വിദേശ രാജ്യങ്ങളില്‍ വിശിഷ്യ, ഗള്‍ഫ് രാജ്യങ്ങളില്‍ കെ.എം.സി.സിയുടെ സേവനം ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ ആരുമുണ്ടാവില്ല. 1975ല്‍ അബുദാബി യില്‍ തുടക്കംകുറിച്ച മലയാളി മുസ്‌ലിം വെല്‍ഫയര്‍ സെന്ററും ചന്ദ്രിക റീഡേഴ്‌സ് ഫോറമും ഉള്‍പ്പെടെ, ഒരേ ലക്ഷ്യത്തില്‍ ഉണ്ടായിരുന്നവരുടെ ഏകോപനമാണ് കെ. എം.സി.സി എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പോഷക ഘടകമായി വര്‍ത്തിക്കുന്ന കെ.എം.സി.സിക്ക് ഇന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ശക്തമായ ഘടകങ്ങള്‍ ഉണ്ട്. പ്രവാസ ലോകത്തെ സേവന വഴിയിലെ സമര്‍പ്പിത കൂട്ടായ്മക്ക് അര നൂറ്റാണ്ടിന്റെ തിളക്കമാര്‍ന്ന ചരിത്രമാണുള്ളത്.
സഊദിഅറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്ക്പുറമെ അമേരിക്ക, കാനഡ, ലണ്ടന്‍, ജര്‍മനി, പോളണ്ട്, ഓസ്‌ട്രേലിയ, മലേഷ്യ, സിങ്കപ്പൂര്‍, ചൈന, തായ്‌ലന്‍ഡ്, തുര്‍ക്കി തുടങ്ങിയ ദേശങ്ങളിലും കെ.എം.സി.സി.യുടെ സംഘടന സംവിധാനം ശക്തമാണ്. സഊദിഅറേബ്യ, യു.എ.ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവിശ്യതലങ്ങളിലും വളരെ സജീവതയോടെയും സക്രിയമായും പ്രവര്‍ത്തിക്കുന്ന കെ.എം.സി.സിയുടെ ഘടകങ്ങള്‍ സര്‍വര്‍ക്കും സുപരിചിതമാണ്. ഒരു ലക്ഷം അംഗങ്ങളുള്ള സഊദി അറേബ്യയും അമ്പതിനായിരം അംഗങ്ങളുള്ള യു.എ.ഇയുമാണ് കെ.എം.സി.സിയുടെ അംഗ ബലത്തില്‍ മുന്‍പന്തിയില്‍ ഉള്ളത്.
നാനോന്മുഖമായ ജീവകാരുണ്യപ്രവര്‍ത്തനമാണ് കെ.എം.സി.സിയുടെ മുഖ്യ അജണ്ട. അതോടൊപ്പം പ്രവാസ സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹ്യ, കല, കായിക, സാംസ്‌കാരിക രംഗത്തും സജീവമായി ഇടപെട്ടുവരുന്നു. ലോകമെങ്ങുമുള്ള കെ.എം.സി.സി ഘടകങ്ങള്‍ വ്യത്യസ്ത രീതികളിലൂടെ ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌പോവുകയാണ്. സമൂഹത്തില്‍ കഷ്ടത പേറി കഴിയുന്ന ധാരാളം പേര്‍ ജീവിക്കുന്നു. ദിവസങ്ങളുടെ അറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെരുന്നവര്‍, കിടക്കാന്‍ വീടില്ലാത്തവര്‍, സാമ്പത്തിക കെല്‍പില്ലാത്തതിനാല്‍ വിവാഹം സ്വപ്‌നമായി കഴിയുന്നവര്‍, മിടുക്കരായിട്ടും പണമില്ലാത്തതിനാല്‍ അവസരം നിഷേധിക്കപ്പട്ടവര്‍, ചികിത്സക്കു ബുദ്ധിമുട്ടുന്നവര്‍ ഇങ്ങിനെ നിരവധി പേര്‍ കണ്ണുനീരും നെഞ്ചകത്ത് നേരിപ്പോടുമായി കഴിയുന്നവരുണ്ട്. അമ്പതാണ്ടിന്റെ ചരിത്രം പറയുമ്പോള്‍ കെ.എം.സി.സിയുടെ നാമധേയം പ്രശോഭിതമായി നില്‍ക്കുന്നത് സമൂഹത്തിലെ ഇത്തരം പാവങ്ങള്‍ക്കായി പണിയെടുത്തത് കൊണ്ടാണ്.
കേരളത്തില്‍ മുസ്‌ലിംലീഗ് പാവങ്ങള്‍ക്കായി അയ്യായിരത്തിലധികം ഭവനങ്ങള്‍ ബൈത്തുറഹ്മ എന്ന പേരില്‍ നിര്‍മിച്ചു നല്‍കിയപ്പോള്‍ അതിന്റെ നിര്‍വഹണത്തിനായുള്ള നെടുംതൂണായത് വിവിധ കെ.എം.സി.സി ഘടകങ്ങളാണ്. ആതുര സേവന രംഗത്ത് മലയാളിയുടെ മനസില്‍ കൊത്തിവെക്കപ്പെട്ട സി.എച്ച് സെന്ററുകള്‍, വിവിധ ഡയാലിസിസ് സെന്ററുകള്‍ തുടങ്ങിയവ കെ.എം.സി.സിയുടെ കൂടി സഹകരണത്തോടെ പ്രവര്‍ത്തിച്ചുവരുന്നു. നിര്‍ധന അമ്മമാര്‍ക്കായി ഒരുക്കിയ ‘അമ്മക്കൊരുമ്മ’ പദ്ധതി, സമൂഹ വിവാഹം, ഓപ്പണ്‍ ഹാര്‍ട് സര്‍ജറി, വിവിധ ദേശങ്ങളില്‍ നടന്നുവരുന്ന ലൈവ് വിദ്യാഭ്യാസ പ്രോഗ്രാം തുടങ്ങിയവവും നാട്ടില്‍ ഒരുക്കിയ ശ്രദ്ധേയ പദ്ധതികളാണ്. നാടും വീടും വിട്ടു മറ്റൊരു രാജ്യത്ത് ഉപജീവനം തേടി ജീവിക്കുമ്പോള്‍ വൈവിധ്യങ്ങളായ പ്രശ്‌നങ്ങള്‍ ഏതൊരു പ്രവാസിയെയും അലട്ടിയേക്കാം. അവിടെ സാന്ത്വനത്തിന്റെ ഒറ്റമൂലിയാണ് കെ.എം.സി.സി. നിയമ പ്രശ്‌നങ്ങള്‍, ആരോഗ്യ വിഷയങ്ങള്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ഉള്‍പ്പെടെ നാനോന്മുഖ വിഷയങ്ങളില്‍ ഏവര്‍ക്കും മുട്ടുവാനുള്ള പൊതു വാതായനമാണ് ഈ സന്നദ്ധ സംഘം. പ്രവസത്തേക്ക് ജീവിതം പറിച്ചുനടപ്പെട്ട പലരും സര്‍ഗ സിദ്ധികള്‍ ഏറെയുള്ളവരാണ്. അവര്‍ക്കു മാറ്റുരാക്കാനും വ്യത്യസ്ത കലാ കായിക കഴിവുകള്‍ പ്രകടിപ്പിക്കാനും കെ.എം.സി.സി വേദിയൊരുക്കുന്നത് പതിവാണ്. വിദേശത്തു കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് പഠന പ്രോത്സാഹന പരിപാടികള്‍ക്കൊപ്പം മികവ് കാട്ടാന്‍ അവസരം ഒരുക്കുന്നതും കെ.എം.സി.സിയുടെ ശ്രദ്ധേയ പ്രവര്‍ത്തനമാണ്.
2020 മാര്‍ച്ച് മാസത്തിനുശേഷം കോവിഡ് മഹാമാരിയുടെ തുടക്കകാലം. ആശങ്കയില്‍ പ്രവാസികള്‍ ജീവിതം തള്ളിനീക്കിയ കാലത്താണ് ലോകമെങ്ങുമുള്ള കെ.എം.സി.സി പ്രവര്‍ത്തകരുടെ അര്‍പ്പണബോധത്തെയും സന്നദ്ധമനസ്സിനെയും മലയാളി ശരിക്കും കണ്ടറിഞ്ഞത്. ജീവന്‍ പണയംവെച്ച് ഓരോ കെ.എം.സി.സി പ്രവര്‍ത്തകനും നടത്തിയ സേവനം എക്കാലത്തെയും അടയാളപ്പെടുത്തലാണ്. വിവിധ ഗവണ്മെന്റ ഡിപ്പാര്‍ട്‌മെന്റുകളുടെയും പ്രത്യേക അഭിനന്ദനങ്ങള്‍ കെ.എം.സി.സിയെ തേടിയെത്തി. ആരോഗ്യ വകുപ്പുകളുടെ സഹായത്തോടെ ദുബായിലും അജ്മാനിലും കെ.എം.സി.സി നേരിട്ട് ക്വാറന്റൈന്‍ സെന്റര്‍ ഒരുക്കി. ചേര്‍ത്ത് പിടിക്കലിന്റെയും കരുതലിന്റെയും മുഖമുദ്രയാണ് കെ.എം.സി.സി. ആരോഗ്യ പ്രശ്‌നങ്ങള്‍ വരികയോ മരണപ്പെടുകയോ ചെയ്യുമ്പോള്‍ കുടുംബത്തിന് തണലൊരുക്കാന്‍ ലോകമെങ്ങുമുള്ള കെ.എം.സി.സി ഘടകങ്ങള്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.