കൊച്ചി: അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിക്കപ്പെട്ട സംഭവത്തില്‍ യുവനടി നല്‍കിയ പരാതിയില്‍ യുവാവിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. നടിയുമായി അടുപ്പത്തിലായിരുന്നപ്പോള്‍ പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തൃപ്പുണിത്തുറ ഉദയംപേരൂര്‍ എംഎല്‍എ റോഡ് അംബേദ്കര്‍ ജങ്ഷന്‍ സൗപര്‍ണിക പാര്‍ക്ക് വില്ലനമ്പര്‍ ഏഴില്‍ താമസിക്കുന്ന കിരണ്‍ കുമാര്‍ (38) ആണ് അറസ്റ്റിലായത്. ഇയാള്‍ പാലക്കാട് വടവന്നൂര്‍ സ്വദേശിയാണ്.
ഒമ്പത് കൊല്ലം മുന്‍പ് പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നതായും ചിത്രങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ ഇയാള്‍ 75 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും നടി പരാതി നല്‍കിയിരുന്നു. നടി സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ സമയത്താണ് ഇയാളുമായി അടുപ്പത്തിലായത്. നോര്‍ത്ത് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഹോട്ടലില്‍ വച്ചാണ് സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയത്. അര്‍ദ്ധനഗ്ന ചിത്രങ്ങളും ഇതില്‍പ്പെടും. കിരണ്‍കുമാര്‍ വിവാഹിതനാണെന്ന് മനസിലാക്കിയതോടെ ബന്ധം അവസാനിപ്പിച്ചു. തുടര്‍ന്നാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ 75 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതിന് വഴങ്ങാതിരുന്നതിനാല്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും അമ്മയെ വീട്ടില്‍ കയറി ഉപദ്രവിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ഈ സംഭവത്തില്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ നടി പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇരു കൂട്ടരെയും പൊലീസ് വിളിച്ചു വരുത്തി പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു.
അടുത്തിടെയാണ് വാട്‌സാപ്പിലൂടെ ചിത്രങ്ങള്‍ പ്രചരിച്ചത്. തുടര്‍ന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയും പടങ്ങളും വന്നതോടെ നടി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂടുതല്‍ ചിത്രങ്ങള്‍ കിരണ്‍ കുമാറിന്റെ കൈവശമുണ്ടെന്നും വീണ്ടും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ വേണ്ടിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഉദയംപേരൂരിലുള്ള താമസ സ്ഥലത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നേരത്തെ സിനിമാ രംഗത്ത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായിരുന്ന കിരണ്‍കുമാര്‍ ഇപ്പോള്‍ ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. നടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഫെയ്‌സ്ബുക്കും വാട്‌സാപ്പും വഴി ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ മൊബൈല്‍ഫോണ്‍ നമ്പരുകള്‍ പൊലീസിന് നടി കൈമാറിയിട്ടുണ്ട്. ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇയാള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ക്യാമറ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.