നാം മാറുകയാണ്. റമസാന്‍ നമ്മെ മാറ്റുകയാണ്. ചിന്തകളിലും ശീലങ്ങളിലും സമൂലമായ പരിവര്‍ത്തനത്തിനു വഴിയൊരുക്കുന്ന റമസാന്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നവരാണ് വിവേകികള്‍. ആത്മാവിന്റെ ദാഹവും വിശപ്പും അകറ്റാന്‍ കഠിനമായി പരിശ്രമിക്കുകയാണ് പ്രധാനം. വിശപ്പിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ശരീരവും ആരാധനാധി കര്‍മങ്ങളിലൂടെ മനസ്സും പാകപ്പെടുത്തുന്ന നാം ദൈവിക വെളിച്ചത്തെ സ്വാംശീകരിച്ച് ജീവിത ലക്ഷ്യത്തെ സാക്ഷാത്കരിക്കുംവിധം ആത്മാവിനെ പവിത്രീകരിക്കേണ്ടിയിരിക്കുന്നു.
നല്ല ആത്മാവ് മോശപ്പെട്ട ആത്മാവ് എന്നൊക്കെ പങ്കുവെക്കപ്പെടുന്നത് ശരീരവും മനസ്സും ആത്മാവും ഒരു പോലെ വഴിപ്പെടുകയും വഴിപ്പെടാതിരിക്കുകയും ചെയ്യുന്നതിലെ വ്യത്യാസമനുസരിച്ചാണ്. അനുസരിക്കുന്നവന്‍, ധിക്കരിക്കുന്നവന്‍ എന്ന രണ്ട് തലങ്ങളാണ് സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തിലുള്ളത്. വിശുദ്ധിയുടെ വ്രതനാളുകളിലെ ആത്മീയ ശിക്ഷണത്തിലൂടെ പ്രഥമ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ നാം പരിശ്രമിക്കുകയാണ് വേണ്ടത്. അതിന് പടച്ചവനോടും പടപ്പുകളോടും സൂക്ഷ്മതയില്‍ ജീവിക്കാന്‍ നമുക്ക് കഴിയണം. ആരാധനയും വ്യവഹാരവും വിശ്വാസ മാര്‍ഗത്തില്‍ ഒരുപോലെ പ്രധാനമാണ്. ആത്മാവിനെ ശുദ്ധീകരിച്ചവന്‍ വിജയിച്ചു, അത് മലിനപ്പെടുത്തിയവന്‍ പരാജയപ്പെട്ടു എന്ന ഖുര്‍ആന്‍ വചനം ഏറെ ചിന്തനീയമാണ്.
പ്രവാചക സന്നിധിയില്‍ അനുചരന്മാരുടെ സംഭാഷണത്തില്‍ മുന്നിലൂടെ കൊണ്ടുപോകുന്ന ഒരു മയ്യിത്തിനെ കുറിച്ചു വളരെ മികച്ച അഭിപ്രായം കേള്‍ക്കാനിടയായി. അയാളുടെ നന്മയെക്കുറിച്ച് അവര്‍ക്ക് നൂറു നാവാണ്. പ്രവാചകന്‍ പ്രതിവചിച്ചു: ‘നിര്‍ബന്ധമായി, നിര്‍ബന്ധമായി, നിര്‍ബന്ധമായി’. മൂന്നു തവണ ഒരേ പദം ആവര്‍ത്തിച്ചു പറയുമ്പോള്‍ ചുറ്റുമുള്ളവര്‍ക്ക് വലിയ കൗതുകം. മറ്റൊരിക്കല്‍ ഇത് പോലെ ഒരു മൃതദേഹം വഹിച്ചു പോകുമ്പോള്‍ അനുചരന്മാരുടെ പ്രതികരണം കേള്‍ക്കാനിടയായി. മരിച്ച വ്യക്തിയെക്കുറിച്ച് സര്‍വര്‍ക്കും മോശം മാത്രമേ പറയാനുള്ളൂ. നേരത്തെ നാട് നീങ്ങേണ്ടതായിരുന്നു എന്ന മട്ടില്‍ പറയുന്നത് കേട്ടപ്പോള്‍ പ്രവാചകര്‍ അതേ പദം മൂന്നുതവണ ആവര്‍ത്തിച്ചു. ‘നിര്‍ബന്ധമായി, നിര്‍ബന്ധമായി, നിര്‍ബന്ധമായി’. ഇത്തവണ അവര്‍ ആകാംക്ഷയോടെ ചോദിച്ചു, അങ്ങെന്താണ് രണ്ട് ഘട്ടത്തിലും ഒരുപോലെ പ്രതികരിച്ചത്. നബി അരുളി: ‘ആദ്യത്തെ ആത്മാവിനെ കുറിച്ചു നിങ്ങള്‍ക്കൊക്കെ നല്ല അഭിപ്രായമാണല്ലോ അതുകൊണ്ട് തന്നെ അവര്‍ക്ക് സ്വര്‍ഗം നിര്‍ബന്ധമായിരിക്കുന്നു. എന്നാല്‍ രണ്ടാമത്തെയാളെ കുറിച്ചു നിങ്ങള്‍ പറഞ്ഞതത്രയും കുറ്റങ്ങളും കുറവുകളുമാണല്ലോ. അതുകൊണ്ട് തന്നെ അവര്‍ക്ക് നരകവും നിര്‍ബന്ധമായിരിക്കുന്നു’. ചുരുക്കത്തില്‍ മാലോകരുടെ അഭിപ്രായത്തിലാണ് മാലാഖമാരുടെയും അഭിപ്രായം.
കൂടെ ജീവിക്കുന്നവര്‍ നല്ലത് പറഞ്ഞാല്‍ സ്വര്‍ഗത്തില്‍ കുറഞ്ഞ എന്തുണ്ട് പ്രതിഫലം. വ്യവഹാരങ്ങളില്‍ സൂക്ഷ്മതയും മനുഷ്യരോടുള്ള സമ്പര്‍ക്കത്തില്‍ മാന്യതയും കാണിക്കാതെ വിശ്വാസം സമ്പൂര്‍ണമാവില്ല. ആത്മാവ് മെച്ചപ്പെടുന്തോറും ചുറ്റുമുള്ളവര്‍ക്ക് പരിമളം വിതക്കുന്ന സാന്നിധ്യങ്ങളായി മാറുക സ്വാഭാവികമാണ്.