X

കെ.എം.സി.സി നാഷണൽ സോക്കർ: ബദർ എഫ് സി ഫൈനലിൽ

ദമ്മാം: സൗദി കെ എം സി സി കായിക വിഭാഗം സംഘടിപ്പിച്ച് വരുന്ന എൻജിനീയർ സി ഹാഷിം സാഹിബ് സ്മാരക നാഷണൽ സോക്കർ ടൂർണ്ണമെൻ്റിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ് സി ദമ്മാം ഫൈനലിൽ പ്രവേശിച്ചു.

ദമ്മാമിലെ അൽ തറജ് സ്റ്റേഡിയത്തിൽ നടന്ന തുല്യശക്തികളുടെ ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ദീമ ടിഷ്യൂ ഖാലിദിയ്യ എഫ് സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തിയാണ് ബദർ എഫ് സി ഫൈനലിലേക്ക് കടന്നത്.

അൽ തറജ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികളുടെ ആവേശാരവങ്ങൾക്കിടയിൽ വമ്പൻ താരങ്ങളെ അണി നിരത്തിയ ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ബദറിനായി രണ്ട് ഗോളുകൾ നേടിയ സനാൻ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

സെമി പോരാട്ടത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം സൗദി കെ എം സി സി ആക്റ്റിംഗ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ നിർവ്വഹിച്ചു. കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡണ്ട് അഡ്വ: എ എ റഹീം മുഖ്യാതിഥിയായിരുന്നു. ഈസ്റ്റേൺ പ്രൊവിൻസ് കെ എം സി സി ആക്റ്റിംഗ് പ്രസിഡണ്ട്‌ മജീദ് കൊടുവള്ളിയുടെ അധ്യക്ഷതയിൽ ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും റഹ്‌മാൻ കാരയാട് നന്ദിയും പറഞ്ഞു, മാലിക് മഖ്ബൂൽ അലുങ്ങൽ, മുജീബ് ഉപ്പട, ഡിഫ പ്രസിഡണ്ട് ഷമീർ കൊടിയത്തൂർ എന്നിവർ സംസാരിച്ചു. ഉസ്മാനലി പാലത്തിങ്ങൽ, അബു കട്ടുപ്പാറ,
മുജീബ് ഈരാറ്റുപേട്ട, ഷീബ സോന ജ്വല്ലറി എന്നിവർ സംബന്ധിച്ചു.

ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ്റെ സഹകരണത്തോട് കൂടിനടന്ന ടൂർണമെന്റിൽ സ്വദേശി റഫറിമാരായ ഫൈസൽ അൽ ഖാലിദി, വാഇൽ അൽ ഫൈഹാനി, യാസർ അൽഖേശി, അബ്ദുറഹ്മാൻ വാണിയമ്പലം, അജ്മൽ അർഷദ്, എന്നിവർ കളി നിയന്ത്രിച്ചു. ഡിഫ കോർ-ടെക്നിക്കൽ അംഗങ്ങളായ ഷഫീർ മണലോടി, ഫസൽ ജിഫ്രി, റഷീദ് ചേന്ദമംഗല്ലൂർ, ഫവാസ് കാലിക്കറ്റ് എന്നിവർ മാച്ച് നിരീക്ഷിച്ചു.

സെമിക്ക് മുന്നോടിയായി നടന്ന പ്രദർശന ടൂർണ്ണമെൻ്റിൽ ദമ്മാം മലപ്പുറം ജില്ലാ കെ എം സി സി ടീമിനെ പരാജയപ്പെടുത്തി അൽഖോബാർ സെൻട്രൽ കമ്മിറ്റി ജേതാക്കളായി. അഫ്താബ് റഹ്മാൻ, നാസർ നവാൽ, തുടങ്ങിയവർ സൗഹൃദമത്സരത്തിലേ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

webdesk13: