X
    Categories: MoreViews

പ്രധാനമന്ത്രി കൊച്ചിയിലെത്തി; കൊച്ചി മെട്രോ ഉദ്ഘാടനം അല്‍പസമയത്തിനകം

കൊച്ചി: കൊച്ചിയുടെ അഭിമാനമായി സംസ്ഥാനത്തെ ആദ്യ മെട്രോ പാലാരിവട്ടത്തെ സ്റ്റേഷനില്‍ നിന്ന് ഇന്ന് ചരിത്രത്തിലേക്ക് കുതിച്ചുയരും. പ്രതീക്ഷകള്‍ക്ക് പുതുവേഗവും വികസനത്തിന് പുതിയ സമവാക്യവുമായി ഒരുങ്ങിയ മെട്രോ രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. കലൂര്‍ സ്റ്റേഡിയത്തിനു സമീപം പ്രത്യേകമൊരുക്കിയ വേദിയിലാണ് പ്രധാനമന്ത്രി മെട്രോ രാജ്യത്തിന് സമര്‍പ്പിക്കുക.

ഉദ്ഘാടനചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. നാവികസേനാ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പാലാരിവട്ടത്തേക്ക് പുറപ്പെട്ടു.

രണ്ടു ഘട്ടമായാണ് ചടങ്ങുകള്‍ നടക്കുന്നത്. കേരളത്തനിമയില്‍ അലങ്കരിച്ച മെട്രോയില്‍ പ്രധാനമന്ത്രി ആദ്യം യാത്ര ചെയ്യും. രാവിലെ 10.35ന് പാലാരിവട്ടത്തെ മെട്രോ സ്‌റ്റേഷനില്‍ നാട മുറിച്ച ശേഷമാണ് പ്രധാനമന്ത്രി ട്രെയിനില്‍ സഞ്ചരിക്കുന്നത്. തുടര്‍ന്ന് 11 മണിയോടെ ഉദ്ഘാടനവേദിയിലെ സ്വിച്ച് അമര്‍ത്തി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി.സദാശിവം, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗര വികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗൗബെ, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്ജ് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം യാത്രയില്‍ പങ്കാളികളാകും. തുടര്‍ന്ന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി തോമസ് ചാണ്ടി, കെ.വി തോമസ് എം.പി, മേയര്‍ സൗമിനി ജെയിന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കുക. ഇവരെ കൂടാതെ ഫ്രഞ്ച്, ജര്‍മന്‍ കോണ്‍സുലേറ്റ് ജനറല്‍മാരും ഇന്ത്യയിലെ ഫ്രഞ്ച് അംബാസറും ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നുള്ള എല്ലാ എം.പിമാര്‍ക്കും എംഎല്‍എമാര്‍ക്കും ചടങ്ങിലേക്ക് ക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്.

chandrika: