എറണാകുളം: കൊച്ചി മെട്രോ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് രോഗവ്യാപനം തടയാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചത്. അടുത്ത മാസം ആദ്യം തന്നെ മെട്രോ സര്‍വീസ് തുടങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.
കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കി സര്‍വീസുകള്‍ പുനഃരാരംഭിക്കാനാണ് കൊച്ചി മെട്രോ തയ്യാറെടുക്കുന്നത്. സമയക്രമവും സര്‍വീസുകളുടെ എണ്ണവും മാറ്റം വരുത്തിയാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും കേന്ദ്ര അനുമതിക്കായി കാത്തിരിക്കുയാണെന്നും കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ അറിയിച്ചു.
കഴിഞ്ഞ മാർച്ച് 24നാണ് കൊച്ചി മെട്രോ സർവീസ് നിർത്തി വെച്ചത്. സർവീസ് പുനരാരംഭിക്കുന്ന ഘട്ടത്തിൽ ഓരോ 20 മിനിറ്റിലും ട്രെയിനുകൾ ഉണ്ടാകും. യാത്രക്കാരുടെ എണ്ണം ഓരോ ദിവസവും കൂടുന്നതനുസരിച്ച് ട്രെയിൻ സർവീസുകളുടെ എണ്ണം കൂട്ടാനാണ് തീരുമാനം.
രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെ മെട്രോ സർവീസ് നടത്താനാണ് ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം. ആലുവയിൽ നിന്നും തൈക്കൂടത്തുനിന്നും ആരംഭിക്കുന്ന അവസാന സർവീസ് രാത്രി 8 മണിക്ക് ആയിരിക്കും. കേന്ദ്രമാർഗ നിർദേശം അനുസരിച്ചാണ് ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് മെട്രോ സർവീസ് നിർത്തിവെച്ചത്.
തിരക്കുകള്‍ കൂടിയാല്‍ ഉപയോഗിക്കുന്നതിന് മാത്രമായി രണ്ട് ട്രെയിനുകള്‍ ആലുവയിലും മുട്ടത്തും സജ്ജമാക്കും. ശീതീകരണ സംവിധാനം ഒഴിവാക്കി ആയിരിക്കും മെട്രോ സര്‍വീസ് പുനഃരാരംഭിക്കുക.
എല്ലാ സ്റ്റേഷനുകളിലും ട്രെയിന്‍ 20 സെക്കന്‍ഡ് തുറന്നിടുകയും തെര്‍മല്‍ സ്‌കാനറുകള്‍ വഴി പരിശോധന ശക്തമാക്കുകയും ചെയ്യും. എല്ലാ ടിക്കറ്റ് കൗണ്ടറുകളിലും ക്യാഷ് ബോക്സ് സ്ഥാപിച്ചും ക്യു ആര്‍ കോഡ് സംവിധാനം വഴിയുമാകും ടിക്കറ്റ് ചാര്‍ജുകള്‍ വാങ്ങുക.