X

ആത്മബലം പകർന്ന് കെഎംസിസി നേതാക്കൾ ദുരന്തഭൂമിയിൽ

ജീവിതം മുമ്പോട്ട് കൊണ്ട് പോകാനുള്ള ആത്മ ബലം പകർന്ന് നൽകി കെഎംസിസി സന്ദർശക സംഘം. മനുഷ്യമനഃസാക്ഷിയെ പിടിച്ചുലക്കുന്ന ദുരന്ത കാഴ്ച്ചകൾ.
മലവെള്ളപ്പാച്ചിലിൽ സർവ്വതും നഷ്‌ടമായ ഒരു ഗ്രാമം. തകർന്നടിഞ്ഞ ദുരിത പൂർണ്ണഭൂമിയിൽ നിന്നും മാറി താൽക്കാലിക കേന്ദ്രങ്ങളിൽ കഴിയുന്ന മുണ്ടക്കൈ ഗ്രാമവാസികളുടെ ഭീതിയും ഞെട്ടലും ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല.

കുടുംബാംഗങ്ങൾ നഷ്ടപെട്ട ഹതഭാഗ്യർ,ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അവരുടെ ഉറ്റവരും,ഉടയവരുമായ ഒട്ടേറെ പേർ. ദുരിതബാധിതരുടെ വേദനക്കൊപ്പം നിന്ന് കുവൈത്ത് കെഎംസിസി നേതാക്കൾ അവരെ സന്ദർശിച്ചു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മേപ്പാടി മുണ്ടകൈ ദുരന്ത മുഖത്ത് ആദ്യ ഘട്ടത്തിൽ തന്നെ കുവൈത്ത് കെഎംസിസി പ്രവർത്തകർ സജീവമായിരുന്നു. സാധ്യമായ ഇടപെടലുകൾ നടത്തി ദുരന്ത ഭൂമിയിൽ കര്‍മ്മ നിരതരായി അവരുണ്ടായിരുന്നു.

രണ്ട് വീടുകളിലായി താമസിച്ചിരുന്ന കെഎംസിസി പ്രവർത്തകൻ സാഹിറിന്റെ ഉമ്മയും,സഹോദരിയും ഭാര്യാ പിതാവും,മാതാവും ഉൾപ്പടെയുള്ള കുടുംബത്തിലെ 16 അംഗങ്ങളെയാണ് മലവെള്ളം കൊണ്ട് പോയത്. പ്രിയപ്പെട്ടവർ പിരിഞ്ഞ മനോ വേദന സാഹിറിനെ തളർത്തിയപ്പോഴും രക്ഷാ-സേവന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി നിലകൊണ്ടു.

കെഎംസിസി പ്രവർത്തകൻ പി.പി സുബൈറിന്റെ പതിനാലുകാരനായ മകൻ ഷുഹൈബിന്റെ ജീവൻ നഷ്ടമായി. മറ്റൊരു പ്രവർത്തകനായ ലത്തീഫിന്റെ വീട് ദുരന്തത്തിൽ ഒലിച്ച് പോയി.

കുവൈത്ത് കെഎംസിസി സംസ്ഥാന ഓർഗനൈസിങ് സിക്രട്ടറി സിറാജ് എരഞ്ഞിക്കൽ,സംസ്ഥാന സിക്രട്ടറി ഫാസിൽ കൊല്ലം,പി.വി ഇബ്രാഹിം എന്നിവർ ആശുപത്രിയിലും,ക്യാമ്പിലും കഴിയുന്നവരെ സന്ദർശിച്ചു.

webdesk13: