വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കെ.എന്‍.എ ഖാദര്‍ രംഗത്ത്. ഇടതുപക്ഷം തോല്‍ക്കുകയാണെങ്കില്‍ അത് സാങ്കേതിക വിജയമാണെന്ന് പറയുന്നത് അവര്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം തോല്‍ക്കുമ്പോള്‍ അത് അവര്‍ക്ക് സാങ്കേതികത്വമാകും. ഇടതുപക്ഷം ജയിക്കുകയാണെങ്കില്‍ മാത്രമേ ശരിയായ വിജയമായി അവര്‍ പറയാറുള്ളൂവെന്നും ഖാദര്‍ പറഞ്ഞു. സര്‍ക്കാര്‍ എന്ന നിലയില്‍ അവരുടെ എല്ലാ അധികാരങ്ങളും പ്രയോഗിച്ചിട്ടുണ്ട്. ഒരുപാട് കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്. അവരുടെ എല്ലാ അധികാരസംവിധാനങ്ങളും പ്രയാഗിച്ചു കൊണ്ടായിരുന്നു പ്രചാരണങ്ങള്‍ നടന്നിരുന്നത്. അടഞ്ഞുകിടന്നിരുന്ന സോളാര്‍ കേസ് തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ഇറക്കി വിട്ടു. എന്നാല്‍ ഇതെല്ലാം സ്വാഭാവികമാണ്. എല്ലാ തരത്തിലുള്ള അധികാരങ്ങളും ഇറക്കി പ്രയോഗിച്ചിട്ടും യു.ഡി.എഫിന്റെ കോട്ടകളില്‍ അവര്‍ക്ക് കാര്യമായ വിള്ളലുകള്‍ വീഴ്ത്താന്‍ കഴിഞ്ഞിട്ടില്ല. ഭരണം കയ്യിലുള്ളത് കൊണ്ട് മാത്രം അവര്‍ക്ക് കിട്ടിയ വോട്ടാണ് സാങ്കേതികപരമായതെന്ന് ഖാദര്‍ പറഞ്ഞു. മതേതരശക്തികള്‍ക്കാണ് ഇനി ഭാവിയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിന്റെ വിജയം കേവലം സാങ്കേതികമാണെന്നായിരുന്നു കൊടിയേരിയുടെ പരാമര്‍ശം. വിജയം ഭരണത്തിന്റെ വിലയിരുത്തലല്ലെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.