റിയാദ്: യു.ഡി.എഫിന് അഭിമാനകരമായ വിജയം സമ്മാനിച്ച മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലം മതേതര കേരളത്തിന്റെ മനസ്സാണ് വെളിപ്പെടുത്തിയതെന്നും കോടിയേരി പ്രഖ്യാപിച്ച പോലെ പിണറായിക്കെതിരെയുള്ള കേരള ജനതയുടെ വികാരമാണ് ഇവിടെ പ്രതിഫലിച്ചതെന്നും കെ.എം.സി.സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടിയും ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ടും പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങൾക്കേറ്റ തിരിച്ചടിയാണിത്. കേവല വിജയത്തിനപ്പുറം ഓരോ നിയമസഭാ മണ്ഡലത്തിലും വ്യക്തമായ ലീഡ് ഉയർത്തിയാണ് യു.ഡി.എഫ് മുന്നേറിയത്. ഇടതു സ്വാധീന മേഖലകളിൽപോലും യു.ഡി.എഫ് കനത്ത മുന്നേറ്റം കാഴ്ച വെച്ചു. ഈ രാഷ്ട്രീയ വിജയത്തെ വർഗീയമായി ചിത്രീകരിച്ച് മലപ്പുറത്തെ വീണ്ടും മുറിവേൽപിക്കാനുള്ള ഇടത് ശ്രമം പരിഹാസ്യമാണ്. മലപ്പുറത്തിന്റെ മനസ്സറിയാൻ ഇടതുപക്ഷത്തിനോ ബി.ജെ.പിക്കോ സാധിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മതേതര-ജനാധിപത്യ ശക്തികളുടെ ഏകോപനത്തിനും അതിജീവനത്തിനും തിരിച്ചുപിടിക്കലിനും ഈ വിജയം നാന്ദി കുറിക്കുമെന്നും നേതാക്കൾ പറഞ്ഞു.
വോട്ട് രാഷ്ട്രീയത്തിനു വേണ്ടി മലപ്പുറത്തേക്ക് ബീഫ് ഇറക്കുമതി ചെയ്യാൻ ശ്രമിച്ച ബി.ജെ.പിക്ക് നാണം കെട്ട തോൽവിയാണുണ്ടായത്. മതേതര ശക്തികൾ നാട്ടിയ വെന്നിക്കൊടിയാണ് മലപ്പുറത്ത് കണ്ടത്. മതേതര കേരളം എങ്ങനെ ചിന്തിക്കുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമായി ഈ തെരഞ്ഞെടുപ്പ്. വര്ഗീയ ധ്രുവീകരണം നടത്തി നികൃഷ്ടമായ വര്ഗീയ അജണ്ടകള് സ്ഥാപിച്ചെടുക്കാനുള്ള ബി ജെ പി,സംഘ്പരിവാര് തന്ത്രങ്ങള്ക്കെതിരെയുള്ള മുഖമടച്ചുള്ള മറുപടിയായി ഈ വിജയം. ഭാരതത്തിന്റെ മഹാനായ പുത്രന്‍ ഇ. അഹമ്മദിന്റെ മരണത്തെപ്പോലും അപമാനിച്ച് വിവാദമാക്കിയവർക്കുള്ള ചുട്ട മറുപടി. കുഞ്ഞാലിക്കുട്ടിയുടെ വിജയം മോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെ തിരെയുള്ള മതേതര ചേരിക്ക് ശക്തി പകരും. ഒപ്പം ദേശീയതലത്തിൽ രൂപപ്പെടുന്ന ഫാസിസ്റ്റു വിരുദ്ധ കൂട്ടായ്മക്ക് ന്യൂനപക്ഷങ്ങളെ അണിനിരത്തുന്നതിൽ ക്രിയാത്മകമായ പങ്കു വഹിക്കാൻ പി കെ കുഞ്ഞാലിക്കുട്ടിക്ക് സാധിക്കുമെന്ന് മലപ്പുറത്തെ ജനങ്ങൾ മാത്രമല്ല ഇന്ത്യയൊട്ടുക്കുമുള്ള സമാധാനപ്രേമികൾ ആഗ്രഹിക്കുന്നുണ്ട്.
സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലായി തെരഞ്ഞെടുപ്പ് മാറുമെന്ന കോടിയേരിയുടെ പ്രസ്താവന ആത്മാർഥമാണെങ്കിൽ ഈ സർക്കാറിന് ഇനി തുടരാൻ അർഹതയില്ല. ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്ത് കൂടിയായി മലപ്പുറത്തെ ഫലം. കോടിയേരിയുടെ നിഗമനം ശരിയായി പുലർന്നു. ജനം വിലയിരുത്തിയിരിക്കുന്നു. പത്ത് മാസങ്ങള്‍കൊണ്ട് പിണറായി സര്‍ക്കാര്‍ കേരളത്തിന് വരുത്തിവച്ച ദോഷങ്ങളും വിഷമതകളും പറഞ്ഞറിയാക്കാന്‍ പറ്റാത്തതാണ്. യു.ഡി.എഫ് കാലത്ത് തുടങ്ങി വച്ച എല്ലാ വികസന പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുന്നു. സ്ത്രീ പീഡനങ്ങള്‍, കൊലപാതകങ്ങള്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, വൈദുതി ചാർജ് വർദ്ധനവ് തുടങ്ങി മലയാളിയുടെ സ്വൈര്യ ജീവിതത്തെ തകര്‍ക്കുന്ന എല്ലാറ്റിന്റെയും മുഖ്യകാര്‍മികരായി മാറിയ ഇടതു സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഭാരമായ ഒരു സര്‍ക്കാറായി മാറിക്കഴിഞ്ഞുവെന്നു മലപ്പുറം വിധിയെഴുതി. ജിഷ്‌ണുവിന്റെ അമ്മയെ തെരുവിലൂടെ വലിച്ചിഴച്ച പിണറായിയുടെ പോലീസിന്റെ ക്രൂര കൃത്യത്തിനു ജനം മറുപടി നൽകി.
ഇന്ത്യയിലെ മത നിരപേക്ഷ ചേരിക്ക് സജീവ നേതൃത്വം കൊടുക്കാനാണ് പി.കെ കുഞ്ഞാലിക്കുട്ടി പാർലിമെന്റിൽ എത്തുന്നത്. ആശങ്കയുടെ നിഴലിലുള്ള ന്യൂനപക്ഷങ്ങൾക്കെന്ന പോലെ മതേതര ചേരിയിലെ മറ്റു നേതാക്കൾക്കും അദ്ദേത്തിന്റെ സാന്നിധ്യം ആശ്വാസമാകുമെന്നും ക്രിയാത്മകമായ മാറ്റങ്ങൾക്ക് തുടക്കമാകുമെന്നും സഊദി കെ എം സി സി നേതാക്കൾ പറഞ്ഞു