X

മുട്ടില്‍ മരം മുറി കേസ്; നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി, ആരോപണ വിധേയന് സ്ഥാനക്കയറ്റം

തിരുവനന്തപുരം: വിവാദമായ മുട്ടില്‍ മരം മുറി കേസില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കണ്ണൂര്‍ സി.സി.എഫ് കെ. വിനോദ് കുമാറിനെയാണ് അപ്രധാന തസ്തിക നല്‍കി കൊല്ലത്തേക്ക് മാറ്റിയത്. സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ എന്നതാണ് വിനോദ് കുമാറിന്റെ പുതിയ ചുമതല. അതേ സമയം കേസില്‍ ആരോപണ വിധേയനായ എന്‍.ടി സാജനെ ദക്ഷിണ മേഖല വനം സര്‍ക്കിള്‍ മേധാവിയായി സ്ഥാനക്കയറ്റം നല്‍കി.

മുട്ടില്‍ കേസ് പ്രതികള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് വനംവകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയ വ്യക്തിയാണ് എന്‍.ടി രാജന്‍. നേരത്തെ സാജനെ അപ്രധാന തസ്തികയിലേക്ക് സ്ഥലം മാറ്റാനായിരുന്നു തീരുമാനമെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. സാജനെതിരെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ വിനോദ് കുമാറിന് അപ്രധാനമായ തസ്തിക നല്‍കിയപ്പോള്‍, ഇതേ ജില്ലയില്‍ ഉയര്‍ന്ന ചുമതലയാണ് ആരോപണ വിധേയന് സര്‍ക്കാര്‍ നല്‍കിയത്.

മുട്ടില്‍ മരം മുറിക്കേസിലെ സംയുക്ത അന്വേഷണം പുരോഗമിക്കെയാണ് സര്‍ക്കാര്‍ പ്രതികള്‍ക്ക് അനുകൂലമായ സ്ഥലംമാറ്റ ഉത്തരവിറക്കിയത്. വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ശുപാര്‍ശയില്ലാതെയും സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ അനുമതിയില്ലാതെയുള്ള സ്ഥലം മാറ്റത്തില്‍ പ്രതിഷേധവുമായി വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിയെ കണ്ടു. രണ്ടു വര്‍ഷം തികയുന്നതിനു മുന്‍പ് ഐ.എഫ്.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെങ്കില്‍ സിവില്‍ സര്‍വീസസ് ബോര്‍ഡ് യോഗം ചേര്‍ന്ന്, ഉദ്യോഗസ്ഥരുടെ ഭാഗം കൂടി കേള്‍ക്കണം. സി.എസ്ബിയുടെ ശുപാര്‍ശ സര്‍ക്കാരിനു തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. എന്നാല്‍ ഇത്തരം നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇപ്പോഴത്തെ സ്ഥലം മാറ്റം.

വിരമിക്കാന്‍ ആറു മാസം ശേഷിക്കുന്ന സാജന് ഭാവിയില്‍ ഉത്തരമേഖല സി.സി.എഫ് ചുമതലയിലേക്കു സ്ഥലം മാറ്റം നല്‍കാനുള്ള കുറുക്കുവഴിയാണ് ഇതെന്നാണ് ആക്ഷേപം. സ്ഥലം മാറ്റത്തിനെതിരെ ഉദ്യോഗസ്ഥര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുമെന്നാണ് സൂചന. അതെ സമയം സ്ഥലം മാറ്റത്തെ ന്യായീകരിച്ച് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ രംഗത്തുവന്നു. സ്ഥലം മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Test User: