ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുള്ള അലംഭാവത്തിനും നിരുത്തരവാദിത്തത്തിനും 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രിബ്യൂണല്‍ നടപടിയില്‍ വെട്ടിലായി കൊച്ചി കോര്‍പ്പറേഷന്‍ ഭരണസമിതി. ട്രിബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള കടമ്പകള്‍ വലുതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും കോര്‍പ്പറേഷന് ഹരിത ട്രിബ്യൂണല്‍ പിഴ ചുമത്തിയിട്ടുണ്ടെന്നും അപ്പീല്‍ പോയിട്ടുണ്ടെന്നും മേയര്‍ കഴിഞ്ഞദിവസം നടന്ന പത്രസമ്മേളനത്തില്‍ ന്യായീകരിക്കുമ്പോഴും ഇപ്പോഴത്തെ സാഹചര്യം വളരെ ഗുരുതരമാണെന്നത് പ്രശ്‌നങ്ങളുടെ സങ്കീര്‍ണത വര്‍ധിപ്പിക്കുകയാണ്.
അപ്പീല്‍ പോകണമെങ്കില്‍ പിഴത്തുകയുടെ 50 ശതമാനം(50 കോടി) കെട്ടിവെക്കണം. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കോര്‍പ്പറേഷന് ഈ തുക കെട്ടിവെക്കല്‍ പ്രായോഗികല്ല. ഇതിനുമുമ്പ് രണ്ടുതവണ കൊച്ചി കോര്‍പ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണല്‍ പിഴ ഈടാക്കിയപ്പോള്‍ ഒരു തവണ 50 ശതമാനം തുക കെട്ടിവച്ചതിനുശേഷം മാത്രമാണ് അപ്പീല്‍ പോകാന്‍ കഴിഞ്ഞത്. 2019ല്‍ ബ്രഹ്മപുരത്തെ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യൂണല്‍ രണ്ടുകോടി രൂപ കോര്‍പ്പറേഷന്് പിഴ ചുമത്തിയിരുന്നു. ഇതില്‍ ഒരു കോടി രൂപ കെട്ടിവെച്ച ശേഷമാണ് അപ്പില്‍ പോയതും പിന്നീട് സ്റ്റേ നേടിയതും.
ഹരിത ട്രിബ്യൂണല്‍ സംഘം ബ്രഹ്മപുരം പ്ലാന്റും പരിസരവും സന്ദര്‍ശിച്ചതിനു ശേഷം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. കടമ്പ്രയാറിലേക്ക് മലിനജലം ഒഴുകാതിരിക്കാനുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം എന്നായിരുന്നു അന്ന് ട്രിബ്യൂണല്‍ നല്‍കിയ പ്രധാന നിര്‍ദ്ദേശം. തീപിടിത്തം ഉണ്ടായാല്‍ അണക്കുന്നതിന് ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കണമെന്നും വിന്‍ട്രോ കമ്പോസ്റ്റ് സംവിധാനം കാര്യക്ഷമമാക്കണമെന്നും അന്ന് ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. 2021 ജനുവരിയില്‍ 14.92 കോടി രൂപ കോര്‍പ്പറേഷന് ഹരിത ട്രിബ്യൂണല്‍ പിഴ ചുമത്തിയിരുന്നു. എന്നാല്‍ ഇത് ഇടക്കാല ഉത്തരവായതിനാല്‍ പിഴത്തുകയുടെ 50 ശതമാനം കെട്ടിവെക്കാതെ തന്നെ ഹൈക്കോടതിയില്‍ നിന്ന് കോര്‍പ്പറേഷന്‍ സ്റ്റേ വാങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ട്രിബ്യൂണല്‍ വിധി ഇടക്കാല ഉത്തരവായല്ല പുറപ്പെടുവിച്ചിരിക്കുന്നത്.
ഹൈക്കോടതിയില്‍ പോകുന്നത്
വടികൊടുത്ത് അടിവാങ്ങലാകും
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ 100 കോടി പിഴയ്‌ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ലഭിക്കാനുള്ള സാധ്യത നന്നേ കുറവാണ്. ബ്രഹ്മപുരത്ത് തീപിടുത്തം ഉണ്ടായ മാര്‍ച്ച് ഒന്നിന് ശേഷം മൂന്നുതവണ ഹൈക്കോടതി കോര്‍പറേഷനെതിരെ രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ ഇടപെട്ടാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ബ്രഹ്മപുരത്തെ മാലിന്യം നിന്ന് കത്തിയ 13 ദിവസവും കൊച്ചിയിലെ ജനങ്ങള്‍ വിഷവായു ശ്വസിച്ചു വീര്‍പ്പുമുട്ടല്‍ അനുഭവിക്കുകയായിരുന്നെന്ന്് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതില്‍ കോര്‍പ്പറേഷന്‍ അധികൃതരുടെ അനാസ്ഥയും ഉത്തരവാദിത്തമില്ലായ്മയും കോടതി എടുത്തു കാണിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അപ്പിലിനായി സുപ്രീംകോടതിയെ സമീപിക്കേണ്ട അവസ്ഥയിലാണ് കോര്‍പ്പറേഷന്‍.
കനിയുമോ സംസ്ഥാന സര്‍ക്കാര്‍
പിഴത്തുക കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടല്‍ മാത്രമാണ് കോര്‍പ്പറേഷനു മുമ്പിലുള്ള ഏക പോംവഴി. അപ്പീല്‍ പോകണമെങ്കില്‍ പകുതി തുക അടക്കാനുള്ള 50 കോടി രൂപയ്ക്കും സര്‍ക്കാരിനെ തന്നെ ആശ്രയിക്കേണ്ടി വരും. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നെട്ടോട്ടമോടുന്ന സംസ്ഥാന സര്‍ക്കാരിന് കൊച്ചി കോര്‍പ്പറേഷനെ സഹായിക്കാന്‍ എത്രമാത്രം കഴിയുമെന്നതും കണ്ടറിയണം. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് പിഴ ഒടുക്കാന്‍ അനുവദിക്കില്ലെന്ന് കോര്‍പ്പറേഷനിലെ പ്രതിപക്ഷവും യു.ഡി.എഫും വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റ് അവതരണം നടന്നിട്ടില്ലെന്ന പ്രതിസന്ധി കൂടി കോര്‍പ്പറേഷന് മുന്നിലുണ്ട്. ഈ മാസം 18നാണ് ബജറ്റ് അവതരണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബ്രഹ്മപുരത്തെ തീയും പുകയും കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്തെ സംഘര്‍ഷവും തീയതി മാറ്റിവെക്കുകയായിരുന്നു. പുതിയ ബജറ്റ് അവതരണ തീയതി പ്രഖ്യാപിച്ചിട്ടില്ല. എല്ലാ തദ്ദേശസ്ഥാപനങ്ങളും മാര്‍ച്ച് 31നകം ബജറ്റ് അവതരണം പൂര്‍ത്തിയാക്കണമെന്ന് വ്യവസ്ഥയുണ്ട്.