പ്രതിശുത വരന്‍ ജെന്‍സന്റെ വിയോഗത്തില്‍ തനിച്ചായിപ്പോയ ശ്രുതിക്ക് ആശ്വാസം പകര്‍ന്ന് പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായിരുന്ന രാഹുല്‍ ഗാന്ധി. ശ്രുതി ഒറ്റക്കല്ലെന്ന് ഓര്‍മ്മപ്പെടുത്തിയാണ് രാഹുല്‍ എക്‌സില്‍ കുറിച്ചത്.
”മേപ്പാടി ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ പ്രിയങ്കയും ഞാനും ശ്രുതിയെ കുറിച്ചും അവളുടെ സഹനശക്തിയെ കുറിച്ചും മനസ്സിലാക്കിയിരുന്നു. വിനാശകരമായ നഷ്ടത്തിലും ഞങ്ങളോട് പറഞ്ഞതുപോലെ അവര്‍ ധൈര്യം കൈവിടാതെ നിന്നു. ഇന്ന് അവള്‍ മറ്റൊരു ഹൃദയഭേദകമായ ദുരന്തത്തെ അതിജീവിക്കുകയാണ്. വളരെ ദുഃഖം തോന്നുന്നു. അവളുടെ പ്രതിശുത വരന്‍ ജെന്‍സനാണ് ഇല്ലാതായത്. ദുഷ്‌കരമായ ഈ സമയത്ത് നീ തനിച്ചെല്ലെന്ന് തിരിച്ചറിയുക. അതേ അചഞ്ചലമായ ചൈതന്യത്തോടെ മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവും ഉണ്ടാകട്ടെ.” എന്നാണ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചത്.
വയനാട് ഉരുള്‍പൊട്ടലില്‍ അച്ഛന്‍, അമ്മ, സഹോദരി എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പതു പേര്‍ മരിച്ചിരുന്നു. പിന്നീട് ശ്രുതിക്ക് താങ്ങും തണലുമായി നിന്നിരുന്നത് ജെന്‍സനായിരുന്നു.
കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ജെന്‍സന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.