പാരിസ്: ഫ്രാന്‍സിനെ നടുക്കി തലസ്ഥാനമായ പാരിസില്‍ യുവാവിന്റെ കുത്തേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവെച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തിട്ടുണ്ട്. പാരിസില്‍ പ്രശസ്തമായ ഓപ്പറാ ഹൗസിനു സമീപം ബാറുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്.
വാരാന്ത്യ ദിനമായതിനാല്‍ പ്രദേശത്ത് നല്ല തിരക്കുണ്ടായിരുന്നു. 29കാരനായ കാല്‍നട യാത്രക്കാരനാണ് കൊല്ലപ്പെട്ടത്. 54ഉം 26ഉം വയസുള്ള രണ്ട് സ്ത്രീകളും പരിക്കേറ്റവരില്‍ പെടും. ബ്ലാക്ക് ട്രാക്ക്‌സ്യൂട്ട് ട്രൗസറുകള്‍ ധരിച്ച ഒരു യുവാവാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബാറുകളിലേക്കും റെസ്റ്റോറന്റുകളിലേക്കും പ്രവേശിക്കാന്‍ അക്രമി ശ്രമിച്ചെങ്കിലും ആളുകള്‍ തടയുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ചെചന്‍ വംശജനായ ഫ്രഞ്ച് പൗരനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 1997ല്‍ ചെച്‌നിയയില്‍ ജനിച്ച ഇയാള്‍ ഫ്രഞ്ച് ഇന്റലിജന്‍സിന്റെ നിരീക്ഷണ പട്ടികയിലുള്ള വ്യക്തിയാണ്. അക്രമിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കിലും ദേശീയ സുരക്ഷക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഇയാളുടെ പേരുണ്ട്.