തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. പ്രതിസന്ധിക്ക് കാരണം സംസ്ഥാനത്തിന്റെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ചരക്ക് സേവന നികുതി ഇനത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം മാത്രം സംസ്ഥാനത്തിന് ഏകദേശം ഒമ്പതിനായിരം കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
2022 ജൂണ്‍ വരെയുള്ള കാലയളവില്‍ സര്‍ക്കാരിന് ലഭിക്കേണ്ട ചരക്ക് സേവന നികുതി നഷ്ടപരിഹാരത്തിലെ കുടിശിക മാത്രം ഏകദേശം 750 കോടിക്ക് മുകളില്‍ വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് റവന്യൂ കമ്മി ഗ്രാന്റില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 6,716 കോടി രൂപയുടെ കുറവുണ്ടായി.
നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തിയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയും ചെലവുകളില്‍ മിതത്വം പാലിച്ചും സാമ്പത്തിക അച്ചടക്കത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഊന്നിയുളള നടപടികളിലൂടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.വിന്‍സന്റെ്, ടി.ജെ വിനോദ്, സനീഷ് കുമാര്‍ ജോസഫ് എന്നിവര്‍ക്ക് മന്ത്രി മറുപടി നല്‍കി. എന്നാല്‍ സംസ്ഥാനത്ത് അനാവശ്യ ചെലവുകള്‍ അധികരിക്കുകയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്.