്.ആര്‍ മാലെ, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ.കെ ജി രാധാകൃഷ്ണന്‍ തുടങ്ങിയ വിദഗ്ധ സംഘം 2012 ജൂണ്‍ 30 ന് കൊടുങ്ങല്ലൂര്‍ സണ്‍ടെക് പ്ലാന്റ് സന്ദര്‍ശിക്കുകയും അന്ന് 3 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന ഈ പ്ലാന്റാണ് നാടിന്ന് ആവശ്യമെന്ന് സംഘം പറയുകയുണ്ടായി. പ്ലാസ്റ്റിക്ക് വേര്‍തിരിക്കുന്ന ഇന്ത്യയിലെ ഏക സംവിധാനം ഇവിടെയുള്ള ഈ പ്ലാന്റാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

99.5 ശതമാനം പ്ലാസ്റ്റിക്ക് രഹിത ജൈവ വളമാണ് മാലിന്യത്തില്‍ നിന്നും ഇവിടെ ഉല്‍പാദിപ്പിക്കുന്നത് ഈച്ച, കൊതുക്, ദുര്‍ഗന്ധം എന്നിവ ഇല്ലാതെ തികച്ചും ശാസ്ത്രീയമായാണ് ഈ പ്ലാന്റിന്റെ പ്രവര്‍ത്തനം എന്ന് ഈ സംഘം സാക്ഷപ്പെടുത്തിയത് വലിയ വാര്‍ത്ത ആയെങ്കിലും നാല് വര്‍ഷം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്ലാന്റ് ശാസ്ത്ര സാഹിത്യ പരിഷത്ത് നിര്‍ത്തിക്കുക ആയിരുന്നു. കേരളത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ മൊത്തമായി ഏറ്റെടുത്ത പരിഷത്ത് ആര്‍.വി.ജി മേനോന്റെ നേത്യത്വത്തില്‍ അവരുടെ ഐ.ആര്‍.ടി.സിയുടെ കീഴിലാക്കുന്നതിനും ഈ ടെക്‌നോളജി സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ആര്‍.വി.ജി 1997 ല്‍ തന്നെ കെ.ബി ജോയ്ക്ക് കത്ത് നല്‍കിയിരുന്നു. ഈ ആവശ്യം നിരസിക്കുകയും യന്ത്രങ്ങളുടെ വിതരണാവകാശം ഒരു കാരണവശാലും ഐ.ആര്‍.ടി.സിക്ക് നല്‍കില്ലന്ന് ബോധ്യം വന്നപ്പോള്‍ മാതൃകയായി പ്രവര്‍ത്തിച്ചിരുന്ന കൊടുങ്ങല്ലൂര്‍ പ്ലാന്റ് പൂട്ടിക്കുകയായിരുന്നു. കേരളത്തില്‍ മാലിന്യം ഇപ്പോഴും ഭൂരിഭാഗവും കുഴിച്ച് മൂടുകയാണ് കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ കോടി കണക്കിന് രൂപ പല കമ്പനികള്‍ക്കായി നല്‍കിയിട്ടുണ്ടെങ്കിലും ഒരു പ്ലാന്റും ശാസ്ത്രീയമല്ല. കുടിവെള്ളം മുട്ടിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ ബ്രഹ്മപുരത്തിനപ്പുറമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യത ഏറെയാണ്. കേരളത്തെ മനപൂര്‍വ്വം നശിപ്പിക്കാന്‍ ശ്രമിക്കുന്ന വരെ ബ്രഹ്മപുരത്തിനൊപ്പം അന്വേഷിച്ച് പുറത്ത് കൊണ്ട് വരേണ്ടത് നിര്‍ബന്ധമാണ്. ഇതോടെ മാലിന്യ സംസ്‌കരണത്തിന്റെ വര്‍ഷങ്ങളായി നടത്തി കൊണ്ടിരിക്കുന്ന അഴിമതി പുറത്ത്‌വരേണ്ടതുണ്ട്. അതോടൊപ്പം ശാസ്ത്രീയമായ മാലിന്യ സംസ്‌കരണവും നടപ്പാക്കണം. കേരളത്തിന്റെ ആരോഗ്യ രംഗത്തെ മുന്നേറ്റത്തിന്നും ഭൂമിയെ രക്ഷിക്കുവാനും കുടിവെള്ളം സംരക്ഷിക്കുവാനും ശാസ്ത്രീയമായ മാലിന്യ സംസ്‌കാരമാണ് വേണ്ടത്.

 

webdesk14: