ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ മറൈൻഡ്രൈവിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾക്ക് നാളെ തുടക്കമാകും വള്ളംകളിയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ അവലോകനയോഗം ചേർന്നു.വള്ളംകളിക്കു മുന്നോടിയായി നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും കലാപരിപാടികളും സംഘടിപ്പിക്കും. വള്ളംകളിയുമായി ബന്ധപ്പെട്ട കൊച്ചി കാലിൽ നടക്കുന്ന ട്രഞ്ചിങ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പൂർണ്ണമായും ഹരിതചട്ടം പാലിച്ച് ആയിരിക്കും പരിപാടി സംഘടിപ്പിക്കുക. മത്സരത്തിന്റെ ആദ്യ അവസാനം വരെ ഫയർഫോഴ്സ്, ആരോഗ്യ വിഭാഗം, കോസ്റ്റ് ഗാർഡ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകും.
ഒൻപത് ചുണ്ടൻ വളളങ്ങളുടെ മത്സരത്തിനൊപ്പം പ്രാദേശിക വള്ളംകളിയും ഉണ്ടാകും അബ്ദുൾ കലാം മാർഗിൽ അബാദ് ഫ്ലാറ്റിനടുത്തുള്ള പോലീസ് എയ്ഡ്പോസ്റ്റ് മുതൽ മറൈൻ ഡ്രൈവിലെ ധനലക്ഷ്മി ബാങ്കിന് എതിർവശത്തുള്ള ജി.സി.ഡി.എ പാർക്കിംഗിന് സമീപമുള്ള ബോട്ട് ജെട്ടി വരെ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് ട്രാക്കുകളാണ് മത്സരത്തിന് ഒരുക്കിയിട്ടുള്ളത്. ചുണ്ടൻ വള്ളങ്ങളുടെ മാസ് ഡ്രില്ലിന്റെയും കല സാഹസിക പരിപാടികളുടെ അകമ്പടിയോടെയും മത്സരത്തിന് തുടക്കം കുറിക്കും. വാട്ടർ സ്കീയിങ്ങ് പോലുള്ള അഭ്യാസ മുറകളാണ് നാവിക സേന ഒരുക്കിയിട്ടുള്ളത്. തുടർന്നാണ് ചുണ്ടൻ വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും ഹീറ്റ്സുകളും ഫൈനലുകളും നടക്കുക. മത്സരത്തിന്റെ ഇടവേളകളിൽ അഭ്യാസ പ്രകടനങ്ങളും ചെറുവള്ളങ്ങളുടെ മത്സരവും സാംസ്കാരിക പരിപാടികളും നടക്കും.