കൊച്ചി: ചേലാമറ്റത്ത് നാലംഗകുടുംബത്തിന്റെ ആത്മഹത്യ കടക്കെണിയെ തുടര്‍ന്ന്. ഡിസംബര്‍ 31നകം എല്ലാവര്‍ക്കും പണം നല്‍കാമെന്നായിരുന്നു അറിയിച്ചത്. രാവിലെ പണം ലഭിക്കേണ്ടവര്‍ വീട്ടില്‍ എത്താനും ബിജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാക്കു പാലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് രണ്ട് കുഞ്ഞുമക്കള്‍ക്കൊപ്പം ബിജുവും ഭാര്യ അമ്പിളിയും ജീവനൊടുക്കിയത്.
പ്രദേശത്ത് ചിട്ടി നടത്തി പൊട്ടിയതാണ് ഇദ്ദേഹത്തെ വലിയ കടക്കാരനാക്കിയതെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നാട്ടുകാരുടെ കൈയില്‍നിന്നുള്‍പ്പടെ ഇയാള്‍ക്ക് ലക്ഷങ്ങളുടെ കടമുണ്ടായിരുന്നു. ബന്ധുക്കള്‍ക്കെതിരെയും എഴുതിവെച്ചിട്ടുണ്ട്. വീടിന്റെ ചുമരില്‍ മൂന്നു സ്ഥലങ്ങളില്‍ തന്റെ ബന്ധുക്കളെ ആരെയും മൃതദേഹം കാണാന്‍ അനുവദിക്കരുത് എന്ന് എഴുതി വച്ചിരുന്നത്.
പെരുമ്പാവൂര്‍ ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടില്‍ പത്ഭനാഭന്റെ മകന്‍ ബിജു (46), ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കല്‍ അമ്പിളി (39) മകള്‍ ആദിത്യ (15) മകന്‍ അര്‍ജുന്‍(13) എന്നിവരെയാണു വീടിനകത്തു രണ്ടു കയറുകളിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഹാളിലെ ഹുക്കില്‍ പിതാവും മകനും, ബെഡ് റൂമിലെ ഹുക്കില്‍ അമ്മയും മകളും ഓരോ കയറുകളുടെ ഇരുഭാഗങ്ങളിലുമായി തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.