X

മതകാര്യങ്ങളില്‍ ഇരട്ടതാപ്പ്; പഴയ മതപ്രസംഗം കെ.ടി ജലീലിനെ തിരിഞ്ഞ് കുത്തുന്നു

ഫൈസല്‍ മാടായി

കണ്ണൂര്‍: മത വിഷയങ്ങളില്‍ നിലപാട് മാറ്റി സിപിഎമ്മിന്റെ പ്രീതി പിടിച്ച് പറ്റാന്‍ ശ്രമിക്കുന്ന ആ പഴയ പ്രയോഗങ്ങള്‍ കെടി ജലീലിനെ തിരിഞ്ഞ് കുത്തുന്നു. മത വിശ്വാസത്തെ കുറിച്ച് പൊതുവേദിയിലും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും കയ്യടി നേടാന്‍ ശ്രമിക്കുന്ന ജലീലിന്റെ വാചക കസര്‍ത്താണ് വിശ്വാസത്തെ കുറിച്ചുള്ള മുന്‍ കാഴ്ചപാടുകളെ ഓര്‍മപ്പെടുത്തുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മതപ്രഭാഷണ പരിപാടിയില്‍ ഉദ്ഘാടന ദിവസം ജലീല്‍ നടത്തിയ പ്രഭാഷണം വിശ്വാസപരമായ കാര്യങ്ങളെ കുറിച്ചായിരുന്നു. അന്ന് ആ പ്രഭാഷണം കേട്ടവരെ അത്ഭുതപ്പെടുത്തുന്നതാണ് ജലീലിന്റെ നിലപാട് മാറ്റം. മന്ത്രി സ്ഥാനം വരെ ലഭിച്ച ഉപകാരത്തിനപ്പുറം സിപിഎമ്മിനെ പുകഴ്ത്തിയും മത നേതാക്കളെ ഇകഴ്ത്തിയും പാര്‍ട്ടി വേദികളെ കയ്യിലെടുത്ത് അഭ്യാസങ്ങള്‍ പയറ്റുന്ന ജലീലിന്റെ രാഷ്ട്രീയ കാപട്യം വ്യക്തമാക്കുന്ന ജലീലിനെ പഴയ കാലത്തേക്ക് നയിക്കുന്നത് കണ്ണൂരിലെ പൊതുപ്രവര്‍ത്തകന്‍ ടിഎന്‍എ ഖാദറാണ്. കണ്ണൂര്‍ ഉളിക്കല്‍ ജുമുഅത്ത് പള്ളിയില്‍ നടന്ന മതപ്രഭാഷണ പരിപാടിയിലെ പ്രസംഗവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ഖാദര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജലീലിനെ ഓര്‍മിപ്പിക്കുന്നത്.

‘ഒരു കമ്മ്യൂണിസ്റ്റുകാരന് മുസ്്ലിമാകാന്‍ കഴിയില്ലെന്ന്’ തെളിവ് സഹിതമാണ് താങ്കള്‍ സമര്‍ത്ഥിച്ചത്. പ്രസംഗത്തിനിടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ കൂവുകയും കല്ലേറ് തുടങ്ങിയപ്പോള്‍ പ്രസംഗം നിറുത്തിയതും ഓര്‍ക്കുന്നുണ്ടോയെന്നാണ് യൂത്ത്ലീഗിലൂടെ മതപ്രസംഗ വേദികളിലും സജീവമായിരുന്ന ജലീലിനോട് അന്ന് പടിയൂര്‍ കല്യാട് പഞ്ചായത്ത് മുസ്്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്ന ടിഎന്‍എ ഖാദറിന്റെ ചോദ്യം. സംഘര്‍ഷത്തെ തുടര്‍ന്ന് ജലീലിനെ സമീപത്തെ വീട്ടിലെത്തിച്ചതും ഖാദര്‍ ഓര്‍മിപ്പിക്കുന്നു. മാറിയ കാലത്ത് മുസ്്ലിം മത വിശ്വാസത്തെ തള്ളിപറഞ്ഞും പണ്ഡിതന്‍മാരെയുള്‍പ്പെടെ അവഹേളിക്കുന്ന ജലീലിന്റെ നിലപാട് മാറ്റത്തെയും മത വിരുദ്ധ കാഴ്ചപാടുകളേയും ചോദ്യം ചെയ്യുന്നതാണ് ഖാദറിന്റെ പോസ്റ്റ്. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ പ്രസംഗവും ഫെയ്സ് ബുക്ക് പോസ്റ്റുമായി മലക്കം മറിയുന്ന ജലീലിന്റെ തനിനിറം തുറന്ന് കാട്ടുന്നതാണ് ടിഎന്‍എ ഖാദറിന്റെ പോസ്റ്റ്്.

ടിഎന്‍എ ഖാദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

പ്രിയ കെ ടി ജലീല്‍
മതവും ദീനും പറഞ്ഞുകൊണ്ട് ഇന്നും താങ്കള്‍ ഒരു എആ പോസ്റ്റിട്ടുകയുണ്ടായി. താങ്കളുടെ അടുത്ത കാലത്തുള്ള എല്ലാ പോസ്റ്റുകളും ഇത്തരത്തിലുള്ളതാണ്.നിരന്തരം ഇത്തരം പോസ്റ്റിട്ട് രാഷ്ട്രീയ വിവാദങ്ങളില്‍ നിന്നും താങ്കള്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ താങ്കളുടെ പഴയ ഒരു പ്രസംഗം ഓര്‍മ്മിപ്പിച്ച് അതെക്കുറിച്ച് ഇപ്പോള്‍ താങ്കളുടെ അഭിപ്രായം എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് ഈ കുറിപ്പ്.
ഞാന്‍ ടി എന്‍ എ ഖാദര്‍
കണ്ണൂര്‍ ജില്ലയിലെ ഉളിക്കല്‍ സ്വദേശി
നമ്മള്‍ തമ്മില്‍ വ്യക്തിപരമായി പരിചയം ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താങ്കള്‍ ഉളിക്കലില്‍ ഒരു പരിപാടിക്ക് വന്നിരുന്നു. ഉളിക്കല്‍ ജുമഅത്ത് പള്ളിയില്‍ മതപ്രസംഗ പരിപാടിയുടെ ഉദ്ഘാടന ദിവസം താങ്കളായിരുന്നു പ്രഭാഷകന്‍. അന്ന് താങ്കള്‍ പ്രസംഗിച്ചതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഓര്‍മ്മയുണ്ടോ?
‘ഒരു കമ്യൂണിസ്റ്റുകാരന് മുസ്ലിമാകാന്‍ കഴിയില്ലെന്നും മുസ്ലിമിന് കമ്യൂണിസ്റ്റാകാന്‍ കഴിയില്ലെന്നും ‘ തെളിവ് സഹിതം താങ്കള്‍ സമര്‍ത്ഥിച്ചു കൊണ്ടിരിക്കെ നാട്ടിലെ ചില കമ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ കൂവുകയും കല്ലേറ് തുടങ്ങിയപ്പോള്‍ പ്രസംഗം നിര്‍ത്തിയതും ഓര്‍ക്കുന്നുണ്ടോ? കുഴപ്പമായപ്പോള്‍ താങ്കളെ അടുത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയി രക്ഷിച്ച തൊക്കെ ഇന്നലെയെന്ന പോലെ ഇന്നും എന്റെ മനസ്സിലുണ്ട്. താങ്കളും അത് മറന്നു കാണാനിടയില്ല. ഞാന്‍ ഇപ്പോള്‍ ഇത് പറയാന്‍ കാരണം താങ്കളുടെ മതത്തെ കൂട്ടുപിടിച്ചുള്ള ന്യായീകരണ പോസ്റ്റുകള്‍ കാണുമ്പോള്‍ അന്ന് പറഞ്ഞ കാര്യത്തെക്കുറിച്ച് ഇപ്പോള്‍ എന്താണ് അഭിപ്രായം എന്ന് അറിയാന്‍ വേണ്ടി മാത്രമാണ്. താങ്കള്‍ പറയൂ ,ഒരു മുസ്ലിമിന് കമ്യൂണിസ്റ്റാകാമോ?
അടുത്ത കാലത്തെ താങ്കളുടെ ചില അഭിപ്രായമൊക്കെ കാണുമ്പോള്‍ ചോദിക്കുന്നതില്‍ പ്രസക്തിയില്ലെങ്കിലും താങ്കള്‍ ഇസ്ലാമൊക്കെ ഉപേക്ഷിച്ചാണോ കമ്യൂണിസ്റ്റായത്? താങ്കള്‍ അന്നാണോ മന:സാക്ഷിയെ വഞ്ചിച്ചത് അതോ ഇന്നാണോ മന:സാക്ഷിയെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്?
അവസാനമായി ഒന്നുകൂടി : അന്ന് താങ്കള്‍ അങ്ങിനെ പ്രസംഗിക്കുമ്പോള്‍ എന്റെ നാട്ടിലെ കമ്യൂണിസ്റ്റുകാരില്‍ പ്രധാനിയാണ് ഇന്ന് ഉളിക്കല്‍ ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്. അന്ന് താങ്കളെ കൂകി വിളിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തിയും ഇന്ന് ഞങ്ങളോട് സഹകരിക്കുന്ന അനുഭാവിയാണ്.

chandrika: