അണ്ടര്‍-17 ലോകകപ്പ് കാണാനെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കുള്ള സമ്മാനമായി കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള രണ്ടാം ഘട്ട സര്‍വീസ് ഒക്‌ടോബര്‍ മൂന്നിന് തുടങ്ങിയേക്കും. അണ്ടര്‍-17 ലോകകപ്പിന് മുമ്പായി മെട്രോയുടെ പാലാരിവട്ടം-മഹാരാജാസ് പാതയിലെ സര്‍വീസ് തുടങ്ങാനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഒക്ടോബര്‍ ഏഴിനാണ് കൊച്ചിയിലെ ആദ്യ മത്സരം. കൊച്ചിയിലേക്കെത്തുന്ന ഫുട്‌ബോള്‍ ആരാധകരെ മെട്രോയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് മെട്രോ അധികൃതര്‍ക്ക്. ആദ്യ മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇതിനകം വിറ്റു തീര്‍ന്നിട്ടുണ്ട്. കളി നടക്കുന്ന ദിവസങ്ങളില്‍ നാല്‍പതിനായിരത്തിലേറെ പേര്‍ സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍.
മെട്രോയുടെ ഉദ്ഘാടനത്തിനായി സംസ്ഥാനം നിശ്ചയിച്ചിരിക്കുന്ന തീയ്യതി കേന്ദ്രനഗരവികസന മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര നഗരകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഉദ്ഘാടനം നിര്‍വഹിക്കുക. എറണാകുളം ടൗണ്‍ ഹാളാണ് ഉദ്ഘാടന വേദിയായി പരിഗണിക്കുന്നത്. സമയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിന്നീട് അന്തിമ തീരുമാനമുണ്ടാവുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. യാത്രാസര്‍വീസിന് മുന്നോടിയായുള്ള മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പരിശോധനകള്‍ ഈ മാസം 21,22 തീയതികളില്‍ നടക്കും. സ്‌റ്റേഷനുകളുടെ ഉള്‍പ്പെടെയുള്ള നിര്‍മാണം ഈ മാസം ഇരുപതിനകം പൂര്‍ത്തിയാകും. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും ഫയര്‍ ആന്റ് സേഫ്റ്റിയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.
ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള യാത്രക്ക് 50 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. സ്ഥിരം യാത്രക്കാര്‍ക്ക് 40 ശതമാനം ഇളവ് നല്‍കുന്നത് പരിഗണനയിലുണ്ട്. കഴിഞ്ഞ ജൂണ് 17നാണ് ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.2 കിലോമീറ്ററില്‍ കൊച്ചി മെട്രോയുടെ ആദ്യ യാത്രാ സര്‍വീസിന് തുടക്കമായത്. 11 സ്‌റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്.ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കലൂര്‍, ലിസി ജങ്ഷന്‍, എം.ജി.റോഡ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു കി.മീ റ്റര്‍ ദൈര്‍ഘ്യത്തില്‍ അഞ്ചു സ്റ്റേഷനുകളാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതോടെ കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം 18 കിലോമീറ്ററായി വര്‍ധിക്കും. നിലവില്‍ ആറു ട്രെയിനുകള്‍ ഉപയോഗിച്ചാണ് സര്‍വീസ്. രണ്ടാം ഘട്ടത്തില്‍ ട്രെയിനുകളുടെ എണ്ണം ഒമ്പതായി ഉയരും.