X
    Categories: Video Stories

കൊച്ചിയില്‍ മുന്നു വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ ; ബാലപീഡനമെന്ന് പ്രാഥമിക നിഗമനം !

 

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ മരണത്തിന്റെ വേദനമാറും മുന്‍പ് വീണ്ടും മറ്റൊരു സംഭവം കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതര പരിക്കുകളോടെ മൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളത്ത് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുന്നത്. തലയ്ക്ക് പരിക്കേറ്റിരിക്കുന്നു എന്നതാണ് പ്രാഥമിക വിവരം. ആശുപത്രിയിലെകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിലവില്‍ വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വീടിന്റെ ടെറസില്‍ നിന്നും വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ് ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണവും ഒത്തു പോകാത്തതിനാല്‍ ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തുകയായിരുന്നു.
കുട്ടിയുടെ നില അതീവ ഗുരുതരമായിട്ടും വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചു.
മാതാപിതാക്കള്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ് എന്നാണ് വിവരം. ഏലൂര്‍ സിഐ അല്‍പസമയത്തിനകം ആശുപത്രിയില്‍ എത്തി കുട്ടിയുടെ മാതാപിതാക്കളെ കാണും. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: