X
    Categories: MoreViews

കൊച്ചി മെട്രോക്ക് യാത്രാനുമതി

കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ പ്രവര്‍ത്തനം തൃപ്തികരമായതിനെതുടര്‍ന്ന് മെട്രോ ട്രയിനിന് കേന്ദ്ര റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ യാത്രാനുമതി . ഇന്നലെ വൈകിട്ടോടെയാണ് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ കെ എ മനോഹരന്‍ യാത്രാനുമതി ക്കുള്ള രേഖ കെഎംആര്‍എല്ലിന് കൈമാറിയത്.

ഇതോടെ യാത്രക്കാരുമായി കൊച്ചി മെട്രോക്ക് കുതിക്കാനാകും. കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര റെയില്‍വേ സുരക്ഷാ വിഭാഗം കൊച്ചിയിലെത്തി പരിശോധന നടത്തിയത്. മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ ട്രാക്കുകള്‍ വളരെ നല്ല രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും സ്‌റ്റേഷനുകള്‍ എല്ലാം ഒന്നിനൊന്ന് മെച്ചമാണെന്നും സംഘം കണ്ടെത്തിയിരുന്നു.
ചെന്നൈ, ബാംഗ്ലൂര്‍ സ്‌റ്റേഷനുകളെ അപേക്ഷിച്ച് കൊച്ചി മെട്രോ സ്‌റ്റേഷനുകള്‍മികവുറ്റവയാണെന്നും സംഘം വിലയിരുത്തിയിരുന്നു. അന്ന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ സംവിധാനവും ഏതാനും സിസി ടിവി ക്യാമറകളിലും ചില മാറ്റം വരുത്തലുകള്‍ നടത്തേണ്ടതുണ്ടെന്ന് സുരക്ഷാ വിഭാഗം നിര്‍ദേശിച്ചിരുന്നു. ഇത് ഉടന്‍ പൂര്‍ത്തിയാക്കി സുരക്ഷാ കമ്മീഷണറെ അറിയിക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. റെയില്‍വേ സുരക്ഷ കമ്മീഷണറുടെ ബംഗളൂരു സതേണ്‍ സര്‍ക്കിളില്‍ നിന്നുള്ള സംഘമാണ് ത്രിദിന പരിശോധനക്കെത്തിയത്.
ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക് എന്നീ 11 സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ച സംഘം മെട്രോ ജീവനക്കാര്‍ക്ക് നല്‍കിയ പരിശീലനത്തിന്റെ വിശദാംശങ്ങളും വിലയിരുത്തി. റെയില്‍വേ സുരക്ഷാ കമ്മീഷണറെ കൂടാതെ ഡെപ്യൂട്ടി കമ്മീഷണര്‍മാരായ ഇ ശ്രീനിവാസ്, ജി പി ഗാര്‍ഗ്, സതേണ്‍ റെയില്‍വേ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ ആര്‍ പ്രകാശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

chandrika: