കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ നടത്തിപ്പില്‍ വീഴ്ചകളെന്ന് ആരോപിച്ച് ബിനാലെയില്‍ പങ്കെടുക്കുന്ന 50 രാജ്യാന്തര ആര്‍ട്ടിസ്റ്റുകള്‍ തുറന്ന കത്ത് അയച്ചതിന് പിന്നാലെ വീഴ്ചകള്‍ സമ്മതിച്ച് മാപ്പ് പറഞ്ഞ് സംഘാടകരായ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍. ബിനാലെ ഡിസംബര്‍ 12ന് ഉദ്ഘാടനം ചെയ്‌തെങ്കിലും ക്രിസ്മസ് തലേന്നാണ് സന്ദര്‍ശകര്‍ക്കായി വേദികള്‍ തുറന്നുകൊടുത്തത്. മഴ അടക്കമുള്ള കാലാവസ്ഥ പ്രശ്‌നങ്ങളായിരുന്നു ബിനാലെ സംഘാടകര്‍ പ്രദര്‍ശന വേദികള്‍ തുറന്നു കൊടുക്കുന്നത് വൈകുന്നതിന് കാരണമായി പറഞ്ഞിരുന്നത്.
എന്നാല്‍ ബിനാലെയുടെ ഉദ്ഘാടനത്തിന് മുമ്പ് പത്ത് ശതമാനം കലാസൃഷ്ടികളേ സജ്ജമായിരുന്നുള്ളുവെന്നും, കാലാവസ്ഥയുള്‍പ്പെടെയുള്ള പ്രാദേശിക സാഹചര്യങ്ങളാണ് നടത്തിപ്പിനെ ബാധിച്ചതെന്ന് അഭിപ്രായം ശരിയല്ലെന്നും ബിനാലെയില്‍ പങ്കെടുക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ തുറന്ന കത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. കലാകാരന്‍മാര്‍ക്കു സ്വന്തം സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതു കാണാനോ സഹ കലാകാരന്‍മാരുമായോ സന്ദര്‍ശകരുമായോ ആശയവിനിമയം നടത്താനോ അവസരം ലഭി ക്കാത്ത സ്ഥിതിയാണുണ്ടായതെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ബിനാലെ ഫൗണ്ടേഷന്‍ തങ്ങളുടെ വീഴ്ചകള്‍ തുറന്നു സമ്മതിച്ചിരിക്കുന്നത്.
വീഴ്ചകള്‍ ന്യായീകരിക്കാനാവാത്തത് തന്നെയാണെന്ന് മനസിലാക്കുന്നുവെന്നും, അതേസമയം, അവ പൊറുക്കപ്പെടാത്തവയായിരിക്കരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഫൗണ്ടേഷന്റെ കത്തില്‍ പറയുന്നു. പത്തുവര്‍ഷത്തെ പാരമ്പര്യമുള്ള സംഘടന എന്ന നിലയില്‍ ഇത്തരം പല പ്രശ്‌നങ്ങളും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. നിര്‍ഭാഗ്യവശാല്‍ മോശമായ സാമ്പത്തികാവസ്ഥയും പ്രവര്‍ത്തകരുടെ കുറവും മഹാവ്യാധിയും, പ്രദര്‍ശനവേദികളെ സംബന്ധിച്ച അനിശ്ചിതത്വങ്ങളും എല്ലാം ഞങ്ങളെ സാരമായി ബാധിച്ചു.2023ന്റെ തുടക്കത്തില്‍തന്നെ ഈ പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനും വിദഗ്ധ ഉപദേശങ്ങളും പദ്ധതികളും ഉപയോഗിച്ച് ആവശ്യമായ സംഘടാനാപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും ട്രസ്റ്റീ ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ടെന്നും മറുപടി കത്തിലുണ്ട്. കാര്യങ്ങള്‍ സുതാര്യമായ രീതിയില്‍ കലാകാരന്‍മാരെ അറിയി ക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും, കാര്യങ്ങള്‍ സത്യസന്ധമായി തുറന്നു പറയുന്നതിനു പകരം പൊള്ളയായ വാഗ്ദാനങ്ങളാണ് നല്‍കിയതെന്നും, കലാകാരന്‍മാരെ സഹായിക്കാനായി ആവശ്യത്തിനുള്ള പ്രൊഡക്ഷന്‍ സ്റ്റാഫിനെ പോലും ലഭ്യമാക്കിയില്ലെന്നും നേരത്തെ തുറന്ന കത്തിലൂടെ ആര്‍ട്ടിസ്റ്റുമാര്‍ കുറ്റപ്പെടുത്തിയിരുന്നു.