കൊച്ചി: വാണിജ്യ തലസ്ഥാനമായ കൊച്ചിയെ ഐടി ഹബ് ആക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കൊച്ചി ഇന്‍ഫോപാര്‍ക്ക് കേരളപ്പിറവി ദിനമായ ഇന്ന് 17 വര്‍ഷം പൂര്‍ത്തിയാക്കി. 2004ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലാണ് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇന്‍ഫോപാര്‍ക്കിന് തുടക്കമിട്ടത്.
അന്നത്തെ വ്യവസായ-ഐടി വകുപ്പ് മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഐടി രംഗത്തെ വന്‍ വിപ്ലവ തുടക്കത്തിന് ചുക്കാന്‍ പിടിച്ചത്. ഇന്‍ഫോപാര്‍ക്കിന് വേണ്ടി കാക്കനാട് കിന്‍ഫ്രയുടെ 100 ഏക്കര്‍ കൈമാറി. ഇവിടെ ഉണ്ടായിരുന്ന കെട്ടിടം ഐടി കമ്പനികളുടെ സൗകര്യങ്ങള്‍ക്കായി നവീകരിച്ചു. നാലു കമ്പനികളുമായി അന്ന് തുടക്കം കുറിച്ച ഇന്‍ഫോപാര്‍ക്ക് കേരളത്തിലേക്ക് വന്‍കിട ഐടി കമ്പനികളെയും സംരംഭകരെയും ആകര്‍ഷിക്കുന്നതില്‍ നേതൃപരമായ പങ്കും വഹിച്ചു. സംസ്ഥാനത്തെ ഐടി വളര്‍ച്ചയുടെ തുടക്കമായും ഇന്‍ഫോപാര്‍ക്ക് മാറി. 17 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 450ഓളം കമ്പനികഇന്‍ഫോപാര്‍ക്കിലുണ്ട്. പരോക്ഷമായി ഇതിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കാനും കഴിഞ്ഞു. കോവിഡ് മൂലമുണ്ടായ പ്രതികൂല സാഹചര്യങ്ങളിലും ഐടി കയറ്റുമതിയില്‍ മികച്ച വര്‍ധനയോടെ ഇന്‍ഫോപാര്‍ക്ക് കുതിക്കുകയാണ്.
വികസന മുന്നേറ്റത്തില്‍ ഇന്‍ഫോപാര്‍ക്ക് കൊച്ചിക്കു പുറത്തേക്കും വികസിച്ചു. സമീപ ജില്ലകളായ തൃശൂരിലെ കൊരട്ടിയിലും ആലപ്പുഴയിലെ ചേര്‍ത്തലയിലും ഇന്ന് ഇന്‍ഫോപാര്‍ക്കിന് ഉപഗ്രഹ കാമ്പസുകള്‍ ഉണ്ട്. വ്യാവസായിക, സാമ്പത്തിക പുരോഗതിയിലും ആഗോള തലത്തില്‍ നഗരത്തിന് പുതിയ മേല്‍വിലാസം നേടിക്കൊടുക്കുന്നതിലും ഇന്‍ഫോപാര്‍ക്ക് വലിയൊരു പങ്ക് വഹിച്ചു. സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതോടൊപ്പം സ്വകാര്യ സംരംഭകരെ കൂടി ഉള്‍പ്പെടുത്തി കോഡെവലപര്‍ മാതൃകയിലുള്ള ഇന്‍ഫോപാര്‍ക്കിന്റെ വികസന മുന്നേറ്റത്തില്‍ പങ്കുപറ്റാന്‍ നിരവധി ബഹുരാഷ്ട്ര ഐടി കമ്പനികളാണ് കൊച്ചിയിലെത്തിയത്. ടിസിഎസ്, വിപ്രോ, ഐബിഎസ് തുടങ്ങിയ ആഗോള ഐടി ഭീമന്‍മാര്‍ക്ക് ഇന്‍ഫോപാര്‍ക്കില്‍ സ്വന്തമായി കാമ്പസുണ്ട്. കൂടാതെ ബ്രിഗേഡ് ഗ്രൂപ്പ്, ലുലു ഗ്രൂപ്പ്, കാര്‍ണിവല്‍ ഗ്രൂപ്പ് എന്നിവരും സ്ഥലം ഏറ്റെടുത്തു ഐടി കെട്ടിടങ്ങള്‍ വികസിപ്പിച്ചു.
പോസ്റ്റ് കോവിഡ് സാഹചര്യത്തില്‍ ഐടി മേഖല ഒരു വന്‍ കുതിപ്പിനൊരുങ്ങുമ്പോള്‍ അവസരത്തിനൊത്ത് പുതിയ തലങ്ങളിലേക്ക് ഉയരാന്‍ ഇന്ന് ഇന്‍ഫോപാര്‍ക്ക് പൂര്‍ണസജ്ജമാണെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു.