X

കെഎംസിസി നേതാവ് ഹംസ സലാമിന്റെ മയ്യത്ത് മക്കയില്‍ ഖബറടക്കി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : മക്ക കെഎംസിസി നേതാവും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ സലാ (50) മിന്റെ മയ്യത്ത് മക്കയില്‍ ജന്നത്തുല്‍ മഅല്ലയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. അസര്‍ നിസ്‌കാരത്തിന് ശേഷം വിശുദ്ധ ഹറമില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിലും വന്‍ജനക്കൂട്ടം പങ്കെടുത്തു . മൂന്ന് പതിറ്റാണ്ടിന്റെ പുണ്യഭൂമിയിലെ പ്രവാസ ജീവിതത്തിന് അറുതി വരുത്തി നാട്ടിലേക്ക് തിരിച്ചു പോകാന്‍ മൂന്ന് നാള്‍ ബാക്കി നില്‍ക്കവെയാണ് അല്ലാഹുവിന്റെ അലംഘനീയമായ വിധി തേടിയെത്തിയത്. മക്കയില്‍ ഹറമിനടുത്തുള്ള ലോഡ്ജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. എട്ടാം തിയ്യതി നാട്ടിലേക്ക് പോവാന്‍ ടിക്കറ്റ് കണ്‍ഫേം ആക്കിയിരുന്നു. അസുഖബാധിതനായതിനാല്‍ സ്‌ട്രെച്ചറില്‍ നാട്ടില്‍ കൊണ്ട് പോകാനുള്ള എല്ലാ ഒരുക്കങ്ങളും മുജീബ് പൂക്കോട്ടൂര്‍ പൂര്‍ത്തിയാക്കിയിരുന്നു .നേരത്തെ ജിദ്ദയിലും പിന്നീട് അല്‍നൂര്‍ ആസ്പത്രിയിലും ചികിത്സയിലായിരുന്ന ഹംസ സലാമിന് ഇന്നലെ വൈകീട്ടോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശിയാണ് . ഭാര്യ സീനത്ത് , സദിദ, സബീഹ, സഹബി എന്നിവര്‍ മക്കളാണ്.

വിശുദ്ധ ഹറമിലും പരിസരത്തുമായിരുന്നു ഹംസ സലാമിന്റെ പ്രവര്‍ത്തന മണ്ഡലം. മക്ക കെഎംസിസിയുടെ വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ച അദ്ദേഹം മത സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിര സാന്നിധ്യമായിരുന്നു. മൂന്ന് പതിറ്റാണ്ടനിടയില്‍ നടന്ന ഹജ്ജ് കര്‍മങ്ങളുടെ കെഎംസിസിയുടെ ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയായിരുന്നു. വിശുദ്ധ കര്‍മത്തിന്ന് തീര്‍ത്ഥാടകര്‍ പുണ്യഭൂമിയില്‍ ഇറങ്ങുന്ന ദിനം മുതല്‍ അവസാന ഹാജിയും തിരിച്ചു പോകുന്നത് വരെ രാപകലില്ലാതെ കഠിനാധ്വാനം ചെയ്യാന്‍ ഹംസ സലാം മുന്പന്തിയിലുണ്ടാകുമായിരുന്നു. കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയും പലപ്പോഴായി ഇദ്ദേഹത്തിനായിരുന്നു. മക്ക കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയയുടെയും ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന്റെയും വലംകൈയായി സംഘടനയെ ശക്തി പെടുത്തുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. നിശബ്ദമായ സേവനത്തില്‍ സൗമ്യതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മരണപെടുമ്പോള്‍ മക്ക കെഎംസിസിയുടെ സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. മടക്കയാത്രയ്ക്ക് ഒരുങ്ങിയ ഹംസ സലാമിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പേ മക്ക കെഎംസിസി വമ്പിച്ച യാത്രയയപ്പ് നല്‍കിയിരുന്നു . അവിടെ കൂടിയ വന്‍ ജനാവലിയോട് പൊട്ടിക്കരഞ്ഞു വിട ചോദിച്ച ഹംസ സലാമിന്റെ അന്ത്യ യാത്രക്കുള്ള യാത്ര ചോദിക്കലായിരുന്നു എന്നറിഞ്ഞില്ലെന്ന് ആത്മ സുഹൃത്തുക്കളായ കുഞ്ഞിമോന്‍ കാക്കിയയും മുജീബ് പൂക്കോട്ടൂരും പറഞ്ഞു. നികത്താനാവാത്ത വിടവാണ് മക്ക കെഎംസിസിക്കുണ്ടായിട്ടുള്ളത് . ആത്മാര്‍ത്ഥത കൈമുതലാക്കി ഏറ്റെടുത്ത ദൗത്യങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കുന്ന ഹംസ സലാം സേവന രംഗത്ത് വേറിട്ട വ്യക്തിത്വമായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.

ഹംസ സലാമിന്റെ വിയോഗം കെഎംസിസി പ്രസ്ഥാനത്തിന്ന് വന്‍ നഷ്ടമാണെന്ന് കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ് കുട്ടി , വര്‍ക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് , ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള , ചെയര്‍മാന്‍ ഇബ്രാഹിം മുഹമ്മദ് , കെഎംസിസി നേതാക്കളായ അഹമ്മദ് പാളയാട്ട്, അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, പാലോളി മുഹമ്മദലി, അരിമ്പ്ര അബൂബക്കര്‍, സി പി മുസ്തഫ , മുഹമ്മദ്കുട്ടി മാതാപുഴ , ബഷീര്‍ മൂന്നിയൂര്‍ , ഹാരിസ് കല്ലായി , അന്‍വര്‍ ചേരങ്കൈ , കരീം താമരശ്ശേരി, യു എ റഹീം , മുഹമ്മദ്കുട്ടി കോഡൂര്‍ , ആലിക്കുട്ടി ഒളവട്ടൂര്‍ , ജലീല്‍ തിരൂര്‍ , യു പി മുസ്തഫ , കബീര്‍ വൈലത്തൂര്‍, ഉസ്മാനാലി പാലത്തിങ്ങല്‍ , കെ പി മുഹമ്മദ്, തുടങ്ങി കെഎംസിസിയുടെ വിവിധ ഘടകങ്ങളുടെ നേതാക്കളും മക്ക കെഎംസിസിയുടെ നേതാക്കളും നൂറുകണക്കിന്ന് കെഎംസിസി പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി. കെഎംസിസിയുടെ എല്ലാ ഘടകങ്ങളിലും ഹംസ സലാമിന് വേണ്ടി മയ്യത്ത് നിസ്‌കാരവും പ്രാര്‍ത്ഥനയും സംഘടിപ്പിക്കാന്‍ നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

 

Test User: