സിപിഐ ദേശീയ തലത്തിലും കേളത്തിലും കോൺഗ്രസ്സ് മുന്നണിയിൽ നിൽക്കുന്നതാണ് അഭികാമ്യമെന്നും
അവസാനം സിപിഎം എന്ന പാർട്ടി യും കോൺഗ്രസ്സ് മുന്നണിയുടെ ഭാഗമാകുമെന്നും കെ.എൻ .എ ഖാദർ അഭിപ്രായപ്പെട്ടു. ഫാസിസ്റ്റ് വർഗ്ഗീയ വംശീയ വലതു പക്ഷ മേധാവിത്വത്തിന്റെ ഈ കെട്ട കാലത്ത് ജനാധിപത്യ മതേതര ഇന്ത്യ പൂർണ്ണമായും ഇല്ലാതാവുന്നതിനു മുമ്പ് സിപിഐ എന്ന ഈ കമ്മ്യൂണിസ്റ്റ് മാതാവിനു ചരിത്ര ദൗത്യങ്ങൾ നിറവേറ്റണമെന്ന് ബോധ്യമുണ്ടെങ്കിൽ വിശാല മായ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയിൽ അണിചേരുക .സിപിഎം സൃഷ്ടിച്ച സെക്ടേറിയൻ തടവറയിൽ നിന്നും പുറത്തു ചാടുക. എന്നും അദ്ദേഹം തന്റെ ഫെയ്സ് ബുക് പോസ്റ്റിൽ കുറിച്ചു.
അദ്ദേഹത്തിന്റെ ഫെയ്സ് ബുക് പോസ്റ്റ് ;
സിപിഐ ദേശീയ തലത്തിലും കേളത്തിലും കോൺഗ്രസ്സ് മുന്നണിയിൽ നിൽക്കുന്നതാണ് അഭികാമ്യം.ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ സ്വീകരിക്കാവുന്ന നയം സിപിഐ ചെയർമാൻ ശ്രീപാദ് അമൃതപാദ് ഡാംഗെ വർഷങ്ങൾക്ക് മുമ്പ് വിഭാവനം ചെയാതതാണല്ലൊ.ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ അധികാരത്തിൽ എത്തിയത് സിപിഐ ആണല്ലൊ.ആ മന്ത്രി സഭയുടെ തകർച്ചക്കു ശേഷം പാർട്ടി ദേശീയ ജനാധിപത്യ മുന്നണി എന്ന അതിന്റെ നയം പ്രാവർത്തികമാക്കാൻ ശ്രമം ആരംഭിച്ചു. അത് വിജയകരമായി. വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് മികച്ച വിജയം ഉണ്ടായി.കേരളത്തിൽ മുഖ്യമന്ത്രി പദവിയും ബംഗാളിൽ മന്ത്രി പദവികളും ബീഹാർ പോലുള്ള അനവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എംഎൽഎമാരും എംപിമാരും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തവും പാർട്ടി നേടി.സാർവ്വ ദേശീയ തലത്തിൽ ലോകത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചിലതൊഴികെ എല്ലാവരും സിപിഐക്ക് അംഗീകാരം നൽകി പരസ്പരധാരണയോടെ പ്രവർത്തിച്ചു.ചൈനയും അൽബേനിയും മറ്റൊരു പാർട്ടിയോടും യോജിച്ചില്ല.സിപിഐ ക്ക് ഇത്ര അംഗീകാരവും നേട്ടങ്ങളും ജനപിന്തുണയും പിന്നീട് ഒരിക്കലും ഉണ്ടായില്ല.എല്ലാം അവർ നഷ്ടപ്പെടുത്തി. 1978ലെ പതിനൊന്നാം പാർട്ടി കോൺഗ്രസ് സിപിഎം നു മുമ്പിൽ എല്ലാം അടിയറ വെച്ചു.മുഖ്യമന്ത്രി യായിരുന്ന പികെവിയെ രാജിവെപ്പിച്ചു ഭരണം സിപിഎമ്മിനു കൊടുത്തു അതിന്റെ ജൂനിയർ പാർട്ടണർ ആയി.അതോടെ എല്ലാം അട്ടിമറിഞ്ഞു. പിന്നീട് ഓരോ ദിവസവും പാർട്ടി ചെറുതായി ചെറുതായി വന്നു. നേതാക്കൾക്ക് ശൗര്യം നഷ്ടമായി. പലരും പാർട്ടി വിട്ടു പോയി.അനേകം ബുദ്ധിയും യുക്തിയും രാഷ്ട്രീയ പരിജ്ഞാനവും ഉള്ള നേതാക്കൾ പാർട്ടിയിൽ വേദന കടിച്ചമർത്തി കഴിഞ്ഞു പോന്നു ചിലരൊക്കെ ഇടക്കിടെ പൊട്ടി ത്തെറിച്ചു.പക്ഷേ ഫലമുണ്ടായില്ല. മൊത്തം പാർട്ടിയെ പഴയ നയങ്ങളിലേക്കു തിരിച്ചു കൊണ്ട് പോവാൻ അവർക്കു കഴിഞ്ഞില്ല. ആ തലമുറയിൽ പെട്ടവർ ഓരോരുത്തരായി വിടവാങ്ങി.പിൻതുടച്ചക്കാർ ആ റിസ്ക് എടുക്കാൻ മിനക്കെട്ടില്ല.പലപാർട്ടി കോൺഗ്രസ്സുകൾ പിന്നെയും നടന്നു. ചിലമാറ്റങ്ങൾ നയ നിലപാടുകളിൽ വന്നു. ഇടതു ജനാധിപത്യ മതേതര ബദൽ പോയി ജനാധിപത്യമതേതര ഇടതു ബദൽ പുനസ്ഥാപിച്ചു വെന്ന് കേട്ടു.അതു രണ്ടും മാർക്സിയൻ കാഴ്ചപ്പാടിൽ ഏറെ വ്യത്യസ്തമാണ്.ദേശീയ ജനാധിപത്യ മുന്നണി പക്ഷെ പ്രാവർത്തികമാക്കാൻ ശ്രമം നടന്നില്ല.ഇന്നല്ലെങ്കിൽ പിന്നെ എന്ന്? എന്ന ചോദ്യത്തിനു എന്റെ ഉത്തരം പിന്നെ ഒരിക്കലും ഉണ്ടാവില്ല എന്നാണ്.അടിയന്തിരാവസ്ഥക്കാലത്ത് ചില തൽപര കക്ഷികൾ പാർട്ടി ക്കെതിരെ അഴിച്ചു വിട്ട ദുഷ്പ്രചരണങ്ങളെ പാർട്ടി വൈകാരികമായി നേരിട്ടതാണ് ഈ തെറ്റായ നയത്തിലേക്ക് പാർട്ടിയെ നയിച്ചത്. താത്വികമായും വസ്തു നിഷ്ഠമായും വിവേകത്തോടെയും നേരിടാൻ കഴിയുമായിരുന്നു ഭട്ടിൻഡാ കോൺഗ്രസ്സിൽ ബദൽ രേഖകൾ ഉണ്ടായിരുന്നു. തെറ്റിലേക്ക് വഴുതി വീഴാതിരിക്കാൻ ജാഗ്രത പാലിച്ച ഉന്നത രായ നേതിക്കളെയും അഭിപ്രായങ്ങളെയും അന്ന് അവണിച്ചു.ഡാംഗെ എസ്സ് ജി സർദേശായി മൊഹിത് സെൻ സത്യപാൽ ഡാംഗ് റോസാദേശ് പാണ്ഡെ തുടങ്ങിയ അനേകർ .കേരളത്തിൽ നിന്നും ഈ പുതിയ നയത്തെ എതിർത്ത പലരും ഉണ്ടായിരുന്നു. ഫാസിസ്റ്റ് വർഗ്ഗീയ വംശീയ വലതു പക്ഷ മേധാവിത്വത്തിന്റെ ഈ കെട്ട കാലത്ത് ജനാധിപത്യ മതേതര ഇന്ത്യ പൂർണ്ണമായും ഇല്ലാതാവുന്നതിനു മുമ്പ് സിപിഐ എന്ന ഈ കമ്മ്യൂണിസ്റ്റ് മാതാവിനു ചരിത്ര ദൗത്യങ്ങൾ നിറവേറ്റണമെന്ന് ബോധ്യമുണ്ടെങ്കിൽ വിശാമായ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയിൽ അണിചേരുക .സിപിഎം സൃഷ്ടിച്ച സെക്ടേറിയൻ തടവറയിൽ നിന്നും പുറത്തു ചാടുക.അവസാനം സിപിഎം എന്ന പാർട്ടി യും കോൺഗ്രസ്സ് മുന്നണിയുടെ ഭാഗമാകും.