മലപ്പുറം: സഹപ്രവര്‍ത്തകരോടുള്ള സ്നേഹവും അനുകമ്പയും അവരുടെ കുടുംബത്തോടുള്ള കരുതലുമാണ് കെ.എം.സി.സി സുരക്ഷാ പദ്ധതിയെന്നും സഹജീവികള്‍ക്ക് തണലൊരുക്കുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത പ്രതിസന്ധികള്‍ തരണംചെയ്യാന്‍ മറുനാട്ടിലെത്തുന്നവര്‍ക്ക് ഹരിത പതാകയുടെ തണലേകുകയാണ് കെ.എം.സി.സി ചെയ്യുന്നത്. കെ.എം.സി.സിയുടെ പങ്കാളിത്വമില്ലാത്ത ഒരു മേഖലയും, കെ.എം.സി.സിയുടെ തലോടലേല്‍ക്കാത്ത ഒരു നിര്‍ധന കുടുംബവും കേരളത്തിലുണ്ടാകില്ല. ഈ മാതൃക മറ്റു സംഘടനകള്‍ കൂടി പിന്തുടരുന്നത് സന്തോഷം നല്‍കുന്നതാണെന്നും തങ്ങള്‍ പറഞ്ഞു.
നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി. സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കേ മരണപ്പെട്ട 49 പേരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആനുകൂല്യത്തിന്റെയും 250 പേര്‍ക്കുള്ള ചികിത്സാ സഹായത്തിന്റെയും വിതരണോദ്ഘാടനം തങ്ങള്‍ നിര്‍വഹിച്ചു. എഞ്ചിനിയര്‍ സി ഹാഷിം സ്മാരക കര്‍മ പുരസ്‌കാരം സാദിഖലി ശിഹാബ് തങ്ങള്‍ സി.പി സൈതലവിക്ക് സമ്മാനിച്ചു. സുരക്ഷാപദ്ധതിക്കായി സൗജന്യ സേവനം ചെയ്യുന്ന ഡോ. അബ്ദുറഹിമാന്‍ അമ്പാടിയെ ചടങ്ങില്‍ ആദരിച്ചു. അവാര്‍ഡ് ജേതാക്കളെ മുസ്്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പൊന്നാടയണിയിച്ചു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ഹദിയത്തുറഹ്മ’യുടെ പ്രഖ്യാപനം മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം നിര്‍വഹിച്ചു. അബ്ദുറഹ്മാന്‍ കല്ലായി, ഉമ്മര്‍ പാണ്ടികശാല, നൗഷാദ് മണ്ണിശ്ശേരി, ഷിബു മീരാന്‍, കുഞ്ഞിമോന്‍ കാക്കിയ, അഷ്റഫ് വേങ്ങാട്, ഇബ്രാഹീം മുഹമ്മദ്. ബഷീര്‍ മൂന്നിയൂര്‍, മുഹമ്മദ്കുട്ടി മാതാപുഴ. ഷുക്കൂറലി കല്ലുങ്ങല്‍, യൂസുഫ് ഫൈസി , സുല്‍ഫിക്കര്‍, പ്രസംഗിച്ചു. ഖാദര്‍ ചെങ്കള സ്വാഗതവും റഫീഖ് പാറക്കല്‍ നന്ദിയും പറഞ്ഞു.