എറണാകുളം: കൊച്ചിയില്‍ പാതയോരത്ത് കഞ്ചാവ് കൃഷി നടത്തിയ നിലയില്‍ കണ്ടെത്തി. എറണാകുളം തൃപ്പൂണിത്തുറ പ്രദേശങ്ങളിലാണ് വഴിവക്കില്‍ കഞ്ചാവ് ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതായി കണ്ടത്. കഴിഞ്ഞ മാസം ഒന്നാം തീയതി മുതല്‍ ഇങ്ങോട്ട് ഇതിനകം അഞ്ചിലേറെ സ്ഥലങ്ങളില്‍ പ്രദേശത്ത് കഞ്ചാവ് കൃഷി കണ്ടെത്തി. തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസാണ് ഇതു സംബന്ധിച്ച വിവരം നല്‍കിയത്.
സംശം തോന്നിയ നാട്ടുകാരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞതോടെയാണ് തെരച്ചില്‍ നടത്തിയത്. ഇതോടെ ഉദയംപേരൂര്‍ കണ്ടനാട് ഭാഗത്ത് വിശുദ്ധ മാര്‍ത്ത മറിയം പള്ളിയുടെ സമീപം തിരക്കേറിയ റോഡരികില്‍ വളര്‍ന്നു നില്‍ക്കുന്ന രണ്ടു ചെടികള്‍ കണ്ടെത്തുകയായിരുന്നു. ഏകദേശം നാലു മാസത്തെ പ്രായമുണ്ട് ഈ ചെടികള്‍ക്ക്. സമീപത്ത് ജമന്തി അടക്കമുള്ള മറ്റു ചെടികളും ഉണ്ടായിരുന്നതിനാല്‍ സാധാരണക്കാര്‍ക്ക് അത്ര പെട്ടെന്ന് മനസിലാക്കാന്‍ കഴിയുമായിരുന്നില്ല.
ഇതിനു മുന്‍പ് തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്ന് നാലു ചെടികളാണ് കണ്ടെത്തിയത്. നേരത്തേ തിരുവാങ്കുളം പ്രദേശത്ത് റോഡരികില്‍ നിന്ന് ഏഴു ചെടികള്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു. കിടങ്ങ് ഷാപ്പ് പരിസരത്തുള്ള റോഡ്, ഉദയംപേരൂര്‍ ഗ്യാസ് ബോട്ടിലിങ് പ്ലാന്റിനു സമീപത്തുള്ള റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെല്ലാം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ തന്നെ കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ സംഘമാണു വഴിയോരത്തെ കഞ്ചാവ് കൃഷിക്കു പിന്നിലെന്നാണു മനസിലാകുന്നത്. പതിവായി കഞ്ചാവ് എത്തിക്കുന്നവരില്‍ നിന്നാകണം വിത്ത് ശേഖരിച്ചിട്ടുണ്ടാകുക.
നട്ടാല്‍ ആറു മുതല്‍ എട്ടു മാസംകൊണ്ട് പൂര്‍ണവളര്‍ച്ചയെത്തി പൂവിടുന്ന ചെടിയാണ് കഞ്ചാവിന്റേത്. ജലാംശവും വളക്കൂറുമുള്ള വഴിയോര പ്രദേശമാണ് സംഘം ചെടി നടാന്‍ തിരഞ്ഞെടുത്തിരുന്നത്. ചെടി വളര്‍ന്നു കഴിഞ്ഞാല്‍ വെട്ടിയെടുത്ത് ഉണക്കി ഉപയോഗിക്കാന്‍ ആയിരുന്നിരിക്കണം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ശ്രമം.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.