കോഴിക്കോട്: ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ മുസ്്‌ലിംകള്‍ 50 രൂപയുടെ മുദ്രപേപ്പറില്‍ നൂറു രൂപ നല്‍കി അപേക്ഷിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തിട്ടൂരം പരസ്യമാക്കിയതോടെ ചട്ടവുമായി കണ്ടംവഴി ഓടി. കേരളത്തിലെ മുസ്്‌ലിംകള്‍ ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ താലൂക്ക് ഓഫീസ് തിണ്ണനിരങ്ങണമെന്ന കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്കാണ് അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എയുടെ ഇടപെടലോടെ പുറം ലോകമറിഞ്ഞ് ചീറ്റിപ്പോയത്.
കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കേരളത്തിലെ മുസ്്‌ലിംകളെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നീക്കമാണ് മുളയിലെ നുള്ളിയത്. 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിന് വിധേയമായി രൂപീകരിച്ച ശരീഅത്ത് നിയമത്തിന് ചട്ടം രൂപീകരിക്കണമെന്ന ഹൈക്കോടതി വാദത്തെ ദുര്‍വ്യാഖ്യാനം ചെയ്താണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബര്‍ 21ന് ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധികരിച്ചത്. ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ സത്യവാങ്മൂലം നല്‍കി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണമെന്ന ചട്ടം വന്നതോടെ സമുദായത്തിനു അനാവശ്യ കുരുക്കൊരുങ്ങുകയായിരുന്നു.
മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍ വരുന്നതിന് രേഖകള്‍ക്കായി സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്യൂ നില്‍ക്കേണ്ട ഗതികേടിലായെന്നു മാത്രമല്ല, മുസ്്‌ലിമാണെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയുമായി. തൊണ്ണൂറ് ലക്ഷം വരുന്ന മുസ്‌ലിം സമൂഹത്തെ അവഹേളിക്കുന്ന പുതിയ വിജ്ഞാപനത്തിന്റെ അധാര്‍മ്മികതയും നിയമ വിരുദ്ധതയും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ് ഏഴിനാണ് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, മുഖ്യമന്ത്രിക്കും നിയമ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയത്. ശരീഅത്ത് വേണ്ടാത്തവര്‍ക്ക് വിസമ്മത പത്രം എന്ന രീതിയിലേക്ക് ചട്ടം മാറ്റണമെന്ന അദ്ദേഹത്തിന്റെ ആവശ്യമാണ് സര്‍ക്കാര്‍ ഫലത്തില്‍ അംഗീകരിച്ചത്.
മുസ്‌ലിമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നല്‍കാത്തവര്‍ക്ക് ശരീഅത്ത് നിയമം ബാധകമാകില്ലെന്നതിനാല്‍ വിവാഹം, ഇഷ്ടദാനം, വഖഫ്, അനന്തരാവകാശം തുടങ്ങി ശരീഅത്ത് നിയമം അടിസ്ഥാനമാകുന്ന എല്ലാ കാര്യങ്ങളിലും പുതിയ വിജ്ഞാപനം കുരുക്കാകുമായിരുന്നു. സത്യവാങ്മൂലത്തില്‍ മുസ്‌ലിമാണെന്ന് തെളിയിക്കുന്ന രേഖകള്‍ക്കൊപ്പം ശരീഅത്ത് നിയമപ്രകാരം ഭരിക്കപ്പെടാന്‍ താത്പര്യപ്പെടുന്നെന്ന് സമ്മതപത്രവും ഉള്‍പ്പെടുത്തി. ഇതോടെ നിലവില്‍ മുസ്‌ലിമെന്ന നിലയില്‍ ശരീഅത്ത് നിയമം ബാധകമായവരും അതത് തഹസില്‍ദാര്‍ക്ക്് രേഖകള്‍ സഹിതമുള്ള സത്യവാങ്മൂലം നല്‍കി സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന നിലയിലായി പുതുതായി ഉണ്ടാക്കിയ ചട്ടം.
നൂറുരൂപ ഫീസ് നല്‍കിയതിനൊപ്പം മുസ്‌ലിമാണെന്ന് തെളിയിക്കുന്നതിന് മഹല്ല് കമ്മിറ്റിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, റവന്യു അധികൃതരില്‍നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ തുടങ്ങിയവയും ഹാജരാക്കേണ്ടിയിരുന്നു. ഒരു മാസത്തിനകം തഹസില്‍ദാര്‍ പരിശോധന നടത്തണം, അര്‍ഹരായവര്‍ക്ക് 45 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് 50 രൂപ മുദ്രപത്രത്തില്‍ രേഖപ്പെടുത്തി നല്‍കും. തഹസില്‍ദാര്‍ അപേക്ഷ നിരസിക്കുകയാണെങ്കില്‍ അപേക്ഷകനെ നേരിലോ രേഖാമൂലമോ കേള്‍ക്കണം. അപേക്ഷ നിരസിച്ചാല്‍ എ.ഡി.എമ്മിനാണ് അപ്പീല്‍ നല്‍കേണ്ടത്. അപ്പീലില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം തുടങ്ങി വ്യവസ്ഥകളാണ് വിജ്ഞാപനത്തില്‍ പറയുന്നത്. വ്യത്യസ്ത രേഖകള്‍ക്കായി ആളുകള്‍ പരക്കംപായേണ്ട ഗതികേടിനു പുറമെ മഹല്ല് വ്യവസ്ഥയോ മറ്റോ ഇല്ലാത്ത സാഹചര്യങ്ങളില്‍ കഴിയുന്നവരെയും ഈ വിജ്ഞാപനം പ്രതിസന്ധിയിലാക്കുമായിരുന്നു. പുതിയ ചട്ടം വൈകാതെ ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചതെന്നും ഉറപ്പ് മുഖവിലക്കെടുത്ത് തുടര്‍ നീക്കങ്ങള്‍ തല്‍ക്കാലം ഒഴിവാക്കുന്നതായും കെ.എന്‍.എ ഖാദര്‍ പറഞ്ഞു.