X

മെട്രോ ഓടുന്നു, സൂപ്പര്‍ ഹിറ്റായി !

അഷ്‌റഫ് തൈവളപ്പ്
കൊച്ചി: രാജ്യത്ത് ഏറ്റവും വേഗത്തില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി ശനിയാഴ്ച്ച പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ച കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ വന്‍ തിരക്ക്. രാവിലെ ആറു മണി മുതല്‍ ഉച്ചക്ക് രണ്ടു വരെയുള്ള കണക്കുകള്‍ പ്രകാരം 29,277 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്ത മെട്രോയില്‍ സവാരി ചെയ്യാന്‍ പുലര്‍ച്ചെ മുതല്‍ വിവിധ സ്‌റ്റേഷനുകളില്‍ പൊതുജനങ്ങള്‍ തടിച്ചു കൂടി.

രാവിലെ ആറു മണിക്കായിരുന്നു ആലുവയില്‍ നിന്നും പാലാരിവട്ടത്ത് നിന്നും ഒരേസമയം സര്‍വീസുകള്‍ തുടങ്ങിയത്. പുലര്‍ച്ചെ നാലു മണി മുതല്‍ തന്നെ ആലുവയിലും പാലാരിവട്ടത്തും ക്യൂ രൂപപ്പെട്ടിരുന്നു. വന്‍ തിരക്ക് കാരണം തുടക്കത്തില്‍ ടിക്കറ്റ് നല്‍കുന്നതില്‍ ചെറിയ തടസങ്ങളുണ്ടായെങ്കിലും വൈകാതെ ഇത് പരിഹരിച്ചു. നഗരവാസികള്‍ക്ക് പുറമേ പുറത്ത് നിന്നെത്തിയ സഞ്ചാരികളും മെട്രോയുടെ ആദ്യ ദിനത്തിലെ യാത്രയില്‍ പങ്കാളികളായി. കല്യാണ ചടങ്ങുകള്‍ക്ക് ശേഷം മെട്രോയില്‍ യാത്ര ചെയ്യാനെത്തിയ നവദമ്പതികള്‍ മെട്രോയുടെ ആദ്യ ദിവസത്തെ കൗതുക കാഴ്ച്ചയായി. അരലക്ഷത്തിലധികം പേര്‍ മെട്രോയുടെ ആദ്യദിന യാത്രയില്‍ പങ്കാളികളാകുമെന്നാണ് കെ.എം.ആര്‍.എല്‍ പ്രതീക്ഷിക്കുന്നത്. ക്യൂആര്‍ സംവിധാനമുള്ള ടിക്കറ്റാണ് യാത്രക്കാര്‍ക്ക് നല്‍കിയത്. ഉച്ചയോടെ ഡെബിറ്റ് കാര്‍ഡായും ടിക്കറ്റായും ഉപയോഗിക്കുന്ന കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡും സ്‌റ്റേഷനുകളില്‍ വിതരണം ചെയ്തു. കൊച്ചി വണ്‍ മൊബൈല്‍ ആപും ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാക്കി.

രാത്രി പത്തു മണി വരെയാണ് മെട്രോയുടെ സര്‍വീസ്. പത്തു മിനുറ്റ് ഇടവേളയില്‍ ദിവസവും 219 സര്‍വീസുകളാണുള്ളത്. മൂന്നു കോച്ചുകളുള്ള ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസിനുള്ളത്. ഇരുന്നും നിന്നുമായി 915 പേര്‍ക്ക് ഒരേസമയം ഇതില്‍ യാത്ര ചെയ്യാനാവും. പത്തു രൂപയാണ് യാത്രക്കുള്ള കുറഞ്ഞ നിരക്ക്. ആദ്യഘട്ടത്തിലെ ആദ്യ സ്‌റ്റേഷനായ ആലുവ മുതല്‍ അവസാന സ്‌റ്റേഷനായ പാലാരിവട്ടം വരെ 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശേരി ടൗണ്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം സ്‌റ്റേഷനുകളാണ് ആദ്യ ഘട്ടത്തിലുള്ളത്. ഓരോ സ്‌റ്റേഷനിലും അര മിനുറ്റോളം ട്രെയിന്‍ നിര്‍ത്തും. തിരക്ക് കൂടുതലാണെങ്കില്‍ അതിനനുസരിച്ച് സമയം ക്രമീകരിക്കും.

chandrika: