കൊച്ചി: മതം മാറിയ പെണ്‍കുട്ടികളെ തടവിലിട്ട് പിഡിപ്പിച്ചതായി പരാതി നല്‍കിയതിനെ തുടര്‍ന്ന് കണ്ടനാട് യോഗാ കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെ കേസ്. അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പീഡനമേറ്റുവാങ്ങി രക്ഷപെട്ട യുവതിയാണ് പരാതി നല്‍കിയത്. വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കുവാനായി ഉദയംപേരൂരുള്ള കണ്ടനാട് യോഗ പരിശീലന കേന്ദ്രത്തില്‍ എത്തിച്ച യുവതിക്കാണ് തടങ്കലില്‍ പീഡനമേറ്റത്.
കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയുടെ പരാതിയെ തുടര്‍ന്ന് യോഗ പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ ഉള്‍പ്പടെ 6 പേര്‍ക്ക് എതിരെയാണ് ഉദയംപേരൂര്‍ പോലീസ് കേസ് എടുത്തത്. വക്കീലായ യുവതി അന്യമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സഹോദരിയുടെ ഭര്‍ത്താവ് ആണ് യുവതിയെ യോഗകേന്ദ്രത്തില്‍ എത്തിച്ചതെന്ന് പറയുന്നു.
തുടര്‍ന്ന് ഒരു മാസത്തോളം ഈ കേന്ദ്രത്തില്‍ യുവതിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു എന്നും ദേഹോപദ്രവം ഏല്‍പ്പിച്ചുവന്നതായും പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് നടത്തിപ്പുകാരന്‍ ഗുരുജി എന്ന് വിളിക്കുന്ന മനോജ്, സഹായി ശ്രീജേഷ്, സഹോദരി ഭര്‍ത്താവ് മനു, ട്രയിനര്‍മാരായ സുജിത്, സുമിത, ലക്ഷ്മി എന്നിവര്‍ക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. പരാതിയില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.
65 ഓളം പെണ്‍കുട്ടികളെയാണ് ഇവിടെ തടങ്കലില്‍ ഇട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതെന്ന് ഈ കേന്ദ്രത്തില്‍ നിന്നും രക്ഷപെട്ട പെണ്‍കുട്ടി പറയുന്നു. മതം മാറിപോകുന്ന പെണ്‍കുട്ടികളെ ഹിന്ദുസനാതന ധര്‍മം പഠിപ്പിക്കുന്നതിനാണത്രെ തൃപ്പൂണിത്തുറ കണ്ടനാടുള്ള യോഗാ കേന്ദ്രത്തില്‍ ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ യുവാവ് മതം മാറി ഹിന്ദുവാകണമെന്നും അല്ലെങ്കില്‍ വിവാഹ ബന്ധം വേര്‍പെടുത്തി പെണ്‍കുട്ടി ഹിന്ദുമതത്തിലേക്ക് തിരിച്ച് വന്ന് ഹിന്ദു യുവാവിനെ വിവാഹം കഴിക്കണമെന്നും കേന്ദ്രത്തിലുള്ള മനോജ് ഗുരുജിയും സംഘവും ആവശ്യപ്പെട്ട് തന്നെ മര്‍ദ്ദിച്ചതായി പെണ്‍കുട്ടി പറയുന്നു.
ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങാത്തവരെ കൈകള്‍ ഷാള്‍ കൊണ്ട് കെട്ടി ക്രൂരമായി മര്‍ദ്ദിക്കുമത്രെ. ലൈംഗീകമായും മാനസികമായും ഉള്ള പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ബാത്‌റൂമിന്റെ വാതിലിന് കൊളുത്തുപോലുമില്ലത്രെ. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച ആതിരയെയും ഇവിടെ കൊണ്ടുവന്ന് പീഡിപ്പിച്ചിരുന്നതായും പെണ്‍കുട്ടി പറയുന്നു. 22 ദിവസം ഇവിടെ പാര്‍പ്പിച്ച ആതിര കഴിഞ്ഞ ദിവസം മാതാപിതാക്കളോടൊപ്പം വാര്‍ത്താ സമ്മേളനം നടത്തി താന്‍ ഹിന്ദുമതത്തിലേക്ക് തിരിച്ച് പോകുന്നതായി പറഞ്ഞിരുന്നു.