X
    Categories: Culture

കുതിക്കാനൊരുങ്ങുന്ന കൊച്ചി മെട്രോ

കൊച്ചിമെട്രോ റെയില്‍പാതയിലൂടെ ബഹുവര്‍ണതീവണ്ടികളുടെ ഓട്ടംകണ്ട് അഭിമാനപുളകിതരാകുകയാണിപ്പോള്‍ മലയാളി. ബന്ധപ്പെട്ട അധികൃതരുടെ യാത്രാഅനുമതി ലഭിച്ചതോടെ കൊച്ചിമെട്രോപദ്ധതി യാഥാര്‍ഥ്യമായിരിക്കയാണ്. 2012 സെപ്തംബര്‍ പതിമൂന്നിന് അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ശിലാസ്ഥാപനം നടത്തിയ പദ്ധതി കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ഗതാഗതചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാകുന്നത് അതിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ളതും കൃത്യതയാര്‍ന്നതുമായ നിര്‍മാണരീതികളും സേവനസംവിധാനങ്ങളും കൊണ്ടാണ്. സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം, വ്യാപാരവിപണനകേന്ദ്രം, വിനോദസഞ്ചാരമേഖലയായ അറബിക്കടലിന്റെ റാണി, ജലഗതാഗതത്തിനുള്ള മികച്ച സൗകര്യം, നാവികസേനാ ദക്ഷിണആസ്ഥാനം, ഹൈക്കോടതി, കപ്പല്‍ശാല, അന്താരാഷ്ട്രചരക്കുകടത്തുള്ള തുറമുഖനഗരി തുടങ്ങിയ നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹയാണ് നമ്മുടെ കൊച്ചുകൊച്ചി. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ പതിറ്റാണ്ടുകള്‍ക്കുമുമ്പുമുതല്‍ കൊച്ചി നഗരത്തിലെ ഗതാഗതം കീറാമുട്ടിയായി നിലകൊള്ളുകയായിരുന്നു. നഗരം ആരംഭിക്കുന്ന ആലുവ മുതല്‍ കായല്‍തീരത്തെ എറണാകുളത്തെത്താന്‍ മണിക്കൂറുകള്‍വരെ എടുക്കുന്ന അവസ്ഥയുണ്ടായി. എന്തുകൊണ്ട് ഡല്‍ഹിക്കും അഹമ്മദാബാദിനും മുംബൈക്കും പോലെ കൊച്ചിക്കും ഒരു സമാന്തരമായ ആകാശറെയില്‍ സംവിധാനം ആയിക്കൂടാ എന്ന ചിന്ത ഉല്‍ഭവിക്കുന്നത് തൊണ്ണൂറുകളിലാണ്. ഭാഗ്യവശാല്‍ കേരളത്തിന്റെ നിര്‍മാണരംഗത്ത് നിലനില്‍ക്കുന്ന സ്ഥലമെടുപ്പ്, തൊഴില്‍ തര്‍ക്കങ്ങളൊക്കെ അതിനാടകീയമായി തരണം ചെയ്താണ് മെട്രോ എന്ന ഹിമാലയന്‍ സ്വപ്‌നം കൊച്ചിയും കേരളവും തരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റെയില്‍സുരക്ഷാ കമ്മീഷണറുടെ പരിശോധനയിലാണ് പദ്ധതി യാത്രക്ക് പൂര്‍ണസജ്ജമാണെന്ന് വിലയിരുത്തപ്പെട്ടത്. ഇതുപ്രകാരം ഇന്നലെ ആരംഭിച്ച യാത്രക്കാരില്ലാതെയുള്ള ഇരുഭാഗത്തേക്കുമുള്ള പരീക്ഷണയോട്ടം ഏതാനുംദിവസം തുടരും. ആദ്യഘട്ടത്തില്‍ ട്രാക്കും ട്രെയിനും മറ്റുമാണെങ്കില്‍ ഇന്നലെ മുതല്‍ നിരീക്ഷിക്കുന്നത് സിഗ്നലും അനൗണ്‍സ്്‌മെന്റും ഡിസ്‌പ്ലേയും മറ്റുമാണ് പരിശോധിക്കുന്നത്. അന്തിമഅനുമതി രണ്ടുദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷ. യാത്രക്കാരുമായുള്ള ചരിത്രയോട്ടത്തിന് പ്രധാനമന്ത്രിയുടെ സമയം കാത്തിരിക്കുക യാണ് കൊച്ചിമെട്രോ.
ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയാണ് കൊച്ചിമെട്രോ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ പത്തുരൂപകൊണ്ട്് ഇരുപതുമിനിറ്റിനകം യാത്രചെയ്യാം. നാല്‍പതുരൂപയാണ് മാക്‌സിമം നിരക്ക്. ഡെബിറ്റ്കാര്‍ഡ് ടിക്കറ്റ് സംവിധാനം കൊച്ചിയുടെ പ്രത്യേകതയാണ്. രണ്ടാം ഘട്ടത്തില്‍ തൃപ്പൂണിത്തുറവരെയും മൂന്നാംഘട്ടമായി കൊച്ചി അന്താരാഷ്ട്രസ്റ്റേഡിയം മുതല്‍ ഐ.ടി നഗരിയായ കാക്കനാടുവരെയുമാണ് പദ്ധതിയുടെ സമഗ്രരൂപരേഖ. ഡല്‍ഹി മെട്രോയും കൊങ്കണ്‍ റെയില്‍വെയും മറ്റും വിഭാവനം ചെയ്യുകയും അതിസൂക്ഷ്മതയോടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്ത മലയാളിയായ മെട്രോമാന്‍ ഡോ. ഇ. ശ്രീധരനാണ് കൊച്ചി പദ്ധതിയുടെയും സ്വാഭാവികമായുള്ള നിര്‍മാതാവ്. ഡല്‍ഹി മെട്രോ റെയില്‍വെ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി ) ആണ് ഡോ. ശ്രീധരനുകീഴില്‍ ആധുനിക സംവിധാനങ്ങളോടെയുള്ള മെട്രോ സംവിധാനം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന അധികൃതരുടെ ലക്ഷ്യം ഒരു വര്‍ഷം വൈകിയാണെങ്കിലും ഫലവത്തായതുതന്നെ കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഏറെ അഭിന്ദനാര്‍ഹമാണ്. തൊഴില്‍തര്‍ക്കങ്ങളായിരുന്നു നിര്‍മാണം വൈകാനുണ്ടായ കാരണങ്ങളിലൊന്ന്. തീയതി എഴുതിവെച്ച് പൂര്‍ത്തിയാക്കാനുദ്ദേശിച്ച ആദ്യഘട്ട പദ്ധതി നാലുകൊല്ലമെടുത്തായാലും പൂര്‍ത്തിയാക്കാനായതുതന്നെ ഇച്ഛാശക്തിയുടെ ഫലമാണ്. കൊച്ചിമെട്രോ റെയില്‍കോര്‍പറേഷന്‍ ലിമിറ്റഡി( കെ.എം.ആര്‍.എല്‍) നാണ് മെട്രോയുടെ സര്‍വീസ് നടത്തിപ്പ് ചുമതല. പൊതുസ്വകാര്യപങ്കാളിത്തത്തോടെയുള്ള ( പി.പി.പി ) ധനകാര്യരീതിയാണ് ഇത്. കൊച്ചിവിമാനത്താവളകമ്പനി ( സിയാല്‍ )കേരളത്തിന് ഇക്കാര്യത്തില്‍ മാതൃകയായിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരും കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരും കൊച്ചിയുടെ കാര്യത്തില്‍ കാണിച്ച പ്രതിബദ്ധതയും അതീവതാല്‍പര്യവുമാണ് ഈ ഗംഭീരവിജയത്തിന് ഹേതു. ഏതുവിധേനയും കൊച്ചി മെട്രോട്രെയിന്‍ ഓടിക്കാണുക എന്ന വാശിയിലായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യു.ഡി.എഫ് സര്‍ക്കാരും. തുടര്‍ന്ന് കഴിഞ്ഞസര്‍ക്കാര്‍ അധികാരത്തിലിരിക്കെ മെട്രോയുടെ പരീക്ഷണയോട്ടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിന് നിര്‍വഹിക്കാനായി. ഉദ്ഘാടനദിവസം തന്നെ പദ്ധതി തൃപ്പൂണിത്തറയില്‍നിന്ന് ഒന്നരകിലോമീറ്റര്‍ കൂടി നീട്ടി പേട്ടവരെയാക്കുന്നതായി സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപനം നടത്തി. 2013 ജൂണ്‍ ഏഴിനായിരുന്നു ചങ്ങമ്പുഴ പാര്‍ക്കിനടുത്തായുള്ള ആദ്യപൈലിംഗ്. 40.409 ഹെക്ടറാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവന്നത്. സ്റ്റേഷനുകള്‍ക്കും പാര്‍ക്കിംഗിനുമായി പത്ത് ഹെക്ടറോളവും. ഇതെല്ലാം താരതമ്യേന സുഗമമായി പൂര്‍ത്തിയാക്കാനായത് പദ്ധതികള്‍ നീളുന്നത് പതിവായ സംസ്ഥാനത്തിന് വേറിട്ട അനുഭവമായി.
എറണാകുളത്തിന്റെ മാത്രമല്ല വിശാലകൊച്ചിയുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് കൊച്ചിമെട്രോ പദ്ധതി ആസുത്രണം ചെയ്തിട്ടുള്ളത്. മഹാനഗരിയെയും പറവൂര്‍, കോതമംഗലം, ആലപ്പുഴ തുടങ്ങിയ പ്രാന്തനഗരങ്ങളുടെയും ഗതാഗതാവശ്യങ്ങളും ഇവയുടെ വികസനവും കൊച്ചി മെട്രോ സാധ്യമാക്കും. ഇതുകൊണ്ടുതന്നെ തൃശൂര്‍ മുതല്‍ വടക്കോട്ടും കൊച്ചി മുതല്‍ തെക്കോട്ടുമുള്ള സംസ്ഥാനത്തിന്റെ ഗതാഗതവികസനസാധ്യതകള്‍ക്കും പ്രതീക്ഷകള്‍ ഉയരുകയാണ്. വിനോദസഞ്ചാരികളെ കൂടി ഇതുവഴി കൂടുതലായി ആകര്‍ഷിക്കാന്‍ നമുക്ക്് കഴിയുമെന്നാണ് പ്രതീക്ഷ. വര്‍ധിച്ചതോതിലുള്ള ജലഗതാഗതസംവിധാനം കൂടി ഉപയോഗപ്പെടുത്താനായാല്‍ കേരളത്തെ കായല്‍നാടായ സ്വിറ്റ്‌സര്‍ലന്റിന്റെ കൊച്ചുപതിപ്പായി മാറ്റിയെടുക്കാന്‍ ഈ പദ്ധതികൊണ്ടുതന്നെ നമുക്ക് കഴിയും. മഴക്കാറ് കണ്ടാല്‍ വെള്ളക്കെട്ടുണ്ടാകുന്ന കൊച്ചിയുടെ ശാപം തീര്‍ക്കുന്നതിനായി തേവര-പേരണ്ടൂര്‍ കനാല്‍ വൃത്തിയാക്കുന്നതിന് ഡി.എം.ആര്‍.സി തന്നെ മുന്നോട്ടുവന്നത് വലിയ മാതൃകയാണ്. വിവിധവ്യാപാരകേന്ദ്രങ്ങളെ പദ്ധതിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ്‌ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ലോകത്തോടൊപ്പം കുതിക്കാന്‍ വെമ്പല്‍കൊള്ളുന്നമലയാളിക്ക് കൊച്ചിമെട്രോ പുതിയഇന്ധനമാകുമെന്നതില്‍ സംശയമില്ല.

chandrika: