X
    Categories: Sports

പൊളി എളുപ്പമാവില്ല ശക്തമായ പ്രതിഷേധം

 

കോഴിക്കോട്:കൊച്ചി നെഹ്‌റു സ്‌റ്റേഡിയം ക്രിക്കറ്റിന് വേണ്ടി കുത്തിപ്പൊളിക്കരുതെന്ന ആവശ്യത്തിന് ശക്തിയേറുന്നു. നവംബറില്‍ പ്രഖ്യാപിച്ച ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തിനായി കലൂരിലെ നെഹ്‌റു സ്‌റ്റേഡിയം അനുവദിക്കുന്നതിനെതിരെ ഫുട്‌ബോള്‍ താരങ്ങളും കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും സജീവമായി രംഗത്ത് വന്നതോടെ സര്‍ക്കാരും ഇടപ്പെട്ടു. പരസ്പര ചര്‍ച്ചകളിലുടെ പ്രശ്‌നം പരിഹരിക്കണമെന്ന് കായികമന്ത്രി ഏ.സി മൊയ്തീന്‍ ആവശ്യപ്പെട്ടു. നെഹ്‌റു സ്‌റ്റേഡിയത്തെ സംരക്ഷിക്കുന്നതിനായി ഫുട്‌ബോള്‍ സമൂഹം ഒന്നടങ്കം രംഗത്ത് വന്നു. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ താരങ്ങളായ ഇയാന്‍ ഹ്യൂം, സി.കെ വിനീത് എന്നിവരെ കൂടാതെ മുന്‍കാല താരങ്ങളായ ഐ.എം വിജയന്‍, സി.വി പാപ്പച്ചന്‍, യു.ഷറഫലി, ജോ പോള്‍ അഞ്ചേരി തുടങ്ങിയവരും ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം, സ്‌റ്റേഡിയത്തിന്റെ ഉടമകളായ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെലപ്പ്‌മെന്‍ഡ് അതോരിറ്റിയും കേരളാ ക്രിക്കറ്റ് അസോസിയേഷനും കേരളാ ഫുട്‌ബോള്‍ അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു ക്രിക്കറ്റ് മല്‍സരം കൊച്ചിയില്‍ നടത്താന്‍ ധാരണയായത്. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണുണ്ടായത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടിമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് നെഹ്‌റു സ്‌റ്റേഡിയം. നവംബര്‍ ഒന്നിനാണ് ക്രിക്കറ്റ് മല്‍സരം വരുന്നത്. ഇതേ മാസം തന്നെ ഐ.എസ്.എല്‍ അഞ്ചാം പതിപ്പും ആരംഭിക്കുന്നതിനാല്‍ ബ്ലാസ്‌റ്റേഴ്‌സിന് മൈതാനമില്ലാത്ത അവസ്ഥ സംജാതമാവും. ക്രിക്കറ്റ് നടത്തുമ്പോള്‍ പിച്ച് നിര്‍മ്മിക്കണം. പിച്ച് നിര്‍മ്മിക്കണമെങ്കില്‍ ഗ്രൗണ്ട് കുത്തിപ്പൊളിക്കണം. ഫിഫ അണ്ടര്‍ 17 ഫുട്‌ബോളിന് വേണ്ടി ഒരുക്കിയ മൈതാനത്തെ ടര്‍ഫ് ഉന്നത നിലാവരമുളളതാണ്. ഇതാണ് പൊളിക്കാനായി ഒരുങ്ങുന്നത്. ക്രിക്കറ്റിനായി കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയമുള്ളപ്പോള്‍ എന്തിനാണ് കൊച്ചിയിലെ മൈതാനം കുത്തിപ്പൊളിക്കുന്നതെന്നാണ് ഐ.എം വിജയന്റെ ചോദ്യം. ഫുട്‌ബോള്‍ വീണ്ടും ജനമനസ്സുകളില്‍ ഇടം നേടുമ്പോള്‍ എന്തിനാണ് ഈ ദ്രോഹമെന്ന് സി.വി പാപ്പച്ചന്‍ ചോദിക്കുന്നു. ലോകം അംഗീകരിച്ച വേദിയെ ഇല്ലാതാക്കരുതെന്നാണ് കാനഡക്കാരനായ ഇയാന്‍ ഹ്യൂം പറഞ്ഞത്. പിച്ചിനായി മൈതാനം കുത്തിപ്പൊളിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് സി.കെ വിനീതും പറയുന്നു.
കൊച്ചിയില്‍ വളര്‍ന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എസ്.ശ്രീശാന്തും പറയുന്നു കൊച്ചിയിലെ മൈതാനം കുത്തിപൊളിക്കരുതെന്ന്. കൊച്ചിയെ ഫുട്‌ബോള്‍ വേദിയായാണ് അറിയപ്പെടുന്നതെന്നും അത് നിലനിര്‍ത്തണമെന്നും അദ്ദേഹം പറയുമ്പോള്‍ ഇന്ന് നടക്കുന്ന കേരളാ ക്രിക്കറ്റ് അസോസിയേഷനും കേരളാ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും തമ്മിലുള്ള ചര്‍ച്ചയാണ് നിര്‍ണായകം.

chandrika: