X

മെട്രോയെ ഇളക്കിമറിച്ച് ഉമ്മന്‍ചാണ്ടിയുടെ ജനകീയയാത്ര

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്റെയും നേതൃത്വത്തില്‍ യുഡിഎഫിന്റെ ജനകീയ മെട്രോ യാത്ര അക്ഷരാര്‍ഥത്തില്‍ മെട്രിയെ ഇളക്കി മറിച്ചു. ആയിരങ്ങളാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം ജനകീയയാത്രയില്‍ പങ്ക് ചേരാന്‍ ആലുവ സ്‌റ്റേഷനിലെത്തിയത്. ആലുവ മെട്രോ സ്‌റ്റേഷനില്‍നിന്നു ടിക്കറ്റ് എടുത്ത് പാലാരിവട്ടത്തേയ്ക്കാണ് നേതാക്കള്‍ യാത്ര നടത്തിയത്. മെട്രോയുടെ ആദ്യദിനത്തെക്കാള്‍ ആവേശവും പങ്കാളിത്തവുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ രണ്ടാം ദിനത്തില്‍ നടത്തിയ ജനകീയയാത്ര.
ജനകീയയാത്രയില്‍ പങ്കുചേരാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍, വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍എ, പിസി വിഷ്ണുനാഥ്, കെസി ജോസഫ്, ആര്യാടന്‍ മുഹമ്മദ്, ബെന്നി ബെഹ്നാന്‍, കെ.ബാബു, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, വിപി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത് തുടങ്ങി യു.ഡി.എഫ് നേതാക്കളുടെ നീണ്ട നിര തന്നെ എത്തിയിരുന്നു. യു.ഡി.എഫ് ണികളും നേതാക്കളും ചേര്‍ന്ന് സൃഷ്ടിച്ച ആള്‍ക്കൂട്ടത്തിന് നടുവിലൂടെ ഏറെ പണിപ്പെട്ടാണ് ഉമ്മന്‍ചാണ്ടിയെ സ്‌റ്റേഷനുള്ളിലെ പ്ലാറ്റ്‌ഫോമില്‍ എത്തിച്ചത്. മെട്രോയാത്രയ്‌ക്കെത്തിയ സാധാരണക്കാര്‍ക്കൊപ്പം നൂറു കണക്കിന് ലീഗ്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി കയറിയതോടെ ആലുവ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോം നിറഞ്ഞു കവിഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നന്നേ പണിപ്പെട്ടു.

നേതാക്കള്‍ ഒരുമിച്ച് ഒരു ബോഗിയില്‍ കയറാനായിരുന്നു പദ്ധതിയെങ്കിലും തിക്കിത്തിരക്ക് മൂലം ഉമ്മന്‍ചാണ്ടിക്ക് ആദ്യ ട്രെയിനില്‍ കയറാനായില്ല. രമേശ് ചന്നിത്തല അടക്കമുള്ളവര്‍ ആദ്യ ട്രെയിനില്‍ പാലാരിവട്ടത്തേക്ക് തിരിച്ചു. പിന്നീടാണ് ഉമ്മന്‍ചാണ്ടി കയറിയിട്ടില്ലെന്ന വിവരം നേതാക്കള്‍ അരിഞ്ഞത്. ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ യാത്ര തുടര്‍ന്നെങ്കിലും ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളവര്‍ തൊട്ടടുത്ത സ്‌റ്റേഷനുകളില്‍ ഇറങ്ങി. അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍ എന്നിവര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടി തൊട്ടടുത്ത ട്രെയിനില്‍ യാത്ര ചെയ്തു.

പാലാരിവട്ടം സ്‌റ്റേഷനില്‍ ഉമ്മന്‍ചാണ്ടി എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടിയൊഴുകി. സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും തീര്‍ത്ത ക്രമീകരണങ്ങളൊക്കെ പാളിയതോടെ സ്‌റ്റേഷന്റെ പ്രവര്‍ത്തനം കുറച്ചു നേരം നിര്‍ത്തി വച്ചു. യാത്രക്കാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയിലൂടെ ഏറെ പണിപ്പെട്ടാണ് ഉമ്മന്‍ചാണ്ടിയെ സ്‌റ്റേഷന് പുറത്തെത്തിച്ചത്. സ്‌റ്റേഷന് പുറത്തെത്തിയ ഉമ്മന്‍ചാണ്ടി പക്ഷെ രാഷ്ട്രീയം പറയാന്‍ തയാറായില്ല. കൊച്ചിക്കാരുടെ കൂട്ടായ്മയുടെ വിജയമാണ് മെട്രോയെന്നും ഒന്നിച്ചു നിന്നാല്‍ ഏത് വന്‍കിട പദ്ധതിയും സാധ്യമാക്കാം എന്നതാണ് മെട്രോ തെളിയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പാലാരിവട്ടം മെട്രോ സ്‌റ്റേഷനുമുന്നില്‍ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളെ സ്വീകരിച്ചു. പ്രൊഫ. കെ വി തോമസ് എംപി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ തുറന്ന ജീപ്പില്‍ നേതാക്കളെ പാലാരിവട്ടം ജംഗ്ഷനിലെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. മട്രോ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ ജനകീയ മെട്രോ യാത്ര സംഘടിപ്പിച്ചത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തിരുന്നില്ല.

chandrika: