പി.കെ.ഷറഫുദ്ദീന്‍
കുടുംബശ്രീ ത്രിതല സംഘടനാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിജ്ഞാപനം പുറത്തിറങ്ങിയതോടെ തുടക്കമാവുകയാണ്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് ഇത്തവണ കോവിഡ് സാഹചര്യത്തില്‍ ഒരു വര്‍ഷം വൈകിയാണ് നടത്തുന്നത്. കക്ഷിരാഷ്ട്രിയത്തിനപ്പുറമുള്ള കൂട്ടായ്മയായ കുടുംബശ്രീ സംവിധാനത്തിന് തിരഞ്ഞെടുപ്പ് രീതി വന്നതോടെ രാഷ്ട്രീയ നിറവും കൈവന്നിരിക്കയാണ്. ഈ പശ്ചാത്തലത്തില്‍ കുടുംബശ്രീ തിരഞ്ഞെടുപ്പ് രീതിയെ ഒന്ന് പരിചയപ്പെടാം.
കുടുംബശ്രീ അയല്‍ക്കൂട്ടം, എ.ഡി.എസ് , സി.ഡി.എസ് തലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒരു കുടുംബശ്രീ യൂണിറ്റില്‍ നിന്നും 5 ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതാണ് ഒന്നാം ഘട്ടം. ഇത്തരത്തില്‍ ഒരു വാര്‍ഡിലെ എല്ലാ കുടുംബശ്രീയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ വീതം ഒന്നിച്ച് ചേര്‍ന്ന് വാര്‍ഡ് തലത്തിലെ 11 അംഗ എ.ഡി.എസ് ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതും ഈ ഭരണസമിതി പ്രത്യേകമായി ചേര്‍ന്ന് ചെയര്‍പേഴ്‌സണ്‍ , വൈസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുക്കുന്നതുമാണ് രണ്ടാം ഘട്ടം. ഒരു തദ്ദേശ സ്ഥാപനത്തിലെ ഓരോ വാര്‍ഡിലെയും എ.ഡി.എസ് ഭരണ സമിതിയിലെ 11 പേര്‍ ചേര്‍ന്ന് ഓരോ പ്രതിനിധിയെ സി.ഡി.എസിലേക്ക് തിരഞ്ഞെടുക്കുന്നതും ഇത്തരത്തില്‍ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് അംഗങ്ങള്‍ ചേര്‍ന്ന് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതുമാണ് അന്തിമ ഘട്ടം. ഇവ പൂര്‍ത്തീകരിച്ച് 2022 ജനുവരി 26 ന് പുതിയ സി.ഡി.എസ് ഭരണ സമിതികള്‍ അധികാരമേല്‍ക്കും.മൂന്നില്‍ രണ്ടാണ് എല്ലാ തലത്തിലെയും തിരഞ്ഞെടുപ്പ് യോഗത്തിന്റെ ക്വാറം. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് 90 ദിവസം മുമ്പ് (2021 സെപ്തംബര്‍ 21ന് മുമ്പ്) രൂപീകരിക്കപ്പെട്ട കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ക്ക് മാത്രമേ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. ഇത്തരം കുടുംബശ്രീ യൂണിറ്റുകളുടെ അന്തിമ ലിസ്റ്റ് ഇന്നലെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുടുംബശ്രീ അയല്‍ക്കൂട്ടം
ഡിസംബര്‍ 22 മുതല്‍ 26 വരെയുള്ള തിയ്യതികളില്‍ കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുന്നതിനുള്ള ഒരു താല്‍ക്കാലിക അധ്യക്ഷയെ തിരഞ്ഞെടുക്കും. കുടുംബശ്രീ തിരഞ്ഞെടുപ്പിനുള്ള തിയ്യതിയും സ്ഥലവും സമയവും കുടുംബശ്രീ യോഗത്തില്‍ വെച്ച് നിശ്ചയിക്കും. ജനുവരി 7 മുതല്‍ 13വരെയുള്ള തിയ്യതികളിലാണ് ഈ തിരഞ്ഞെടുപ്പ് നടക്കുക. നേരത്തെ തിരഞ്ഞെടുത്ത താല്‍ക്കാലിക അധ്യക്ഷയാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുക. പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കണ്‍വീനര്‍, സാമൂഹ്യവികസന ഉപസമിതി കണ്‍വീനര്‍, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കണ്‍വീനര്‍ എന്നിങ്ങനെ അഞ്ച് പേരെയാണ് തിരഞ്ഞെടുക്കേണ്ടത്. പ്രസിഡന്റ്, സെക്രട്ടറി എന്നിവരില്‍ ഒരാള്‍ ബി.പി.എല്‍ കുടുംബാംഗമായിരിക്കണം. ഒരാള്‍ പോലും ബി.പി.എല്‍ അംഗങ്ങളില്ലാത്ത കുടുംബശ്രീ യൂണിറ്റിന് ഇത് ബാധകമല്ല. ഒരു കുടുംബശ്രീ അയല്‍കൂട്ടത്തിലെ ആകെ അംഗങ്ങളില്‍ 75 ശതമനാത്തിലേറെ ബി.പി.എല്‍ വിഭാഗമാണെങ്കില്‍ അഞ്ച് ഭാരവാഹികളില്‍ 4പേരും ഈ വിഭാഗത്തില്‍ നിന്നായിരിക്കണം. 51 മുതല്‍ 75 ശതമാനം വരെയാണെങ്കില്‍ 3 ഭാരവാഹികളും 25മുതല്‍ 50 ശതമാനം വരെയാണെങ്കില്‍ 2 പേരും അതിന് താഴെയെങ്കില്‍ ഒരാളും ബി.പി.എല്‍ വിഭാഗത്തില്‍ നിന്നായിരിക്കണം. പട്ടികജാതി ,പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ഇതേ പ്രകാരമാണ് സംവരണം കണക്കാക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗവിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ബി.പി.എല്‍ കുടുംബാംഗങ്ങളാണെങ്കില്‍ അവരെ ബി.പി.എല്‍ സംവരണത്തില്‍ കൂടി കണക്കാക്കുന്നതാണ്.(ഉദാ: കുടുംബശ്രീയിലെ ആകെ എണ്ണം 18, ബി.പി.എല്‍ 12, പട്ടികജാതി 6, പട്ടികവര്‍ഗം 2 എന്നിങ്ങനെയാണെങ്കില്‍ 5 ഭാരവാഹികളില്‍ പട്ടികജാതി2, പട്ടികവര്‍ഗം1, ബി.പി.എല്‍ 3 എന്നിങ്ങനെയാണ് സംവരണം. പട്ടികജാതി/പട്ടികവര്‍ഗം വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 3 പേരും ബി.പി.എല്‍ കുടുംബമാണെങ്കില്‍ മറ്റ് രണ്ട് എണ്ണം ജനറല്‍ ആയി കണക്കാക്കി തിരഞ്ഞെടുക്കാവുന്നതാണ്)
സ്ഥാനങ്ങളിലേക്ക് ഒരു അംഗം പേര് നിര്‍ദ്ദേശിക്കുകയും മറ്റൊരാള്‍ പിന്താങ്ങുകയും വേണം. യോഗത്തില്‍ ഒരു സ്ഥാനത്തേക്ക് ഒന്നിലധികം പേരെ നിര്‍ദ്ദേശിക്കപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥികളുടെ പേര് എഴുതിയ ബാലറ്റ് പേപ്പര്‍ തയ്യാറാക്കി തിരഞ്ഞെടുപ്പ് നടക്കും. വോട്ട് ചെയ്യാനാഗ്രഹിക്കുന്ന വ്യക്തിയുടെ പേരിന് നേരെ ത (ഗുണനം) മാര്‍ക്കാണ് നല്‍കേണ്ടത്. തുല്യ വോട്ട് വരുന്ന സാഹചര്യത്തില്‍ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും.
എ.ഡി.എസ് തിരഞ്ഞെടുപ്പ്
ഒരു വാര്‍ഡില്‍ ഒരു എ.ഡി.എസ് കമ്മിറ്റിയാണുണ്ടാവുക. വാര്‍ഡിലെ ഓരോ കുടുംബശ്രീയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 5 അംഗ ഭരണസമിതിയാണ് എ.ഡി.എസ് തിരഞ്ഞെടുപ്പിലെ വോട്ടര്‍മാര്‍. 20 കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡില്‍ എ.ഡി.എസ് തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ എണ്ണം 100 ആയിരിക്കും. ഇവരുടെ യോഗം 2022 ജനുവരി 16 മുതല്‍ 21 വരെയുള്ള തിയ്യതികളിലാണ് നടത്തപ്പെടുക. ഇതിനായി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥനാണ് തിരഞ്ഞെടുപ്പ് യോഗത്തില്‍ അധ്യക്ഷത വഹിക്കുക. 11 അംഗ ഭരണസമിതിയെയാണ് തിരഞ്ഞെടുക്കേണ്ടത്. ഇതില്‍ 6 പേര്‍ ബി.പി.എല്‍ വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണം. എ.ഡി.എസ് പൊതുസഭാ അംഗങ്ങളില്‍ 50 ശതമാനത്തിന് മുകളില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരാണെങ്കില്‍ 11ല്‍ 4 പേരും ഈ വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണം. 36മുതല്‍ 50 ശതമാനം വരെയെങ്കില്‍ മൂന്നും 16 മുതല്‍ 35 ശതമാനം വരെയെങ്കില്‍ രണ്ടും 5 മുതല്‍ 15 ശതമാനം വരെയെങ്കില്‍ ഒന്നുമാണ് സംവരണം നിശ്ചയിച്ചത്. പട്ടികവര്‍ഗ വിഭാഗത്തിനും ഇതേക്രമത്തിലാണ് സംവരണം. കൂടുതല്‍ പേരുകള്‍ നിശ്ചയിക്കപ്പെട്ടാല്‍ പേരെഴുതിയ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടക്കും. സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ വോട്ട് ലഭിച്ച 11 പേരെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. ഈ 11 പേര്‍ പ്രത്യേകമായി യോഗം ചേര്‍ന്ന് ഭൂരിപക്ഷ അഭിപ്രായപ്രകാരം ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍. സെക്രട്ടറി എന്നീ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ഇവരുടെ പേര് വിവരം പൊതുയോഗത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പ്രഖ്യാപിക്കുകയും വേണം. ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നിവരില്‍ ഒരാള്‍ ബി.പി.എല്‍ കുടുംബാംഗമായിരിക്കണം.
സി.ഡി.എസ് തിരഞ്ഞെടുപ്പ്
ഒരു തദ്ദേശ സ്ഥാപനത്തിലെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 11 വീതം അംഗങ്ങള്‍ ചേര്‍ന്നതാണ് സി.ഡി.എസ് പൊതുസഭ. ഇവരുടെ യോഗം സി.ഡി.എസ് തിരഞ്ഞെടുപ്പ് വരണാധികാരിയുടെ അധ്യക്ഷതയില്‍ ജനുവരി 25ന് ചേരും. ഈ യോഗത്തില്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ കുറിച്ച് വിവരിച്ച ശേഷം എ.ഡി.എസ് അംഗങ്ങള്‍ പ്രത്യേകം പ്രത്യേകം യോഗം ചേരും. ഓരോ 11 അംഗ എ.ഡി.എസില്‍ നിന്നും ഒരു അംഗത്തെ സി.ഡി.എസിലേക്ക് അതത് എ.ഡി.എസ് ഭരണസമിതി തിരഞ്ഞെടുക്കും. ഇവരാണ് സി.ഡി.എസ് ഭരണസമിതി അംഗങ്ങള്‍. സി.ഡി.എസ് അംഗങ്ങളില്‍ 50 ശതമാനം പേര്‍ ബി.പി.എല്‍ കുടുംബാംഗങ്ങളായിരിക്കണം. സി.ഡി.എസ് അംഗങ്ങളില്‍ പട്ടികജാതി ,പട്ടികവര്‍ഗ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്. സി.ഡി.എസ് പൊതുസഭയിലെ ആകെ അംഗങ്ങളില്‍ നിന്ന് സി.ഡി.എസ് പൊതുസഭയിലെ ആകെ പട്ടികജാതി അംഗങ്ങളെ ഹരിച്ച് കിട്ടുന്ന സംഖ്യയെ ആകെ സി.ഡി.എസ് ഭരണസമിതി അംഗങ്ങളെ കൊണ്ട് ഗുണിച്ച് കിട്ടുന്ന എണ്ണമാണ് സി.ഡി.എസ് ഭരണസമിതിയിലെ എസ്.സി സംവരണം. (ഉദാ: പഞ്ചായത്തിലെ ആകെ വാര്‍ഡുകള്‍ 22, സി.ഡി.എസ് പൊതുസഭയിലെ അംഗങ്ങളുടെ എണ്ണം 242(22ത11), സി.ഡി.എസ് പൊതുസഭയിലെ പട്ടികജാതി അഗംങ്ങളുടെ എണ്ണം 32, ഈ പഞ്ചായത്തിലെ സി.ഡി.എസിലെ പട്ടികജാതി സംവരണം 3 ( 32/242 ഃ22) ആയിരിക്കും. പട്ടികവര്‍ഗ വിഭാഗ സംവരണവും ഇതേ രീതിയിലാണ് കണക്കാക്കുക. പട്ടികജാതി, എ.ഡി.എസ് ഭരണസമിതി ചേര്‍ന്ന് സി.ഡി.എസ് അംഗങ്ങളെ തെരഞ്ഞെടുത്ത ശേഷം മുഴുവന്‍ വാര്‍ഡുകളില്‍ നിന്നുമുള്ള സി.ഡി.എസ് അംഗങ്ങള്‍ ചേര്‍ന്ന് സി.ഡി.എസ് ചെയര്‍ പേഴ്‌സണെയും വൈസ് ചെയര്‍പേഴ്‌സണെയും തിരഞ്ഞെടുക്കും. ഇതില്‍ ഒരാള്‍ ബി.പി.എല്‍ കുടുംബാംഗമായിരിക്കണം.
യോഗ്യതയും അയോഗ്യതയും
21 വയസ്സ് പൂര്‍ത്തീകരിച്ചവര്‍ക്കാണ് വിവിധ തലങ്ങളിലേക്ക് മത്സരിക്കാനുള്ള അര്‍ഹത.കുടുംബശ്രീ അയല്‍കൂട്ടം പ്രസിഡന്റ്, സെക്രട്ടറി സ്ഥാനത്തേക്ക് തുടര്‍ച്ചയായി മൂന്ന് തവണയും എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തുടര്‍ച്ചയായി രണ്ട് തവണയും മാത്രമേ തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുള്ളു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നാളിതുവരെ തുടര്‍ച്ചയായോ അല്ലാതെയോ രണ്ട് തവണയില്‍ കൂടുതല്‍ ഒരാള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യപൊതുമേഖല സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിവയിലെ സ്ഥിരം ജീവനക്കാര്‍, ജനപ്രതിനിധികള്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങി ശമ്പളമോ ഹോണറേറിയമോ കൈപറ്റുന്നവര്‍ എന്നിവര്‍ക്ക് അയല്‍കൂട്ടം പ്രസിഡന്റ്, സെക്രട്ടറി, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി വൈസ് ചെയര്‍പേഴ്‌സണ്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ യോഗ്യതയുണ്ടായിരിക്കുന്നതല്ല.