കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ പാതയിലൂടെയുള്ള പരീക്ഷണ ഓട്ടം വിജയകരമെന്ന് കൊച്ചി മെട്രോ അധികൃതര്‍. മഹാരാജാസ് മുതല്‍ കടവന്ത്ര ജംഗ്ഷന്‍ വരെയുള്ള പുതിയ പാതയില്‍ 1.3 കിലോമീറ്റര്‍ ദൂരത്തിലാണ് ട്രയല്‍ റണ്‍ നടത്തിയത്.
90 മീറ്റര്‍ നീളത്തിലുള്ള ക്യാന്‍ഡി ലിവര്‍ പാലമുള്ളത് ഈ പുതിയ പാതയിലാണ്. തൂണുകള്‍ കുറച്ച് ദൂരം കൂട്ടിയുള്ള വളരെ പ്രത്യേകതയുള്ള പാലമാണ് ക്യാന്‍ഡി ലിവര്‍. ഈ ക്യാന്‍ഡി ലിവര്‍ പാലമുള്‍പ്പെടുന്ന ഭാഗത്താണ് ട്രെയിന്‍ ആദ്യഘട്ടത്തില്‍ ട്രയല്‍ റണ്‍ നടത്തിയത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷ ഓട്ടം. വരും ദിവസങ്ങളില്‍ വേഗത കൂട്ടി, കൂടുതല്‍ ഭാഗങ്ങളില്‍ പരീക്ഷണ ഓട്ടം നടത്തുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) അധികൃതര്‍ അറിയിച്ചു. നിലവില്‍ ആലുവ മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. പരീക്ഷണ ഓട്ടം പൂര്‍ണമായി വിജയിച്ചാല്‍ രണ്ടാം ഘട്ട സര്‍വീസും വൈകാതെ തുടങ്ങും.