X
    Categories: CultureMoreNewsViews

സാലറി ചലഞ്ചില്‍ ‘നോ’ പറഞ്ഞ പൊലീസുകാരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: സാലറി ചലഞ്ചില്‍ നോ പറഞ്ഞ പോലീസുകാരുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി പുറത്തുവിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ വിസമ്മതിച്ച 573 പോലീസുകാരുടെ പേരുവിവരങ്ങളാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശ് പുറത്തു വിട്ടത്. കമ്മീഷണറുടെ നിലപാടിനെതിരെ സേനക്കുള്ളില്‍ പ്രതിഷേധം ശക്തമാണ്.

സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് രേഖാമൂലം അറിയിച്ച് വിട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പ്രത്യേക ലിസ്റ്റായാണ് കൊച്ചി സിറ്റി പൊലീസ് പുറത്തു വിട്ടത്. 573 പോലീസുകാരാണ് സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശ് പുറത്തു വിട്ട കണക്കു പ്രകാരം സാലറി ചലഞ്ചിനോടേ നോ പറഞ്ഞവര്‍. ഇവരുടെ പേരും നമ്പരും ജോലി ചെയ്യുന്ന പൊലീസ് സ്‌റ്റേഷന്റേയും ക്യാമ്പുകളുടേയും വിവരങ്ങളും ലിസ്റ്റിലുണ്ട്.

സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തു വിടരുതെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ നഗ്‌നമായ ലംഘനമാണ് കൊച്ചി സിറ്റി പൊലീസ് നടത്തിയത്. പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികളും സാലറി ചലഞ്ചിനോട് നോ പറഞ്ഞവരുടെ ലിസ്റ്റിലുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: